VIDEO - വനിതാ ലീഗിന്റെ സ്റ്റേജിൽ പുരുഷ ലീഗിന് എന്താണ് കാര്യം; ആഞ്ഞടിച്ച് ഷാജി വീണ്ടും 

മുസ്ലിം ലീഗ് വേദികളിൽ തീപ്പൊരിയാണ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പതിവിൽനിന്ന് വ്യത്യസ്തമായി കെ.എം ഷാജിയുടെ പ്രസംഗം ഓരോ ദിവസവും കേരളത്തിന്റെ മുക്കുമൂലകളിൽ പ്രത്യേകിച്ച് ലീഗിന് സ്വാധീനമുള്ള സ്ഥലങ്ങളില്ലെല്ലാം നടക്കുന്നുണ്ട്. ഭാരവാഹി തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുതിയ കമ്മിറ്റി രൂപീകരണത്തിന് ശേഷമാണ് മിക്ക പഞ്ചായത്തുകളിലും ലീഗ് സമ്മേളനങ്ങൾ നടക്കുന്നത്. ഇതിന് പുറമെ ചില ജില്ലകളിലും ഭാരവാഹി രൂപീകരണത്തിന് ശേഷം സമ്മേളനങ്ങൾ നടക്കുന്നുണ്ട്. എല്ലാ വേദികളിലും സൂപ്പർ സ്റ്റാറായി തിളങ്ങുന്നത് കെ.എം ഷാജിയാണ്. ഷാജിയുടെ സൗകര്യം അനുസരിച്ചാണ് പഞ്ചായത്ത് മുതൽ ജില്ല വരെയുള്ള സമ്മേളനങ്ങളുടെ തിയതി നിശ്ചയിക്കുന്നത്. 

ഒരു മണിക്കൂറോളം ലീഗ് വേദികളിൽ കെ.എം ഷാജിയുടെ കത്തിക്കയറലാണ്. രാഷ്ട്രീയ എതിരാളികളെ തലങ്ങും വിലങ്ങും അക്രമിച്ചാണ് ഷാജിയുടെ പ്രസംഗം മുന്നോട്ടുപോകുക. ഏറ്റവും കൂടുതൽ ആക്രമണത്തിന് ഇരയാകുന്നത് സി.പി.എമ്മും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമാണ്. മുഖ്യമന്ത്രിക്കെതിരെ നേരത്തെ തന്നെ ഷാജി അതിരൂക്ഷമായ ആക്രമണങ്ങളാണ് അഴിച്ചുവിടാറുള്ളത്. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രിയുടെ യാത്രക്ക് ഏർപ്പെടുത്തുന്ന സുരക്ഷ സംബന്ധിച്ച ചോദ്യം ഷാജി ഉന്നയിച്ചിരുന്നു. ഇത് എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്രയധികം സുരക്ഷ എന്ന് ചോദിച്ച ഷാജി മുഖ്യമന്ത്രിയെ ആരെങ്കിലും വെടിവെച്ചുകൊല്ലുമോ എന്നും പരിഹസിച്ചു. മുഖ്യമന്ത്രിയെ വെടിവെച്ചാൽ ആ ഉണ്ട വെറുതെയാകും. ഇനി ആരെങ്കിലും അങ്ങിനെ ചെയ്താൽ അത് സി.പി.എമ്മിനകത്ത് തന്നെയുള്ളവരാകുമെന്നും ഷാജി പറഞ്ഞു. എതിരാളികൾ എന്തായാലും പിണറായിയുടെ അന്ത്യം ആഗ്രഹിക്കില്ല. പിണറായി എത്ര കാലം കേരളം ഭരിക്കുന്നുവോ അത്രയും സി.പി.എമ്മിന്റെ പതനം സംഭവിക്കുമെന്നും ഷാജി പറഞ്ഞു. 

