Sorry, you need to enable JavaScript to visit this website.

നിര്‍ബന്ധിച്ച് ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ക്രൂരത, മറുപടി നല്‍കാതെ കേന്ദ്രം

ന്യൂദല്‍ഹി-നിര്‍ബന്ധിച്ച് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനെതിരേ നല്‍കിയ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി തേടി സുപ്രീംകോടതി. ബിഹാര്‍, ചത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട വനിതകളുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനെതിരേയാണ് ഹരജി. നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനോട് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല.
പരാതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനോടകം നടപടി സ്വീകരിച്ചുകഴിഞ്ഞു. ഇത്തരത്തില്‍ ക്രൂരമായ സംഭവം നടക്കുന്നുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷനും അന്വേഷിച്ചു സ്ഥിരീകരിച്ചു. ഇത് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച വിഷയം ആയതിനാല്‍ കേന്ദ്രത്തിന്റെ മറുപടി കൂടി അനിവാര്യമാണെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ ഇന്നലെ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയുടെ സഹായം ആവശ്യമാണെന്ന് നിര്‍ദേശിച്ച ചീഫ് ജസ്റ്റീസ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ മറുപടി സത്യവാംഗ്മൂലം നല്‍കണമെന്ന് നിര്‍ദേശിച്ചത്.
സ്വകാര്യ ആശുപത്രികളില്‍ അടക്കം മേല്‍പറഞ്ഞ സംസ്ഥാനങ്ങളില്‍ പാവപ്പെട്ട സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ തന്നെ ലംഘിച്ച് നിര്‍ബന്ധിതമായി ഗര്‍ഭപാത്രം നീക്കം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡോ. നരേന്ദ്ര ഗുപ്തയാണ് ഹരജി നല്‍കിയത്. രാജസ്ഥാനില്‍ മാത്രം ഒരു പ്രത്യേക കാലയളവില്‍ ഇത്തരത്തില്‍ 286 പേരുടെ ഗര്‍ഭപാത്രം നീക്കം ചെയ്‌തെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
വയര്‍ വേദനയും ആര്‍ത്തവ സംബന്ധമായ അവശതകളും കാരണം സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന പാവപ്പെട്ട വനിതകളെ നിര്‍ബന്ധിച്ചു ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രിക്രിയക്ക് വിധേയരാക്കുകയാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ലാഭം മാത്രം ലക്ഷ്യമിട്ടാണ് സ്വകാര്യ ആശുപത്രികള്‍ ഇങ്ങനെ ചെയ്യുന്നതെന്നും ആരോപിക്കുന്നു. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News