ഈ ഗതി ആര്‍ക്കും വരാം, ജയിലില്‍ പോകാനും തയ്യാര്‍; വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് ജയമോന്‍

കോട്ടയം :  കോട്ടയം ജില്ലയിലെ കുറിച്ചി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ താമസക്കാരനായ എം.ബി ജയമോന്‍ ഒരു വലിയ യുദ്ധത്തിലാണ്. അമനസ്സറിയാത്ത കാര്യത്തിന്റെ പേരില്‍ തന്നെ തെറ്റുകാരനാക്കിയ അധികാരികള്‍ക്കെതിരെയാണ് ജയമോന്റെ യുദ്ധം. വിട്ടുകൊടുത്താന്‍ ആര്‍ക്കും ഈ ഗതി വരാം. അതുകൊണ്ട് തന്നെ ജയിലില്‍ പോകേണ്ടി വന്നാലും വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് ജയമോന്‍ പറയുന്നു. ജയമോന്‍ താമസിക്കുന്നതിന്റെ തൊട്ടടുത്ത പഞ്ചായത്തായ പനിച്ചിക്കാട് പഞ്ചായത്തിലെ പൂവന്‍ തുരുത്ത് പ്രദേശത്തെ മാലിന്യ കൂമ്പാരത്തില്‍ നിന്ന് ജയമോന്റെ പേരും അഡ്രസും ഉള്ള ഒരു കടലാസ് കഷണം കിട്ടിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ കടലാസു കഷണം കിട്ടിയതിന്റെ പേരില്‍ മാലിന്യം മുഴുവന്‍ തള്ളിയത് ജയമോനാണെന്ന് പറഞ്ഞ് പതിനായിരം രൂപ പഴിയടക്കാന്‍ നോട്ടീസ്  നല്‍കിയിരിക്കുകയാണ് പനച്ചിക്കാട് പഞ്ചായത്ത് അധികൃതര്‍. അലക്ഷ്യമായി മാലിന്യം തള്ളിയതിന്റെ പേരിലാണ് നടപടി.
എന്നാല്‍ തനിക്ക് ഇതേക്കുറിച്ച് യാതൊന്നും അറിയില്ലെന്നും താനല്ല മാലിന്യം തള്ളിയതെന്നും പറഞ്ഞ് പല തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും യാതൊരു ഫലവുണ്ടായിട്ടില്ല. ജയമോന്‍ മാലിന്യം തള്ളിയതിന് സാക്ഷികള്‍ ആരുമില്ല, ഒരു തെളിവുമില്ല, ആകെയുള്ളത് മാലിന്യത്തില്‍ നിന്ന് കിട്ടിയ ജയമോന്റെ പേരും മേല്‍വിലാസവും അടങ്ങിയ ഒരു തുണ്ട് കടലാസ് മാത്രം.

ജയമോന്റെ കുറിച്ചിയിലെ ഈ വീട്ടില്‍ നിന്ന് പതിനഞ്ച് കിലോ മീറ്റര്‍ അകലെയാണ് പനച്ചിക്കാട് പഞ്ചായത്തിലെ ഇരുപതാം വാര്‍ഡായ പൂവന്‍ തുരുത്ത് എന്ന സ്ഥലം. ഇത്രയും ദൂരം പോയി മാലിന്യം തള്ളേണ്ട ആവശ്യം തനിക്കില്ലെന്ന് ജയമോന്‍ പറയുന്നു. മാത്രമല്ല, വീട്ടിലെ മാലിന്യം എല്ലാ മാസവും പണം നല്‍കി ഹരിത കര്‍മ്മ സേന കൊണ്ടുപോകുന്നതിന്റെ രേഖകളും ജയമോന്റെ കൈയ്യിലുണ്ട്. താന്‍ മാലിന്യം കൊണ്ടുപോയത് പ്രദേശത്തെ എതെങ്കിലും സിസിടിവി ദൃശ്യങ്ങളിലുണ്ടോയെന്നും ജയമോന്‍ പഞ്ചായത്ത് അധികൃതരോട് ചോദിക്കുന്നു. ഇതിനൊന്നും ഉദ്യോഗസ്ഥര്‍ക്ക് മറുപടിയില്ല, മറിച്ച് പിഴ അടച്ചില്ലെങ്കില്‍ പ്രോസിക്യൂട്ട് ചെയ്യുമെന്നാണ് അധികൃതരുടെ ഭീഷണി. അങ്ങനെയെങ്കില്‍ ചെയ്യാത്ത തെറ്റിന് ജയിലില്‍ പോകാന്‍ പോലും താന്‍ തയ്യാറാണെന്നും പിഴ അടയ്ക്കുന്ന പ്രശ്‌നമില്ലെന്നും ജയമോനും പറയുന്നു. ഏതായാലും പ്രശ്‌നം കൂടുതല്‍ വഷളാകുകയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News