ഭാര്യ ചെറുപ്പം, ഭര്‍ത്താവിന് സംശയം; ഭിക്ഷക്കാരന്റെ വേഷം കെട്ടി കൊല്ലാന്‍ ശ്രമിച്ചു, ഒടുവില്‍ പിടിയില്‍

ചെന്നൈ- ഭിക്ഷക്കാരന്റെ വേഷം ധരിച്ച്  ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കോളജ് അധ്യാപകന്‍ പിടിയിലായി.  നന്ദനം ആര്‍ട്‌സ് കോളേജ് ഫോര്‍ മെന്‍ ഹിസ്റ്ററി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായ എം കുമാരസ്വാമി (56) ആണ് അറസ്റ്റിലായ പ്രതി. ഭാര്യ ജയവാണി (38)യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ജയവാണി ഒരു സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലാണ് ജോലി ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. 12 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ പന്തേയോണ്‍ റോഡിന് സമീപം എഗ്മോറിലാണ് താമസിച്ചിരുന്നത്.
വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെ എഗ്മോര്‍ ബസ് സ്‌റ്റോപ്പില്‍ എംടിസി ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്നു ജയവാണി. ആംഗ്ലോ-ഇന്ത്യന്‍ ക്വാര്‍ട്ടേഴ്‌സ് റോഡ് മുറിച്ചുകടക്കുമ്പോള്‍ ഒരു യാചകന്‍ അവളുടെ അടുത്തേക്ക് ഓടിവന്ന് ബ്ലേഡ് കൊണ്ട് ആക്രമിക്കുകയായിരുന്നു.
മുഖത്ത് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും കൈകൊണ്ട് തട്ടിമാറ്റി ജയവാണി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ കുമാരസ്വാമി അവരെ പിന്തുടരുകയും പലതവണ വെട്ടി വീഴ്ത്തുകയും ചെയ്തു. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. -ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഉടന്‍ ജയവാണിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഗ്മോര്‍ പോലീസ് കേസെടുത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ കുമാരസ്വാമിയെ അറസ്റ്റ് ചെയ്തു.
ഭാര്യയെ കൊലപ്പെടുത്തി നാട്ടിലേക്ക് മടങ്ങാന്‍ കുമാരസ്വാമി പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. ഒരു ഭിക്ഷക്കാരന്‍ ചെയ്ത കുറ്റകൃത്യമായി വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. ജയവാണിക്ക് സഹപ്രവര്‍ത്തകനുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലക്ക് ശ്രമിച്ചത്.
'വിവാഹം കഴിക്കുമ്പോള്‍ ജയവാണി വിദ്യാര്‍ത്ഥിനിയായിരുന്നു. അച്ഛന്റെ കുടുംബ സുഹൃത്തായതിനാല്‍ ജയവാണിയുടെ പഠനച്ചെലവുകള്‍ കുമാരസ്വാമി ഏറ്റെടുത്തു. ചെറുപ്പക്കാരിയായ ഭാര്യക്ക് അന്യപുരുഷന്‍മാരുമായി ബന്ധമുണ്ടെന്ന് ഇയാള്‍ സംശയിച്ചതായും പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News