2000 ലെ യൂറോ കപ്പിലാണ് അവസാനം നോർവെ ഒരു പ്രധാന ടൂർണമെന്റ് കളിച്ചത്. ഓലെ ഗുണ്ണർ സോൾസ്‌ക്‌ജേറും ടോറി ആന്ദ്രെ ഫ്‌ളോയുമാണ് അന്ന് നോർവെയുടെ ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. സ്‌പെയിനിനെ അട്ടിമറിച്ചിട്ടും ഗ്രൂപ്പ് ഘട്ടം കടക്കാതെ ആ യൂറോ കപ്പിൽ നോർവെ പുറത്താവുമ്പോൾ ഓഡെഗാഡിന് 18 മാസം പ്രായം, ഹാലാൻഡ് ജനിച്ചിട്ടു പോലുമില്ല. നോർവെയുടെ പ്രതാപ കാലത്തിന്റെ അസ്തമയമായിരുന്നു അത്. അതിനു മുമ്പുള്ള രണ്ട് ലോകകപ്പുകൾക്ക് നോർവെ യോഗ്യത നേടിയിരുന്നു. 1998 ലെ ഫ്രാൻസ് ലോകകപ്പിൽ പ്രി ക്വാർട്ടർ ഫൈനലിലേക്കുള്ള വഴിയിൽ അവർ ബ്രസീലിനെ തോൽപിച്ചു
ബുധനാഴ്ച ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിലെ സീസണിനെ നിർണയിക്കുന്ന മത്സരമായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ഈ സീസണിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സനലും തമ്മിൽ. ഒരു വശത്ത് എർലിംഗ് ഹാലാൻഡ്. മറുവശത്ത് മാർടിൻ ഓഡേഗാഡ്. രണ്ടു പേരും നോർവെക്കാർ. ക്ലബ്ബ് ഫുട്‌ബോളിലെ കിടയറ്റ താരങ്ങളാണെങ്കിലും ഇരുവരും കഴിഞ്ഞ ലോകകപ്പിനുണ്ടായിരുന്നില്ല. അവരുടെ ജന്മനാടായ നോർവെ സമീപകാലത്തൊന്നും ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല. പക്ഷേ പുതുതലമുറ കളിക്കാരുടെ രംഗപ്രവേശം നോർവെക്ക് ലോക ഫുട്‌ബോളിലെ പ്രതാപകാലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ നൽകുകയാണ്.
2000 ലെ യൂറോ കപ്പിലാണ് അവസാനം നോർവെ ഒരു പ്രധാന ടൂർണമെന്റ് കളിച്ചത്. ഓലെ ഗുണ്ണർ സോൾസ്‌ക്‌ജേറും ടോറി ആന്ദ്രെ ഫ്‌ളോയുമാണ് അന്ന് നോർവെയുടെ ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. സ്‌പെയിനിനെ അട്ടിമറിച്ചിട്ടും ഗ്രൂപ്പ് ഘട്ടം കടക്കാതെ ആ യൂറോ കപ്പിൽ നോർവെ പുറത്താവുമ്പോൾ ഓഡെഗാഡിന് 18 മാസം പ്രായം, ഹാലാൻഡ് ജനിച്ചിട്ടു പോലുമില്ല.
നോർവെയുടെ പ്രതാപകാലത്തിന്റെ അസ്തമയമായിരുന്നു അത്. അതിനു മുമ്പുള്ള രണ്ട് ലോകകപ്പുകൾക്ക് നോർവെ യോഗ്യത നേടിയിരുന്നു. 1998 ലെ ഫ്രാൻസ് ലോകകപ്പിൽ പ്രി ക്വാർട്ടർ ഫൈനലിലേക്കുള്ള വഴിയിൽ അവർ ബ്രസീലിനെ തോൽപിച്ചു.
നോർവെ ഫുട്‌ബോളിന്റെ ദുരിതകാലം അവസാനിക്കുന്നുവെന്നാണ് സമീപകാല സൂചനകൾ. യൂറോ 2020 യോഗ്യത റൗണ്ടിൽ പ്ലേഓഫ് വരെയെത്താൻ നോർവെക്ക് സാധിച്ചു. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനൽ റൗണ്ടും കഷ്ടിച്ചാണ് നോർവെക്ക് നഷ്ടപ്പെട്ടത്.
