എൺപതിന്റെ നിറവിലെത്തിയ സ്നേഹനിധിയായ എന്റെ അച്ഛനെ കുറിച്ചാണ് ഈ കുറിപ്പ്. സാധാരണയായി പെൺകുട്ടികൾ അച്ഛന്റെ ഓമനയായിരിക്കും. എന്റെ കാര്യത്തിലും അതിൽ നിന്നും വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. കുട്ടിക്കാലം തൊട്ടേ ഡാഡിയുടെ മോൾ തന്നെയായിരുന്നു ഞാനും. ചോദിക്കുന്ന ആളുകളോട് ഞാൻ പറയുമായിരുന്നു. ഡാഡിയോടാണ് ഏറ്റവും കൂടുതൽ എനിക്കിഷ്ടം എന്ന്.
ഡാഡിയുടെ സ്ഥലം വർക്കലയാണ്. ഡാഡിയുടെ അച്ഛൻ അതായത് അച്ചാച്ചൻ സിംഗപ്പൂരിൽ ആയിരുന്നത് കൊണ്ട് അച്ഛമ്മയോട് ഒപ്പം ആയിരുന്നു ഡാഡിയും സഹോദരങ്ങളുമെല്ലാം. സമൃദ്ധിയുടെ നടുവിലായിരുന്നു ഡാഡിയുടെ ബാല്യം. എൻജിനീയറാവണം എന്നായിരുന്നു ഡാഡി ആഗ്രഹിച്ചിരുന്നത്. ഫിസിക്സ് ഇഷ്ട വിഷയമായിരുന്നു. ആ ഇഷ്ടം കൊണ്ടായിരുന്നു ഡാഡി ഡിഗ്രിക്ക് ഫിസിക്സ് മെയിൻ വിഷയമായി എടുത്തു പഠിച്ചത്. ഡാഡിക്ക് ഫിസിക്സിൽ റാങ്ക് ഉണ്ടായിരുന്നു. എന്നാൽ സ്വന്തം അമ്മയെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഡാഡി അമ്മയുടെ ആഗ്രഹം പൂർത്തീകരിക്കുന്നതിനായി ഡിഗ്രി കഴിഞ്ഞ് മെഡിസിൻ പഠനത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തി. മമ്മിയും ഡാഡിയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്ലാസ്മേറ്റ്സ് ആയിരുന്നു. അവർ തമ്മിൽ സ്നേഹിച്ചാണോ വിവാഹം കഴിച്ചത് എന്ന് ചോദിച്ചാൽ എനിക്കിപ്പോഴും കൃത്യമായി പറയാൻ കഴിയില്ല. മമ്മി പറഞ്ഞിരുന്നത് ഡാഡിക്ക് നിശ്ശബ്ദയായി നടന്നിരുന്ന മമ്മിയോട് തോന്നിയ ഇഷ്ടം സ്വന്തം വീട്ടിൽ പറയുകയും അതുവഴി കല്യാണം ആലോചിക്കുകയും ചെയ്തു എന്നാണ്. കാര്യം എന്തു തന്നെയായാലും ചക്കിക്കൊത്ത ചങ്കരൻ ആണ് രണ്ടുപേരും. മമ്മിയും ഡാഡിയും സിനിമ പ്രേമികളാണ്. അതുകൊണ്ടു തന്നെ കുട്ടിക്കാലം മുതലേ ഞാനും എന്റെ അനിയനും സിനിമ ഇഷ്ടപ്പെട്ടിരുന്നു. ഏതു നല്ല ഇംഗ്ലീഷ് പടങ്ങൾ തിയേറ്ററിൽ വന്നാലും ഡാഡി ഞങ്ങളെ കൊണ്ടുപോയി കാണിക്കുമായിരുന്നു. എനിക്ക് മൂന്നു വയസ്സ് ഉള്ളപ്പോൾ മുതൽ ഡാഡി എന്നിൽ വായനശീലം ഉണ്ടാക്കാൻ പരിശ്രമിച്ചിരുന്നു. എഴുപതുകളിൽ 22 ഓളം വാരികകൾ വരുത്തിയിരുന്ന ഒരു വീട് ആയിരുന്നു എന്റേത്. കൂടാതെ എല്ലാ മാസവും പുസ്തകങ്ങളും കവിതകളും വീട്ടിൽ തപാൽ വഴിയെത്തുമായിരുന്നു. അതുകൊണ്ടു തന്നെ ഞാൻ പുസ്തകങ്ങളെ ഒരുപാട് സ്നേഹിച്ചു.
