അങ്കാറ- പന്ത്രണ്ടു ദിവസം മുമ്പ് തുർക്കിയിലും സിറിയയിലും വിനാശം വിതച്ച ഭൂകമ്പത്തിൽ തകർന്നടിഞ്ഞ വീട്ടിൽ നിന്നു രക്ഷപ്പെട്ട സിറിയൻ കുടുംബം തീപ്പിടിത്തത്തിൽ വെന്തു മരിച്ചു. സിറിയൻ അതിർത്തിയിലെ നാമാവശേഷമായ വീട്ടിൽ നിന്നും മധ്യ തുർക്കിയിലെ ബന്ധുക്കളുടെ വീട്ടിൽ അഭയം തേടിയ ഏഴംഗ കുടുംബത്തെയാണ് അഗ്നി ഗോളങ്ങൾ വിഴുങ്ങിയത്. കൊടും തണുപ്പിൽ നിന്നു രക്ഷ തേടി വീട്ടിൽ കത്തിച്ച സ്റ്റൗവിൽ നിന്ന് തീ പടർന്നാണ് ഏഴംഗ കുടുംബം മരണമടഞ്ഞത്, അഭയം നൽകിയ വീട്ടുകാരായ അഞ്ചുപേരും പരിക്കുകളോടെ രക്ഷപ്പെട്ടു.