2024 ലെ യൂറോ കപ്പിനുള്ള യോഗ്യത റൗണ്ട് അടുത്ത മാസം ആരംഭിക്കുകയാണ്. സ്‌പെയിനും സ്‌കോട്‌ലന്റുമുൾപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകൾക്ക് യോഗ്യത നേടാം. അതിലൊന്ന് നോർവെ ആവാൻ സാധ്യതയേറെയാണ്.
പ്രീമിയർ ലീഗിൽ ഹാലാൻഡാണ് താരം. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ ശേഷവും അതിന് മുമ്പും ഇരുപത്തിരണ്ടുകാരൻ ഗോളടിച്ചുകൂട്ടുകയാണ്. പ്രീമിയർ ലീഗിൽ ഗോൾ പട്ടികയിൽ ഹാലാൻഡിന് അടുത്തെങ്ങും ആരുമില്ല. ബൊറൂസിയ ഡോർട്മുണ്ടിൽ നിന്ന് സിറ്റിയിലെത്തിയ ശേഷം ഒരു കളിയിൽ ഒന്നിലേറെ ഗോളാണ് ഹാലാൻഡിന്റെ ശരാശരി.
ഓഡെഗാഡ് അത്ര സുപരിചിതനല്ലെങ്കിലും കഴിവിൽ ഒട്ടും പിന്നിലല്ല. റയൽ മഡ്രീഡിൽ ചേരുമ്പോൾ ഓഡെഗാഡിന് 16 തികഞ്ഞിട്ടില്ല. പക്ഷേ പെരുമക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല. എന്നാൽ വർഷങ്ങൾക്കു ശേഷം ആഴ്‌സനലിന്റെ കുതിപ്പിന് ചുക്കാൻ പിടിക്കുകയാണ് താരം. ആഴ്‌സനലിൽ ഓഡെഗാഡിന്റെ ഫോം നോർവെക്ക് പ്രതീക്ഷ നൽകുന്നുവെന്ന് പ്രമുഖ കമന്റേറ്റർ റോർ സ്‌റ്റോക്ക് പറയുന്നു. ഓഡെഗാഡും ഹാലാൻഡും നോർവെയുടെ പുതുതലമുറ കളിക്കാർക്ക് മുഴുവൻ പ്രചോദനമാണെന്ന് അദ്ദേഹം കരുതുന്നു. രണ്ട് ലോകോത്തര കളിക്കാർ നോർവെ ഫുട്‌ബോളിന്റെ പുതിയ തുടക്കത്തിന് നല്ല അടിത്തറയാണെന്ന് സ്റ്റോക്ക് വിശ്വസിക്കുന്നു. അവർക്ക് ചുറ്റും കളിക്കാനായി കരുത്തുറ്റ യുവനിരയാണ് വേണ്ടത്.
നോർവെ ദേശീയ ടീം ഫിഫ റാങ്കിംഗിൽ ഇപ്പോൾ നാൽപത്തിമൂന്നാം സ്ഥാനത്താണ്. യൂറോപ്പിലെ പ്രധാന ലീഗുകളിൽ കളിക്കുന്ന നിരവധി പേർ അവരുടെ നിരയിലുണ്ട്. ജൂലിയൻ റയേഴ്‌സനാണ് അതിലൊരാൾ -ഇരുപത്തഞ്ചുകാരൻ റൈറ്റ് ബാക്ക് ഈയിടെ ജർമൻ ലീഗിൽ യൂനിയൻ ബെർലിനിൽ നിന്ന് ബൊറൂസിയ ഡോർട്മുണ്ടിൽ ചേർന്നു. സ്പാനിഷ് ലീഗിൽ റയൽ സൊസൈദാദിനു വേണ്ടി ഗോളടിച്ചു കൂട്ടുകയാണ് ഇരുപത്തേഴുകാരൻ അലക്‌സാണ്ടർ സോർലോത്. എന്നാൽ ഹാലാൻഡിന്റെ സാന്നിധ്യം നോർവെ ടീമിൽ സോർലോതിന് ഭീഷണിയാണ്.