മമ്മിയുടെയും ഡാഡിയുടെയും കടിഞ്ഞൂൽ സന്തതി ആയതുകൊണ്ട് വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണി ആയിട്ടാണ് ഞാൻ വളർന്നത്. തലയിൽ വെച്ചാൽ പേനരിക്കും താഴത്തു വെച്ചാൽ ഉറുമ്പരിക്കും എന്ന രീതിയിൽ ആയിരുന്നു ചെറുപ്പകാലം. കൂട്ടുകുടുംബത്തിന്റെ എല്ലാ സൗകര്യങ്ങളും ആസ്വദിച്ചു കൊണ്ടായിരുന്നു ഞാൻ വളർന്നത്. ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ വീട് വെച്ച് മാറുന്നത്. കുട്ടിക്കാലത്തെക്കുറിച്ച് പറയുമ്പോൾ ഒരുപാട് പറയാനുണ്ട്.. അതു ഞാൻ മറ്റൊരു അവസരത്തിൽ എഴുതാം. ഇന്ന് ഞാൻ അച്ഛനെ കുറിച്ചാണ് പറയാൻ ആഗ്രഹിക്കുന്നത്. മമ്മിയും ഡാഡിയും തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. പിന്നെ മാറിമാറി വന്നിരുന്ന സർക്കാരുകൾ ട്രാൻസ്ഫർ തന്നിരുന്നത് അനുസരിച്ച് കോഴിക്കോട്, കോട്ടയം, ആലപ്പുഴ, തൃശൂർ, കണ്ണൂർ മെഡിക്കൽ കോളേജ് അങ്ങനെ മാറിമാറി പല സ്ഥലത്തും ജോലി ചെയ്തു. ഇതുമൂലം എന്റെ സ്കൂൾ വിദ്യാഭ്യാസം തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽ മാറിമാറിയായിരുന്നു. ഞാൻ ഒമ്പതാം ക്ലാസ് കഴിഞ്ഞ് നിൽക്കുമ്പോൾ ആയിരുന്നു ഡാഡിക്ക് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് ട്രാൻസ്ഫർ ലഭിച്ചത്. ഡാഡിയെ ഒരുപാട് സ്നേഹിച്ചിരുന്ന ഞാൻ നിർബന്ധം പിടിച്ച് പത്താം ക്ലാസിൽ ഡാഡിയോടൊപ്പം ആലപ്പുഴയിലേക്ക് പോയി. മമ്മി അന്ന് തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു. അധികമാരും ചെയ്യാത്ത ഒരു പരിപാടിയായിരുന്നു പത്താം ക്ലാസിൽ എന്റെ സ്കൂൾ മാറ്റം. ഹോളി ഏഞ്ചൽസ് പോലുള്ള പ്രശസ്തമായ ഒരു സ്കൂളിൽ നിന്നും എയ്ഡഡ് സ്കൂളായ സെന്റ് ജോസഫിലേക്കാണ് ഞാൻ മാറ്റം വാങ്ങിയത്. ഡാഡി ബിഷപ്പിനോട് ഒക്കെ സംസാരിച്ചിട്ടാണ് എനിക്ക് സ്കൂളിൽ അഡ്മിഷൻ വാങ്ങിത്തന്നത്. ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ എനിക്ക് പഠിക്കാൻ വളരെ മടിയായിരുന്നു. ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയാത്തതിന് നല്ലവണ്ണം അടി ഞാൻ വാങ്ങിയിട്ടുണ്ട്. തെറ്റുത്തരം പറയുമ്പോൾ ചൂരൽ വെച്ചിട്ടാണ് ഡാഡി അടിക്കാറ്. അടികൊണ്ട് രണ്ട് കാലും തിണർത്തിട്ടുണ്ടാവും. പക്ഷേ എല്ലാം കഴിഞ്ഞ് ഞാൻ ഉറങ്ങുമ്പോൾ ഡാഡി പതുക്കെ അടുത്ത് വന്ന് അടികൊണ്ട് തിണർത്ത പാടുകളിൽ എല്ലാം ബോറോളിൻ ക്രീം പുരട്ടി തടവിത്തരുമായിരുന്നു. പുതപ്പിനടിയിൽ കൂടെ അന്നൊക്കെ ഞാൻ ഡാഡിയുടെ മുഖം അപ്പോൾ ശ്രദ്ധിക്കുമായിരുന്നു. പലപ്പോഴും ഡാഡിയുടെ കണ്ണിൽ കണ്ണുനീർ പൊഴിയുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നെ ഭക്ഷണം കഴിപ്പിക്കുന്നതും ഒരു ഉദ്യമം തന്നെയായിരുന്നു. ഓർമ വെച്ച കാലം മുതലേ ഡാഡി തന്നെയായിരുന്നു എനിക്ക് ചോറ് വാരിത്തന്നിരുന്നത്. എല്ലാ കൂട്ടാനുകളും ചോറിൽ ഒരുമിച്ചിട്ട് ഞെരുടി ഡാഡി തരുമ്പോൾ അതിനെന്തെന്നില്ലാത്ത സ്വാദായിരുന്നു. ചെറുപ്പകാലത്ത് ചോറ് വാരിത്തന്നിരുന്നപ്പോൾ റോഡ് റോളറിന്റെ കഥകളാണ് എനിക്ക് പറഞ്ഞു തന്നിരുന്നത്. എന്റെ പ്രിയപ്പെട്ട വാഹനമായിരുന്നു അന്ന് റോഡ് റോളർ. ഡാഡി എന്നും റോഡ് റോളറെ കുറിച്ച് പുതിയ കഥകൾ ഉണ്ടാക്കി പറയും. അതുകേട്ട് ഞാൻ വാ തുറക്കും. ഡാഡി ഉരുള ഉരുട്ടി വായിലേക്ക് വെക്കും. എന്നും ഇതായിരുന്നു സ്ഥിതി. റോഡ് റോളറെ കുറിച്ചുള്ള കഥകൾ ഉണ്ടാക്കാൻ ഡാഡി കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടിരുന്നത്.
