ന്യൂദല്‍ഹി- വ്യായാമത്തോടൊപ്പം അമിതമായി ജിം സപ്ലിമെന്റുകള്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. അമിതമായി പ്രോട്ടീന്‍ പൗഡറും മറ്റും കഴിച്ച 22 കാരനെ ഓക്‌സിജന്‍ ലെവല്‍ കുത്തനെ കുറഞ്ഞ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ അനുഭവമാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.
ജിമ്മിലെ വര്‍ക്കൗട്ടിന്റെ ഫലം പെട്ടെന്ന് കിട്ടുന്നതിന് ഈ യുവാവ് ധാരാളം
പ്രോട്ടീന്‍ പൗഡറും ജിം സപ്ലിമെന്റുകളും തുടര്‍ച്ചയായി കഴിച്ചിരുന്നു. ഓക്‌സിജന്റെ അളവ് വളരെ താഴ്ന്ന നിലയിലായതിനെ തുടര്‍ന്നാണ് ദല്‍ഹിയിലെ പിഎസ്ആര്‍ഐ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് യുവാവ് രക്ഷപ്പെട്ടത്.
മസ്തിഷ്‌കം പ്രവര്‍ത്തനരഹിതമാക്കുകയും സ്ഥിരമായ വൈകല്യത്തിന് പോലും കാരണമായേക്കാവുന്ന രോഗാവസ്ഥയായിരുന്നു യുവാവിനെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ക്രിയാറ്റിന്‍ ഫോസ്‌ഫോകിനേസ് പോലുള്ള ഉയര്‍ന്ന അളവിലുള്ള പേശി എന്‍സൈമുകള്‍ ശരീരത്തിലെത്തിയതിനെ തുടര്‍ന്നാണ് യുവാവ് ഗുരുതരാവസ്ഥയിലായത്.
കാല്‍സ്യത്തിന്റെ അളവ് കുറവാണെന്നും കണ്ടെത്തിയിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പേശികള്‍ക്ക് തകരാര്‍ ഉണ്ടാക്കുന്നതിന് പുറമെ ഹൃദയാഘാതത്തിനും ബോധം നഷ്ടപ്പെടുന്നതിനും കാരണമാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ജിം സപ്ലിമെന്റുകള്‍ കഴിക്കുന്നവര്‍ കൃത്യമായ മാര്‍ഗനിര്‍ദേശം പാലിക്കണമെന്നാണ് ഡോകര്‍മാര്‍ നിര്‍ദേശിക്കുന്നത്.
തലവേദന, ഉത്കണ്ഠ, നെഞ്ച് വേദന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മലബന്ധം തുടങ്ങിയവ ജിം സപ്ലിമെന്റുകളുടെ അമിത ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങളാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കൃത്യമായ ചികിത്സ നല്‍കിയതിനാലാണ് യുവാവിനെ നാഡീസംബന്ധമായ ഗുരുതര പ്രശ്‌നങ്ങളില്ലാതെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിച്ചത്.