മലയാള സിനിമകള്‍ എന്താണിപ്പോ ദുബായില്‍ ചിത്രീകരിക്കുന്നത്; താരങ്ങളോട് ചോദിച്ച് വിദ്യാര്‍ഥികള്‍

 ദുബായ്- സിനിമാ പ്രചാരണവുമായി ബന്ധപ്പെട്ട് അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലേക്ക് കടന്നുവരുമ്പോള്‍ ഇത്തിരി ചിരിയും കളിയും കുട്ടിത്തരങ്ങളും മാത്രമാണ് സംവിധായകന്‍ സകരിയയും അണിയറ പ്രവര്‍ത്തകരും പ്രതീക്ഷിച്ചത്. എന്നാല്‍, മാധ്യമപ്രവര്‍ത്തകരെ വെല്ലും വിധമുള്ള ചോദ്യങ്ങളാണ് വിദ്യാര്‍ഥികള്‍ കരുതിവെച്ചത്.
സിനിമാ നിര്‍മാണത്തെക്കുറിച്ചും പ്രമേയത്തെക്കുറിച്ചും പുതിയ രീതികളെക്കുറിച്ചുമെല്ലാം തുരുതുരാ ചോദ്യങ്ങളെറിഞ്ഞ് സംവിധായകന്റെയും കൂടെയുള്ള സിനിമാ പ്രവര്‍ത്തകരേയും  കൊച്ചു വിദ്യാര്‍ഥികള്‍ വെള്ളം കുടിപ്പിച്ചു.
 'ഇപ്പോള്‍ യുഎഇയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമകളുടെ എണ്ണം കൂടിയല്ലോ, എന്താണ് കാരണം?' 'കുട്ടികള്‍ക്ക് വേണ്ടി മാത്രമായി ഇങ്ങനയൊരു ചിത്രം നിര്‍മിച്ചത് എന്തിന്?' 'എന്തുകൊണ്ടാണ് ഈ സിനിമക്ക് ദുബായ് തന്നെ തെരെഞ്ഞെടുത്തത് ?' 'ഞങ്ങള്‍ക്കും അഭിനയിക്കണം, അതിനു  ഞങ്ങള്‍ എങ്ങിനെയാണ് തയ്യാറാകേണ്ടത്?' 'കുട്ടികള്‍ക്കായി ഒരുപാട് സിനിമകള്‍ ഇറങ്ങുന്നതുണ്ടല്ലോ, ഈ സിനിമക്കിപ്പോ എന്താ പ്രത്യേകത?'  എന്നിങ്ങനെ സകല മേഖലകളെ കുറിച്ചും അജ്മാന്‍  അല്‍ ജര്‍ഫ് ഹാബിറ്റാറ് സ്‌കൂളിലെ ഏഴ്, എട്ട് ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യങ്ങളുണ്ടായിരുന്നു.
 മോമോ ഇന്‍ ദുബായ് എന്ന മലയാളചിത്രത്തിലെ താരങ്ങളുമായും അണിയറപ്രവര്‍ത്തകരുമായും സംവദിക്കുന്നതിനിടയിലെ ചോദ്യോത്തര വേളയിലാണ് കുട്ടികളുടെ തകര്‍പ്പന്‍ ചോദ്യങ്ങള്‍ ഉയര്‍ന്നത്. നിര്‍മാതാവ് സകരിയ , സംവിധായകന്‍ അമീന്‍ അസ്‌ലം, സിനിമാ താരം   അനീഷ് ജി മേനോന്‍ , ബാലതാരം ആത്രയ് ബൈജു എന്നിവര്‍ കുട്ടികളോട് സംവദിച്ചു. 360 റേഡിയോ ആണ് പരിപാടി സംഘടിപ്പിച്ചത്.
 360 റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ ബിഞ്ചു കൊച്ചുണ്ണി പരിപാടികള്‍ നിയന്ത്രിച്ചു.  പഠനത്തിനു പുറമെ  കുട്ടികളിലെ കലാ താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ചോദ്യങ്ങള്‍ ചോദിക്കാനുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കാനുമാണ്  ഇതുപോലെ ഉള്ള വേദികള്‍ സ്‌കൂളിലും ഒരുക്കുന്നത് എന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബാലറെഡ്ഢി അമ്പാട്ടി പറഞ്ഞു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News