എന്ത് അസുഖം വന്നാലും ഡാഡിയോടാണ് ഞാൻ പറയുക. ആദ്യമായി മാസമുറ വന്നപ്പോഴും ബ്ലഡ് കാൻസർ ആണ് എന്ന് തെറ്റിദ്ധരിച്ച് ഞാൻ ഡാഡിയോടാണ് പോയി പറഞ്ഞത്. അമ്പരന്നുപോയ ഡാഡി മമ്മിയെ പറഞ്ഞു വിടുകയായിരുന്നു എന്റെ അടുക്കലേക്ക്. അതായിരുന്നു ഞാനും ഡാഡിയും തമ്മിലുള്ള ബന്ധം. മാസം മാസം കൃത്യമായി വയറുവേദന വരുമ്പോൾ ഡാഡി തന്നെയായിരുന്നു മരുന്നുകൾ എടുത്ത് തന്ന് എന്നെ കഴിപ്പിച്ചിരുന്നത്. പനി വരുമ്പോഴൊക്കെ തുണി നനച്ച് നെറ്റിയിൽ ഇടാനും അതിരാവിലെ എഴുന്നേറ്റു നെഞ്ചിരിച്ചിൽ ഉണ്ടായിരുന്ന എനിക്ക് പാലു കാച്ചിത്തരാനും ഡാഡി റെഡിയായിരുന്നു. മെഡിക്കൽ കോളേജിൽ പഠിക്കുമ്പോഴും ഡാഡി തന്നെയായിരുന്നു ചോറു വാരിത്തന്നിരുന്നത്. ഞങ്ങളുടെ സ്നേഹം കണ്ടിട്ട് എല്ലാവരും അന്ന് അസൂയപ്പെട്ടിരുന്നു. ഡാഡിയുടെ ലോകം എന്ന് പറയുന്നത് മമ്മിയും ഞാനും എന്റെ അനിയനും ഉൾപ്പെട്ട ഒരു ചെറിയ ലോകം മാത്രമായിരുന്നു. ഞങ്ങളില്ലാതെ ഡാഡി എങ്ങോട്ടും പോകുമായിരുന്നില്ല. ഏതെങ്കിലും പാർട്ടികളിൽ ഞങ്ങളെ കൊണ്ടുപോകാൻ കഴിയാതെ വന്നാൽ ഡാഡി ഞങ്ങൾക്കുള്ള ഭക്ഷണം പൊതിഞ്ഞെടുത്തു കൊണ്ടുവരും. മമ്മി ഈ കാരണം പറഞ്ഞ് ഡാഡിയോട് പലപ്പോഴും തല്ലു കൂടിയിട്ടുണ്ട്. ഭക്ഷണം പൊതിഞ്ഞെടുക്കുമ്പോൾ മറ്റുള്ളവർക്ക് എന്തു തോന്നും എന്നായിരുന്നു മമ്മിയുടെ ടെൻഷൻ. എന്നാൽ ഡാഡിക്ക് ഒട്ടും ടെൻഷൻ ഉണ്ടായിരുന്നില്ല. എന്റെ മക്കൾക്ക് കൊടുക്കാതെ എനിക്ക് കഴിക്കാൻ കഴിയില്ല എന്നായിരുന്നു ഡാഡിയുടെ നിലപാട്. അതാണ് എന്റെ ഡാഡി.
