Sorry, you need to enable JavaScript to visit this website.

മനുഷ്യാവകാശ കമ്മീഷന് നഷ്ടപരിഹാരം നിർദേശിക്കാൻ അധികാരമുണ്ട് -കോടതി

കൊച്ചി-  മനുഷ്യാവകാശ ലംഘന കേസിൽ മനുഷ്യാവകാശ കമ്മീഷന് നഷ്ടപരിഹാരം നൽകണമെന്നു നിർദേശിക്കാൻ അധികാരമുണ്ടെന്നു ഹൈക്കോടതി.  ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് ഉത്തരവിട്ടത്.  വഴിയോര കച്ചവടക്കാരനെ ഒഴിപ്പിച്ചതിന് നഷ്ടപരിഹാരം നൽകണമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് ചോദ്യം ചെയ്ത് കോട്ടയം നഗരസഭ നൽകിയ ഹർജി തള്ളിയ ഉത്തരവിലാണ് കോടതി നിരീക്ഷണമുണ്ടായത്.
വഴിയോരത്ത് തുണി കച്ചവടം നടത്തിയിരുന്നയാളുടെ കടയിലെ തുണികൾ നഗരസഭാ ജീവനക്കാർ എടുത്തുകൊണ്ടു പോയി എന്നതായിരുന്നു കേസ്.
നോട്ടീസ് നൽകാതെയും മുൻകൂട്ടി അറിയിക്കാതെയും വഴിയോരത്ത് തുണി കച്ചവടം നടത്തിയിരുന്നയാളുടെ കടയിലെ തുണികൾ അദ്ദേഹം സ്ഥലത്തില്ലാത്തപ്പോൾ നഗരസഭാ ജീവനക്കാർ എടുത്തുകൊണ്ടു പോയി എന്നതായിരുന്നു കേസ്. സംഭവത്തിൽ 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. എന്നാൽ നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്യാൻ മാത്രമാണ് കമ്മിഷന് അധികാരമെന്നും പണം നൽകാൻ നിർദേശിക്കാനാവില്ലെന്നുമായിരുന്നു നഗരസഭയുടെ വാദം.  1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ സെക് ഷൻ 18 പ്രകാരം മനുഷ്യാവകാശ കമ്മിഷന് നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്യാൻ മാത്രമെ  അധികാരമുള്ളൂവെന്നും നഗരസഭ വാദമുന്നയിച്ചു.


2014-ലെ തെരുവ് കച്ചവടക്കാരുടെ (ഉപജീവന സംരക്ഷണവും തെരുവ് കച്ചവട നിയന്ത്രണവും) നിയമപ്രകാരമുള്ള കുടിയൊഴിപ്പിക്കലിൽ നിന്നുള്ള സംരക്ഷണത്തിന് അർഹതയുണ്ടെന്ന് കച്ചവടക്കാരന് വേണ്ടി ഹാജരായ അഭിഭാഷകനും വാദമുന്നയിച്ചു. മുൻകൂട്ടി നോട്ടീസ് നൽകാതെയുള്ള കുടിയൊഴിപ്പിക്കൽ സെക്രട്ടറിയുടെ വിവേചനാധികാരത്തിൽ അധിഷ്ടിതമാണെങ്കിലും ഇക്കാര്യത്തിൽ ന്യായീകരണം ഉണ്ടാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.  കച്ചവടക്കാരന്റെ ഉപജീവനത്തിനുള്ള അവകാശം നിഷേധിക്കുകയാണുണ്ടായതെന്നും കോടതി ചൂണ്ടികാട്ടി.
കടയുടെ സമീപത്ത് സ്ഥാപിച്ച മാലിന്യ കൂമ്പാരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നഗരസഭയിലെ ശുചീകരണ തൊഴിലാളിയുമായി തർക്കത്തിലേർപ്പെട്ടിരുന്നുവെന്നും പിന്നീട് മരുന്ന് വാങ്ങാനായി പുറത്ത് പോയ സമയത്ത് മുനിസിപ്പാലിറ്റിയിലെ പതിനഞ്ചോളം ജീവനക്കാർ എത്തി കടയിലെ തുണികൾ മാലിന്യം ശേഖരിക്കുന്ന വാഹനത്തിൽ കയറ്റി കൊണ്ടു പോയെന്നുമാണ് പരാതി. ഇത് തന്റെ ഉപജീവന മാർഗത്തെ ബാധിച്ചു. വായ്പ തിരിച്ചടയ്ക്കാൻ തനിക്ക് കഴിയുന്നില്ലെന്നും 2,34,000 രൂപയുടെ നഷ്ടം ഉണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. തുടർന്നാണ് 50,000 രൂപ നഷ്ടപരിഹാരത്തിന് കമ്മീഷൻ ഉത്തരവിട്ടത്.

Latest News