വിവാഹമോചനം നടത്തിയാല്‍ ജയിലില്‍ പോകണമോ.. മുത്തലാഖ് വിഷയത്തില്‍ പിണറായി

കാസര്‍കോട്- മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാഹമോചനം നടത്തിയാല്‍ ഒരു വിഭാഗം മാത്രം ജയിലില്‍ പോകണമെന്ന നിയമം തെറ്റാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

'ഒരു മതവിശ്വാസിക്ക് ഒരു നിയമം, മറ്റൊരു മതവിശ്വാസിക്ക് മറ്റൊരുനിയമം എന്നതാണ് രാജ്യത്തുള്ളത്. അതാണ് മുത്തലാഖില്‍ കണ്ടത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയല്ലോ?. വിവാഹ മോചനം എല്ലാ വിഭാഗത്തിലും നടക്കുന്നുണ്ടല്ലോ?. അതെല്ലാം സിവിലായിട്ടാണല്ലോ കൈകാര്യം ചെയ്യുന്നത്. മുസ്‌ലിമിന് മാത്രം അത് എങ്ങനെ ക്രിമിനല്‍ കുറ്റമാകും' പിണറായി വിജയന്‍ ചോദിച്ചു.

'ഇന്ന മതത്തില്‍ ജനിച്ചതുകൊണ്ടാണോ നമുക്ക് പൗരത്വം ലഭിച്ചത്. ഈ മണ്ണിന്റെ സന്തതികളായതുകൊണ്ടാണ് പൗരത്വം ലഭിച്ചത്. കേന്ദ്രം മറയില്ലാതെ വര്‍ഗീയ നിലപാട് സ്വീകരിക്കുകയാണ്. രാജ്യത്തെ വൈവിധ്യങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഫെഡറല്‍ സംവിധാനം തര്‍ക്കാന്‍ നീക്കം നടത്തിക്കൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കാന്‍ അനുവദിക്കിക്കില്ല. ഭരണഘടന അനുസൃതമായ തീരുമാനങ്ങളെ നടപ്പാക്കൂ. ഭാവിയിലും ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകില്ല' പിണറായി വിജയന്‍ പറഞ്ഞു.

ആര്‍.എസ്.എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചര്‍ച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെയോ ജമാഅത്തെ ഇസ്ലാമിയുടെയോ മാത്രം ബുദ്ധിയില്‍ ഉദിച്ചതല്ല. ഈ ചര്‍ച്ചയില്‍ കോണ്‍ഗ്രസ്-ലീഗ് -വെല്‍ഫെയര്‍ പാര്‍ട്ടി ത്രയത്തിന് പങ്കുണ്ടോ എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിലെ ഒരു വിഭാഗം ആര്‍.എസ്.എസിനോട് മൃദു നിലപാട് സ്വീകരിക്കുന്നവരാണ്. ലീഗിലെ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയോടും. വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തില്‍ കോണ്‍ഗ്രസിന്റേയും ലീഗിന്റെയും കൂടെ അണിനിരന്നവരാണ്. അവര്‍ തമ്മില്‍ ഒരു പ്രത്യേക കെമിസ്ട്രി രൂപപ്പെട്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥാ ക്യാപ്റ്റന് പതാക കൈമാറി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ ബിജു മാനേജരായ ജാഥയില്‍ കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. സ്വരാജ്, ജെയ്ക് സി തോമസ്, കെ.ടി ജലീല്‍ എം.എല്‍.എ എന്നിവര്‍ സ്ഥിരാംഗങ്ങളാണ്.

 

Latest News