എന്റെ ഡാഡി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നത് എന്തുകൊണ്ടാണ്? അതിനൊരുപാട് കാരണങ്ങളുണ്ട്. ഡാഡി എന്നും സാധാരണക്കാരിൽ സാധാരണക്കാരനായിട്ടാണ് ജീവിച്ചത്. വീട്ടിലിടുന്ന ഡ്രസ്സ് ഇട്ടിട്ട് ഡാഡി പുറത്തു പോകും. ചിലപ്പോൾ ഷർട്ടിന്റെ ബട്ടൻസ് പൊട്ടിപ്പോയിട്ടുണ്ടാവും. ഡാഡിക്ക് വേഷവിധാനങ്ങളിൽ ഒട്ടും കമ്പമുണ്ടായിരുന്നില്ല. പക്ഷേ ഇലക്ട്രോണിക് സാധനങ്ങളോട് വലിയ താൽപര്യമായിരുന്നു. അത് ഇപ്പോഴും അങ്ങനെ തന്നെയാണ്. ഡാഡിക്ക് കിട്ടുന്ന സമ്മാനങ്ങൾ പെർഫ്യൂം മുതൽ ഷർട്ട് വരെ എന്തായിരുന്നാലും ഞങ്ങൾക്കുവേണ്ടി എടുത്തു വെക്കും. ഭാര്യയെയും മക്കളെയും കഴിഞ്ഞേയുള്ളൂ ഡാഡിക്ക് ഈ ലോകത്തിൽ എന്തും.
പറയാൻ തക്കവണ്ണം വലിയൊരു സുഹൃദ്വലയം ഒന്നും ഡാഡിക്ക് ഉണ്ടായിരുന്നില്ല. ഇപ്പോഴുമില്ല. കുട്ടിക്കാലം മുതലേ ഡാഡിയുടെ സുഹൃത്തുക്കളായി ഞാൻ കണ്ടിരുന്നത് രോഗികളെയായിരുന്നു. ഡാഡിയുടെ രോഗികൾ കാൻസർ രോഗികൾ ആയതുകൊണ്ട് തന്നെ എനിക്കും നീണ്ട കാലത്തെ പരിചയം അവരുമായിട്ട് ഒക്കെ ഉണ്ടായിരുന്നു. വീട്ടിലെ അംഗത്തെ പോലെയാണ് ഡാഡി അവരെ നോക്കിയിരുന്നത്. ഡാഡിയുടെ ആ പെരുമാറ്റം മെഡിസിൻ പഠനകാലത്ത് എനിക്ക് വളരെ സഹായകമായിട്ടുണ്ട്. പൈസയോട് ഒരിക്കലും ഡാഡി ആർത്തി കാണിച്ചിട്ടില്ല. ആലപ്പുഴയിൽ വെച്ച് ഡാഡി പൈസ മേടിക്കാത്തത് കാരണം രോഗികൾ സോഫയുടെയും കസേരയുടെയും അടിയിലൊക്കെ പൈസ വെച്ച് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഡാഡിക്ക് ആ ഒരു കാര്യത്തോട് തീരെ താൽപര്യം ഉണ്ടായിരുന്നില്ല. രോഗികൾക്ക് എന്തെങ്കിലും സംഭവിക്കുന്നത് ഡാഡിക്ക് വളരെ വേദന ഉണ്ടാക്കിയിരുന്നു. നിന്ന നിൽപിൽ ഡാഡി രോഗികളുടെ കൂടെ വീട്ടിൽ ഇടുന്ന അതേ വേഷത്തിൽ കാറിൽ കയറി അപ്രത്യക്ഷമാകുമായിരുന്നു
ഒരിക്കൽ ക്ലാസ് ഗെറ്റ് ടുഗതറിന് പോയപ്പോൾ ഡാഡിയോട് സ്റ്റേജിൽ വെച്ചിട്ട് ഫ്രണ്ട്സ് ചോദിച്ചു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തം ഏതാണ് എന്ന്. ഉത്തരം പറയാൻ ഒട്ടും ചിന്തിക്കേണ്ടി വന്നില്ല. എന്റെ മകളുടെ മുഖം ആദ്യമായി കണ്ട നിമിഷമായിരുന്നു ആ മുഹൂർത്തം എന്ന് ഡാഡി മറുപടി പറഞ്ഞു. മമ്മി കരുതിയിരുന്നത് മമ്മിയെ ആദ്യമായി കണ്ട ദിവസം എന്ന് ഡാഡി പറയുമെന്നായിരുന്നു. എല്ലാവരുടെ ധാരണകളെയും തെറ്റിച്ചുകൊണ്ടാണ് ഡാഡി അന്ന് അങ്ങനെ പറഞ്ഞത്. മമ്മിക്ക് ആ ഒരു കാര്യത്തിൽ തെല്ലൊരു അമർഷം ഇല്ലാതിരുന്നില്ല. ഇപ്പോഴും മമ്മി അതേക്കുറിച്ച് പറയാറുണ്ട്. എന്നാലും ചന്ദ്രേട്ടൻ അങ്ങനെ പറഞ്ഞല്ലോ എന്ന്.