2020 ൽ കോച്ചായി ചുമതലയേറ്റ സ്‌റ്റെയ്ൽ സോൾബാക്കനും പരിചയ സമ്പന്നനാണ്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ വുൾവർഹാംറ്റൻ വാൻഡറേഴ്‌സിന്റെ പരിശീലകനായിരുന്നു അദ്ദേഹം.
നോർവെയിലെ ക്ലബ്ബുകളുടെ അവസ്ഥയാണ് ദയനീയം. 15 വർഷമായി രാജ്യത്തെ ഒരു ക്ലബ്ബും യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടില്ല. ചെൽസിയെ അവരുടെ തട്ടകത്തിൽ റോസൻബെർഗ് ട്രോൻഡീം സമനിലയിൽ തളച്ചതാണ് പരിശീലക പദവിയിൽ ജോസെ മൗറിഞ്ഞോയുടെ ചെൽസിയിലെ ആദ്യ വാഴ്ചക്ക് അവസാനം കുറിച്ചതെന്നതൊക്കെ ഓർമ മാത്രമായിക്കഴിഞ്ഞു. വടക്കൻ നോർവെയിലെ അധികമറിയപ്പെടാത്ത ബോഡോ ഗ്ലിംറ്റ് ഈ വർഷം യോഗ്യത നേടേണ്ടതായിരുന്നു. പ്ലേഓഫുകളിൽ പരാജയപ്പെട്ടു. ലീഗ് ചാമ്പ്യന്മാരായ മോൾഡെയുടെ യൂറോപ്പിലെ സമീപകാല ഫോം പ്രതീക്ഷ നൽകുന്നു. നോർവെ ലീഗിലേക്കും പണമൊഴുകുകയാണ്. ടി.വി 2 വുമായി നോർവെ ലീഗ് ഈയിടെ 50 കോടി ഡോളറിന് ആറു വർഷത്തെ കരാറിലൊപ്പിട്ടു. റെക്കോർഡായ 26 തവണ ലീഗ് ചാമ്പ്യന്മാരായ റോസൻബർഗിന്റെ പതനമാണ് ആശങ്ക പകരുന്നത്. ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും കാണികളും ഫുട്‌ബോൾ സംസ്‌കാരവുമൊക്കെയുള്ള ടീമാണ് അവർ. പെേക്ഷ അടിമുടി മാറ്റം വേണ്ട സാഹചര്യമാണ്.
പ്രതിഭാധനരായ കളിക്കാരെ നോർവെ ലീഗിൽ പിടിച്ചുനിർത്തുന്നതാണ് പ്രശ്‌നം. മോൾഡെ ക്ലബ്ബിൽ കളി പഠിച്ച ഹാലാൻഡിനെ പതിനെട്ടാം വയസ്സിൽ ഓസ്ട്രിയയിലെ സാൽസ്ബർഗ് ക്ലബ്ബ് റാഞ്ചിക്കൊണ്ടുപോയി. സ്‌ട്രോംസ്‌ഗോസെറ്റിനു വേണ്ടി ഏതാനും മത്സരങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴേക്കും ഓഡെഗാഡിനെ റയൽ മഡ്രീഡ് വലയിലാക്കി. ഇക്കഴിഞ്ഞ ട്രാൻസ്ഫർ സീസണിലും നിരവധി നോർവെ കളിക്കാർ കൂടുമാറി. നോർവെ ലീഗിൽ മോൾഡെക്ക് കളിക്കുന്ന ഐവറികോസ്റ്റുകാരൻ ഫോർവേഡ് ഡേവിഡ് ദാത്രൊ ഫൊഫാനയെ ചെൽസി സ്വന്തമാക്കി.
നോർവെയിലെ കാലാവസ്ഥ ഫുട്‌ബോളിന്റെ വളർച്ചക്ക് പ്രതികൂലമാണ്. അഞ്ചു മാസത്തോളം തണുപ്പുകാലം നീണ്ടുനിൽക്കും. മറ്റു യൂറോപ്യൻ രാജ്യങ്ങളിലേതിനെ അപേക്ഷിച്ച് ഫുട്‌ബോൾ സീസൺ ഹ്രസ്വമാണ്.