നിർമിത ബുദ്ധി സുപ്രീം കോടതിയിലും; വാദങ്ങളുടെ തത്സമയ പകര്‍പ്പെഴുത്ത് ആരംഭിച്ചു

ന്യൂദല്‍ഹി- സുപ്രീംകോടതിയില്‍ ആദ്യമായി കോടതി നടപടികളുടെ തത്സമയ പകര്‍പ്പെഴുത്ത് (ലൈവ് ട്രാന്‍സ്‌ക്രിപ്ഷന്‍) ആരംഭിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റസിന്റെ സഹായത്തോടെയാണ് ലൈവ് ട്രാന്‍സ്‌ക്രിപ്ഷന്‍ നടക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാവിലെ പത്തര മുതല്‍ ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പര്‍ കോടതി മുറിയിലാണ് നടപടിക്രമങ്ങളുടെയും വാദങ്ങളുടെയും തത്സമയ പകര്‍പ്പെഴുത്ത് ആരംഭിച്ചത്. മഹാരാഷ്ട്രയിലെ ശിവസേന പക്ഷങ്ങളുടെ തര്‍ക്കം സംബന്ധിച്ച കേസാണ് ബെഞ്ച് പരിഗണിച്ചു കൊണ്ടിരുന്നത്.
    ഒന്നാം നമ്പര്‍ കോടതി മുറിയില്‍ തത്സമയം വാദ പ്രതിവാദങ്ങള്‍ എഴുതിക്കാണിക്കുന്ന സ്‌ക്രീന്‍ അഭിഭാഷകര്‍ക്ക് അഭിമുഖമായി പ്രദര്‍ശിപ്പിച്ചിരുന്നു. വാദങ്ങളുടെ പകര്‍പ്പ് പിന്നീട് സുപ്രീംകോടതിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. ഗവേഷകര്‍ക്കും നിയവിദ്യാര്‍ഥികള്‍ക്കും ഇതു വളരെയേറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.
ടെറസ് ലീഗല്‍ സര്‍വീസസ് എന്ന കമ്പനിയാണ് ലൈവ് ട്രാന്‍സ്‌ക്രിപ്ഷന്‍ നടത്തുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചതാണെന്നും പിന്നീട് ഇസ്ഥിരമാക്കുമെന്നും ലൈവ് ട്രാന്‍സ്‌ക്രിപ്ഷനെക്കുറിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിശദീകരിച്ചു. ഈ സൗകര്യം ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും നിയമ വിദ്യാര്‍ഥികള്‍ക്കും ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ലൈവ് ട്രാന്‍സ്‌ക്രിപ്ഷന്റെ ലിങ്ക് അഭിഭാഷകര്‍ക്ക് പരിശോധിക്കാനായി നല്‍കിയ ശേഷമായിരിക്കും സുപ്രീംകോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.
    

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News