അങ്ങനെ സന്തോഷമായി ജീവിതം മുന്നോട്ടു പോകുമ്പോൾ എന്റെ ജീവിതത്തിലെ ഒരു പ്രശ്നത്തിനിടക്ക് എന്റെ ഡാഡിയോട് എനിക്ക് ആദ്യമായി കയർത്തു സംസാരിക്കേണ്ടി വന്നു. ദ്വേഷ്യപ്പെടുക മാത്രമല്ല ഞാൻ അന്ന് ചെയ്തത.് പറയാൻ പാടില്ലാത്ത വാക്കുകൾ കൊണ്ട് ഞാൻ ഡാഡിയെ വേദനിപ്പിച്ചു. ഇന്നും അത് ഓർക്കുമ്പോൾ എന്റെ മനസ്സ് പിടയും. ഒരായിരം വട്ടം മനസ്സുകൊണ്ട് ഞാൻ ഡാഡിയോട് മാപ്പ് പറഞ്ഞു കഴിഞ്ഞു. എന്റെ വാക്കുകൾ കേട്ട് ഡാഡി അന്ന് കരഞ്ഞു. അച്ഛനമ്മമാർ നമ്മളെ എത്ര സ്നേഹിക്കുന്നുണ്ടെന്ന് നമ്മൾക്ക് മക്കൾ ഉണ്ടാവുമ്പോഴാണ് നമ്മൾ തിരിച്ചറിയുക. പഴുത്തയില പൊഴിയുമ്പോൾ പച്ചില ചിരിക്കും പക്ഷേ താനും ഒരിക്കൽ പഴുത്തു പൊഴിയും എന്നറിയാതെ എന്ന് പറയാറില്ലേ. അതാണ് സത്യം.
ഞാനെന്റെ അച്ഛനെയും അമ്മയെയും ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. അന്നത്തെ പ്രായത്തിൽ എനിക്കതൊക്കെ ശരികൾ ആയിരുന്നു. ആ ശരികൾ ഇന്നെനിക്ക് തെറ്റുകളാണ്. കാലം എന്നെ പലതും പഠിപ്പിച്ചു. അതുകൊണ്ടു തന്നെ ഞാൻ ചെയ്ത തെറ്റുകൾ തിരുത്താൻ എനിക്ക് സമയം കിട്ടി. എല്ലാവർക്കും അതുപോലെ സമയം കിട്ടിക്കൊള്ളണമെന്നില്ല. ഇപ്പോൾ എന്റെ ലക്ഷ്യം എന്ന് പറയുന്നത് എന്റെ മമ്മിയെയും ഡാഡിയെയും സന്തോഷിപ്പിക്കുക എന്നതാണ്. അവരുള്ളിടത്തോളം കാലം ഞാൻ അവരുടെ സാമ്രാജ്യത്തിലെ രാജകുമാരിയാണ്. അവരുള്ളതുകൊണ്ടു മാത്രമാണ് നാട്ടിൽ പോകാൻ തോന്നുന്നത് തന്നെ. ഞാൻ ചെയ്ത തെറ്റുകൾ ഒക്കെ ഡാഡി എന്നേ മറന്നു കഴിഞ്ഞു. എന്തു പ്രശ്നം വന്നാലും താങ്ങായും തണലായും കൂടെ നിൽക്കാൻ അവരു മാത്രമാണ് കൂടെ ഉണ്ടാവുക എന്ന സത്യം ഞാൻ എന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞു. ആ തിരിച്ചറിവ് എന്നെ നല്ല ഒരു മകളാക്കി മാറ്റി. ഇന്ന് ഡാഡി എന്റെ മക്കളോടൊപ്പം കളിക്കുമ്പോൾ എന്നും അവരോടൊപ്പം എന്റെ ഡാഡി ഉണ്ടാവണേ എന്നാണ് എന്റെ പ്രാർത്ഥന. ആരു ചോദിച്ചാലും ഞാൻ പറയും ഡാഡിയാണ് എന്റെ ഹീറോ.