എന്നാൽ ഇപ്പോൾ ഷാജിയുടെ വൈറലാകുന്ന ഒരു പ്രസംഗം മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സമ്മേളനത്തിൽ നിന്നുള്ളതാണ്. നേതാക്കളുടെ സ്ഥാനമോഹത്തെയും സ്‌റ്റേജ് പ്രണയത്തെയുമാണ് ഷാജി കീറിമുറിച്ചത്. 
എല്ലാവരും ആഗ്രഹിച്ചിട്ടാണ് സ്ഥാനം ലഭിച്ചതെന്നും മുൾക്കിരീടമാണ് അണിയുന്നത് എന്നുമുള്ള വാചകം ശുദ്ധ കള്ളമാണെന്നും പലജാതി പണികളും എടുത്താണ് സ്ഥാനം ലഭിച്ചതെന്നും ഷാജി പറഞ്ഞു. സ്ഥാനം മോഹിക്കാത്തവർ ആരുമില്ല. മുൾക്കിരീടമാണ് കിട്ടിയത് എങ്കിൽ അത് എത്രയും വേഗം അഴിച്ചുവെച്ച് മറ്റുള്ളവർക്ക് കൈമാറണം. കിരീടം ഏറ്റെടുക്കാൻ നിരവധി പേരുണ്ട്. സ്ഥാനം ലഭിക്കാൻ വേണ്ടി ഗൾഫിൽനിന്ന് അവധിയെടുത്ത് നാട്ടിലെത്തിയവർ വരെയുണ്ടെന്നും ഷാജി കളിയാക്കി. 
സദസ്സിൽ ഉള്ളതിനേക്കാൾ കൂടുതൽ ആളുകളാണ് സ്റ്റേജിൽ നിൽക്കുന്നത്. ഇതെന്തുകൊണ്ടാണ്. കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ അധ്യക്ഷൻ സ്റ്റേജിന്റെ ഏറ്റവും പിറകിലാണ്. ഞാൻ അയാളോട് മുന്നിൽ വരാൻ പറഞ്ഞു എന്റെ ഇരിപ്പിടം ഒഴിഞ്ഞു കൊടുത്തു. എന്നാൽ, മുഖ്യാതിഥിയായ എനിക്ക് ഇരിക്കാൻ സ്ഥലം ലഭിച്ചില്ല. ഒരാൾ പോലും അവിടെനിന്ന് മാറിയില്ല. ഞാൻ പിന്നീട് പിറകിൽ പോയിരുന്നു. ഇതാണ് അവസ്ഥ.
വനിതാ ലീഗിന്റെ പൊതുസമ്മേളനങ്ങളിൽ ഒരൊറ്റ വനിത സ്റ്റേജിൽ ഉണ്ടാകില്ല. അവിടെ ആണുങ്ങൾക്ക് സ്റ്റേജിൽ പോയി ഇരിക്കേണ്ട എന്ത് ആവശ്യമാണുള്ളത്. വനിതാ ലീഗിന്റെ വേദിയിൽ ആണുങ്ങൾ ഇരിക്കുന്നത് കണ്ട് ലോകം മുഴുവൻ ചിരിക്കുകയാണ്. ആ ചിത്രം പത്രത്തിൽ വന്നതുകൊണ്ട് സന്തോഷിക്കുന്നത് സ്‌റ്റേജിൽ ഇരിക്കുന്നവർ മാത്രമായിരിക്കും. ഈ ചിത്രം കണ്ട് ലോകത്തുള്ള മറ്റുള്ളവരെല്ലാം ചിരിക്കുകയാണ് ചെയ്യുക. സമ്മേളനം തുടങ്ങുന്ന സമയത്ത് നേതാക്കള്‍ മുന്നിലുണ്ടാകും. പിന്നെ അവരെ കാണില്ല. അവിടെ ആളുകള്‍ ഇടിച്ചുകയറിയിട്ടുണ്ടാകും. തെരഞ്ഞെടുപ്പിന്‍റെ തലേന്ന് കോളനി പിടിച്ചെടുക്കലല്ല രാഷ്ട്രീയ പ്രവര്‍ത്തനം. അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആവശ്യമായത് ചെയ്യണമെന്നും ഷാജി പറഞ്ഞു. 

മുസ്ലിം ലീഗിന്റെ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഷാജിയുടെ ഈ പ്രസംഗം വൈറലാണ്.
 

Latest News