Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നേതാക്കളുടെ ബന്ധുക്കള്‍ ജോലികള്‍ തട്ടിയെടുക്കുന്നതിനെതിരെ സി.പി.എം തെറ്റുതിരുത്തല്‍ രേഖ

തിരുവനന്തപുരം - നേതാക്കളുടെ ബന്ധുക്കള്‍ ജോലി നേടുന്ന രീതി പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന് സി.പി.എം തെറ്റ് തിരുത്തല്‍ രേഖയില്‍ വിമര്‍ശം. തുടര്‍ഭരണം ലഭിച്ചതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കാമെന്ന മനോഭാവം ശരിയല്ലെന്ന സ്വയം വിമര്‍ശവും തെറ്റ് തിരുത്തല്‍ രേഖ മുന്നോട്ടുവെക്കുന്നു.
നേതാക്കള്‍ തങ്ങളുടെ ബന്ധുക്കള്‍ക്ക് ജോലി വാങ്ങിക്കൊടുക്കുന്നത് അവകാശമല്ല. അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ പാര്‍ട്ടി നേതാക്കള്‍ തട്ടിയെടുത്തെന്ന വികാരമുണ്ടാക്കുന്നു. പാര്‍ട്ടിയും ജനങ്ങളും തമ്മില്‍ അകല്‍ച്ചക്കിത് കാരണമാകുമെന്നും രേഖ ഓര്‍മിപ്പിക്കുന്നു.
ഉത്തരവാദപ്പെട്ട ഘടകങ്ങളിലെത്തിയാല്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ജോലി വാങ്ങികൊടുക്കുകയെന്നത് ചിലര്‍ അവകാശമായി കാണുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയും തെറ്റുതിരുത്തല്‍ രേഖ നിര്‍ദേശിക്കുന്നുണ്ട്. സംഘടനാപരവും രാഷ്ട്രീയവുമായ അടിയന്തര തെറ്റ് തിരുത്തല്‍ നിര്‍ദേശിക്കുന്ന രേഖക്ക് കഴിഞ്ഞ ഡിസംബര്‍ 20, 21 തീയതികളില്‍ ചേര്‍ന്ന സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗമാണ് അംഗീകാരം നല്‍കിയത്. ബന്ധു നിയമന വിവാദം സര്‍ക്കാറിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുന്നതിനിടെയാണ് തെറ്റു തിരുത്തല്‍ രേഖക്ക് പാര്‍ട്ടി നേതൃത്വം അംഗീകാരം നല്‍കുന്നുവെന്നത് ശ്രദ്ധേയമാണ്. തെറ്റുതിരുത്തല്‍ രേഖക്ക് അംഗീകാരം നല്‍കിയ യോഗത്തിലാണ് കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് പി.ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ ആരോപണമുന്നയിച്ചത്.
നേതാക്കളുടെ അടുത്ത ബന്ധുക്കളുള്‍പ്പെട്ട നിയമന വിവാദങ്ങള്‍ മുതല്‍ തിരുവനന്തപുരം നഗരസഭയില്‍ കരാര്‍ നിയമത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട കത്ത് പുറത്തുവന്ന സംഭവമുള്‍പ്പെടെ സി.പി.എമ്മിനും സര്‍ക്കാറിനുമെതിരെ വന്‍ പ്രതിഷേധത്തിനിടയിക്കിയിരുന്നു. തുടര്‍ഭരണം ലഭിച്ച സാഹചര്യം മുതലെടുത്ത് ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
ഇത്തരം പ്രവണതകള്‍ തിരുത്തി യുവ കേഡര്‍മാരെ വളര്‍ത്തിയെടുക്കാനുള്ള ബാധ്യത ഏറ്റെടുക്കണമെന്നും സംഘടനാരംഗത്ത് ഏറ്റെടുക്കേണ്ട അടിയന്തര കടമകള്‍ എന്ന തലക്കെട്ടില്‍ തയാറാക്കിയ തെറ്റ് തിരുത്തല്‍ രേഖ വ്യക്തമാക്കുന്നു.

 

Latest News