കോഴിക്കോട് - അംഗങ്ങളില്‍ 51 ശതമാനം സ്ത്രീകളാണെങ്കിലും അവരെ പാര്‍ട്ടിയുടെ ഭാരവാഹികളാക്കില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. സംസ്ഥാന പ്രവര്‍ത്ത സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
വനിതകള്‍ക്കായി വനിതാ ലീഗ് ഉണ്ട്. പാര്‍ട്ടിയുടെ 21 അംഗ സംസ്ഥാന സെക്രട്ടറിയറ്റില്‍ വനിതകളുണ്ടാകും. സംസ്ഥാന പ്രവര്‍ത്തക സമിതിയിലും പ്രാതിനിധ്യം നല്‍കും. ഭാരവാഹികളാക്കണമെന്ന് വനിതകള്‍ ആവശ്യപ്പെട്ടിട്ടില്ല.
രണ്ടര ലക്ഷം പുതിയ അംഗങ്ങള്‍ പാര്‍ട്ടിക്ക് ഉണ്ടായി. ഇതില്‍ 61 ശതമാനം 35 വയസില്‍ താഴെയുള്ളവരാണ്. ഡിജിറ്റലായി അംഗത്വവിതരണം പൂര്‍ത്തിയാക്കിയ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ് ലീഗ്. ശാഖ, പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികള്‍ വന്നു കഴിഞ്ഞു. ഫെബ്രുവരി 28 നകം ജില്ലാ കമ്മിറ്റികള്‍ വരും. മാര്‍ച്ച് നാലിന് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കും. നവമ്പറില്‍ തുടങ്ങി മാര്‍ച്ചില്‍ സമയബന്ധിതമായി അംഗത്വ വിതരണ പ്രക്രിയ പൂര്‍ത്തിയാക്കി.
സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കണമെന്ന നിര്‍ദ്ദേശമാണ് കീഴ്ഘഘടകങ്ങള്‍ക്ക് നല്‍കിയത്. അദ്ദേഹം പറഞ്ഞു.






