Sorry, you need to enable JavaScript to visit this website.

ജസ്‌നയുടെ തിരോധാനത്തെക്കുറിച്ചുള്ള പോക്‌സോ തടവുകാരന്റെ മൊഴി കള്ളമെന്ന് സി ബി ഐ

തിരുവനന്തപുരം: ജസ്‌ന തിരോധാനത്തെക്കുറിച്ച് തന്റെ സഹതടവുകാരനായ ആള്‍ക്ക് അറിമാമെന്ന  പോക്‌സോ കേസിലെ  പ്രതിയുടെ മൊഴി കളവാണെന്ന് സി ബി ഐ. മൊഴി നല്‍കിയ തടവുകാരനെ സി ബി ഐ ചോദ്യം ചെയതിരുന്നു. മൊഴിയില്‍ യാതൊരു ആധികാരികതയുമില്ലെന്നാണ് കണ്ടെത്തിയത്. ഇതോടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം സി ബി ഐ തല്‍ക്കാലം നിര്‍ത്തി. മോഷണ കേസില്‍ പുറത്തിറങ്ങിയ പത്തനംതിട്ട സ്വദേശിക്കാണ് വിവരങ്ങള്‍ അറിയാവുന്നതെന്നാണ് പോക്സോ കേസിലെ തടവുകാരന്‍ പറഞ്ഞിരുന്നത്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിനിക്സ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായിരുന്ന വെച്ചൂച്ചിറ സ്വദേശിനി ജെസ്നയെ (20) 2018 മാര്‍ച്ച് 22 നാണ് കാണാതായത്. തിരോധാനം നടന്നിട്ട് അഞ്ച് വര്‍ഷമാകാറായെങ്കിലും  അന്വേഷണം എങ്ങുമെത്തിയില്ല. വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്ന. സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നു ഇവരുടേത്. മലയോര മേഖലയായ കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള വീട്ടില്‍ നിന്ന് 2018 മാര്‍ച്ച് 22ന് രാവിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്‌ന പിന്നെ എവിടെ പോയി എന്ന് ആര്‍ക്കുമറിയില്ല.

കാണാതായ അന്നു രാത്രി തന്നെ ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനിലും പിന്നീട് വെച്ചുച്ചിറ പൊലീസിലും പരാതി നല്‍കി. പഠിക്കാനുള്ള പുസ്തകങ്ങള്‍ അല്ലാതെ മറ്റൊന്നും ജെസ്ന കൈയില്‍ കരുതിയിട്ടില്ലായിരുന്നു. വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ മൂന്നര കിലോമീറ്റര്‍ അകലെയുള്ള മുക്കൂട്ടുതറയിലെത്തുകയും അവിടെ നിന്ന് മുണ്ടക്കയത്തേക്കുള്ള ബസില്‍ കയറിയതുമാണ് പൊലീസിന് ലഭിച്ച ഏക തെളിവ്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐ ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. ജെസ്നയുടെ വാട്സ്ആപ്പും മൊബൈല്‍ ഫോണുമൊക്കെ പൊലീസ് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ബെംഗളൂരു, മംഗലാപുരം, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോണ്‍ കോളുകള്‍ പരിശോധിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ വിവരശേഖരണപ്പെട്ടി സ്ഥാപിക്കുകയും എന്തെങ്കിലും വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് ഡി ജി പി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. അന്വേഷണപുരോഗതിയില്ലെന്നു കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സി ബി ഐക്ക് കൈമാറാന്‍ ഉത്തരവിടുന്നത്. 2021 ഫെബ്രൂവരിയിലായിരുന്നു കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ രണ്ടു വര്‍ഷത്തോളമായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. ജസ്ന സിറിയയിലേക്ക് കടന്നുവെന്നും ഐ.എസ് ഭീകര ക്യാമ്പിലെത്തിയെന്നും അടക്കമുള്ള പല പ്രചാരണങ്ങളുണ്ടായി. പലയിടത്തും ജസ്നയെ കണ്ടതായി വിവരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഇതെല്ലാം തെറ്റാണെന്ന് സി ബി ഐ അന്വേഷണത്തില്‍ ബോധ്യമായിരുന്നു. അതിനിടയിലാണ്  ജയിലില്‍ കഴിയുന്ന തടവുകാരന്റെ വെളിപ്പെടുത്തല്‍ വന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News