തെലുങ്ക് നടന്‍ നന്ദമുരി  താരകരത്‌ന അന്തരിച്ചു

ബെംഗളൂരു- തെലുങ്ക് നടനും ടിഡിപി നേതാവുമായ നന്ദമുരി താരകരത്‌ന (40) അന്തരിച്ചു. ടിഡിപി ജനറല്‍ സെക്രട്ടറി നാരാ ലോകേഷിന്റെ യുവഗലം യാത്രയുടെ ഉദ്ഘാടനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ബെംഗളുരുവില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ 23 ദിവസമായി ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
തെലുങ്ക് ഇതിഹാസതാരവും മുന്‍ ആന്ധ്ര മുഖ്യമന്ത്രിയുമായ എന്‍ടിആറിന്റെ പേരമകനാണ് താരകരത്‌ന. അച്ഛന്‍ നന്ദമുരി മോഹന്‍ കൃഷ്ണ തെലുങ്ക് സിനിമാ മേഖലയിലെ പ്രശസ്ത ഛായാഗ്രഹകനായിരുന്നു. നായകനായും വില്ലനായും തെലുങ്ക് സിനിമകളില്‍ സജീവമായിരുന്നു താരകരത്‌ന. ബന്ധു കൂടിയായ നാരാ ലോകേഷിന്റെ യുവഗലം എന്ന തെരഞ്ഞെടുപ്പ് പ്രചാരണയാത്രയുടെ ഉദ്ഘാടനത്തിനിടെ ജനുവരി 27-ന് ആണ് ആന്ധ്രയിലെ ചിറ്റൂരില്‍ വച്ച് താരകരത്‌ന കുഴഞ്ഞുവീണത്. തൊട്ടടുത്ത ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് അന്ന് രാത്രി തന്നെ ബെംഗളൂരുവിലെ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയാക് സയന്‍സസില്‍ (നാരായണ ഹൃദയാലയ) വിദഗ്ധ ചികിത്സയ്ക്കായി താരകരത്‌നയെ മാറ്റി. ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി അടക്കമുള്ള ചികിത്സകള്‍ നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. വീണ്ടും ഹൃദയാഘാതമുണ്ടായതോടെ ജീവന്‍ രക്ഷിക്കാനായില്ല. അലേഖ്യ റെഡ്ഡിയാണ് താരകരത്‌നയുടെ ഭാര്യ. ഒരു മകളുണ്ട്.
40-ാം ജന്മദിനത്തിന് നാല് ദിവസം മാത്രം ശേഷിക്കെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. അദ്ദേഹത്തിന്റെ ബന്ധുവും നടനുമായ ജൂനിയര്‍ എന്‍ടിആര്‍, നന്ദമുരി ബാലകൃഷ്ണ, നന്ദമുരി കല്യാണ്‍ റാം എന്നിവരുള്‍പ്പെടെ നന്ദമുരി കുടുംബത്തിലെ അംഗങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. നിരവധി ടോളിവുഡ് താരങ്ങള്‍ താരക രത്നയുടെ അകാല വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Latest News