സൗദി രാജകുമാരന്‍ ചമഞ്ഞ്  തട്ടിപ്പ്; യു.എസില്‍ വിചാരണ തുടങ്ങി 

റിയാദ് - സൗദി രാജകുമാരന്‍ ചമഞ്ഞ് നിക്ഷേപകരെ കബളിപ്പിച്ച് ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്ത അമേരിക്കക്കാരന്‍ ആന്റണി ഗിഗ്‌നാകിന്റെ കേസില്‍ അമേരിക്കയിലെ മിയാമി ഫെഡറല്‍ കോടതിയില്‍ വിചാരണ ആരംഭിച്ചു. 
നയതന്ത്ര നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ച ഫെറാരി കാറില്‍ വിലപിടിച്ച വസ്ത്രങ്ങള്‍ ധരിച്ച് നടന്നാണ് താന്‍ സൗദി രാജകുമാരനാണെന്നും പിതാവിനു വേണ്ടി വന്‍ നിക്ഷേപം നടത്തുന്നതിന് ആഗ്രഹിക്കുന്നതായും അറിയിച്ച് ആന്റണി തട്ടിപ്പുകള്‍ നടത്തിയിരുന്നത്. 
കോടതിയില്‍ കുറ്റസമ്മതം നടത്തിയ പ്രതിക്ക് പത്തു വര്‍ഷം തടവ് ശിക്ഷ ലഭിക്കുമെന്നാണ് കരുതുന്നത്. ആന്റണിയും പങ്കാളികളും ചേര്‍ന്ന് രണ്ടു വര്‍ഷത്തിനിടെ 26 പേരില്‍ നിന്നായി 80 ലക്ഷം ഡോളറാണ് തട്ടിയെടുത്തത്. 
ആന്റണി ഗിഗ്‌നാകും പങ്കാളികളും ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഇവര്‍ റോള്‍സ് റോയ്‌സ് കാറുകളും റോളക്‌സ് വാച്ചുകളും ആഭരണങ്ങളും ഫിഷര്‍ ഐലന്റില്‍ ഫഌറ്റും വാങ്ങിയിരുന്നു. തനിക്ക് നയതന്ത്ര പരിരക്ഷയുണ്ടെന്ന് മറ്റുള്ളവരെ വ്യാജമായി ബോധിപ്പിച്ച് വിലപിടിച്ച ആഭരണങ്ങളും സമ്മാനങ്ങളും പെയിന്റിംഗുകളും മറ്റും നേടിയ മുഖ്യപ്രതി കൊളംബിയയിലാണ് ജനിച്ചത്. സൗത്ത് ഫ്‌ളോറിഡയിലും അമേരിക്കയിലെ മറ്റിടങ്ങളിലും ജീവിച്ച പ്രതിയെ വ്യാജ പാസ്‌പോര്‍ട്ടില്‍ ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കില്‍ ഇറങ്ങിയപ്പോഴാണ് നവംബറില്‍ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്. ആയിരക്കണക്കിന് ഡോളറും വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകളും അനധികൃത ക്രെഡിറ്റ് കാര്‍ഡുകളും സൗദി രാജകുമാരന്റെ പേരിലുള്ള രേഖകളും പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. വില്യംസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ നിക്ഷേപ കമ്പനി സ്ഥാപിച്ചാണ് ആന്റണി ഗിഗ്‌നാകും പങ്കാളികളും തട്ടിപ്പുകള്‍ നടത്തിയിരുന്നത്. 

Latest News