ശിഷ്യർ ധന്യമാക്കുന്ന ശിഷ്ടകാലം

ഈയിടെയായി പല  പ്രഭാഷണങ്ങൾക്കും  ക്ഷണിക്കപ്പെടാറുണ്ട്. സർവകലാശാലകളിലും സ്‌കൂളുകളിലും  വിവിധ ക്യാമ്പുകളിലും സാംസ്‌കാരിക സദസ്സുകളിലും വൈവിധ്യമാർന്ന സദസ്യരുമായി സംവദിക്കുന്നതിന്റെ ഒത്തിരി നല്ല അനുഭവങ്ങൾ കൊണ്ട് സമ്പന്നമാണ് രാപ്പകലുകൾ.

അധ്യാപകനെന്ന നിലയിൽ പലപ്പോഴും ശിഷ്യരുടെയും സഹ പ്രവർത്തകരുടെയും സ്‌നേഹ സമ്മർദങ്ങൾക്ക് വഴങ്ങിയാണ് ഇത്തരം സദസ്സുകളിൽ സംബന്ധിക്കാൻ പ്രേരിതമാവുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അത്തരം ഒരു സ്‌നേഹാധികാര ക്ഷണം സ്വീകരിച്ച് നൊച്ചാട് ഗ്രാമത്തിലെ ചാത്തോത്ത്താഴ എന്ന പ്രദേശത്ത് ഒരു വിദ്യാഭ്യാസ സംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എനിക്ക് അവസരമുണ്ടായി.  കുറ്റിയാടിയിൽ അന്ന് വൈകിട്ട് നടക്കേണ്ട ഒരു പരിപാടിയിൽ സംബന്ധിക്കാമെന്ന്  മാസങ്ങൾക്ക് മുമ്പേ സമ്മതിച്ചതാണ്. അതിനിടയിലാണ് പ്രിയ വിദ്യാർത്ഥി സിറാജ്  പരിവാര സമേതം വീട്ടിലെത്തി ഇങ്ങനെ ഒരു പരിപാടിയിൽ സംബന്ധിക്കാൻ എന്നെ നിർബന്ധ പ്രേരണ ചെലുത്തിയത്. വിദ്യാർത്ഥികളുടെ അധികാര സ്വാതന്ത്ര്യം നിഷേധിക്കാനാവില്ലല്ലോ.
അലീഗഢ് യൂനിവേഴ്‌സിറ്റിയിൽ നിന്നും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ സിറാജ് മാസ്റ്റർ വിദ്യാഭ്യാസ രാഷ്ടീയ മേഖലകളിൽ പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്ന പ്ലസ് ടു അധ്യാപകനാണ്. എനിക്ക് ഏറെ  ആത്മബന്ധമുള്ള ഗ്രാമത്തിലേക്കാണ് ക്ഷണം.
ഇരുപത് വർഷങ്ങൾക്ക് മുമ്പ് നൊച്ചാട് പ്ലസ് ടുവിലെ നാഷനൽ സർവീസ് സ്‌കീമിന്റെ  പ്രോഗ്രാം ഓഫീസറായിരിക്കേ ദശദിന ക്യാമ്പിന്റെയും ദേശീയോദ്ഗ്രഥന ക്യാമ്പിന്റെയും വിജയത്തിൽ എന്നെയും വളണ്ടിയർമാരെയും സർവാത്മനാ പിന്തുണച്ച ഗ്രാമവാസികളെ ഒരിക്കൽ കൂടി കാണാനുള്ള അവസരമായി കൂടി ഞാനതിനെ കണ്ടു.
സ്‌നേഹവാത്സല്യങ്ങൾ ഒട്ടും ചോർന്നു പോവാതെ ആ ഗ്രാമീണർ എമ്പാടും ആദരവോടെയാണ് സ്വീകരിച്ചത്. ഓരോരുത്തർക്കും അയവിറക്കാൻ നല്ല നല്ല ഓർമകൾ. പൂർവ വിദ്യാർത്ഥികളുടെ ഊഷ്മളമായ സാമീപ്യങ്ങൾ.
പഠിച്ച് ഉന്നതിയിലെത്തിയ വിവിധ തുറകളിലുള്ളവർ. അവരെയൊക്കെ ഒരിക്കൽ കൂടി കാണാനുള്ള അവസരം അക്ഷരാർത്ഥത്തിൽ ധന്യമായിരുന്നു. ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് എന്റെ മറ്റൊരു പൂർവ വിദ്യാർത്ഥിയായ  ഡോ. പി.എം.  ഷംസീർ  ആണെന്നതിൽ  ഏറെ അഭിമാനം തോന്നി. കേരള സർവ കലാശാലയിലെ സംസ്‌കൃത വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയാണദ്ദേഹമിപ്പോൾ. ഉദ്ഘാടന ഭാഷണം കഴിഞ്ഞ് ഏതാനും അവാർഡുകൾ വിതരണം ചെയ്ത്  ഞാൻ വേദിയിൽ നിന്നും തിരക്കിട്ട് ഇറങ്ങി കുറ്റിയാടിയിലെ പരിപാടിക്കായി പുറപ്പെടുന്നതിനിടയിൽ
ദിലീപ് എന്ന ഫേസ് ബുക്ക് ഫ്രണ്ട് പിടിച്ചു നിർത്തി എന്നോട് കാതിൽ മന്ത്രിച്ചു. നേരിട്ട് കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. ബൈജു ആയാടത്തിൽ എന്ന പ്രശസ്ത പരിശീലകൻ സാറിനെ കുറിച്ച് പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ട്. ഓനെ ഓനാക്കിയത് സാറാന്ന് ഓനെപ്പോഴും ഏറെ ആവേശത്തോടെ പറയുന്നത് പലവുരു കേട്ടിട്ടുണ്ട്.  
അധ്യാപനത്തെ ഏറെ ഇഷ്ടപ്പടുന്ന എന്റെ മനസ്സിൽ പെയ്തിറങ്ങിയ മറ്റൊരു കുളിർമഴയായി മാറി ആ വാക്കുകൾ. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ നൊച്ചാട് പ്ലസ് ടുവിൽ നിന്നും മൂന്ന് വ്യത്യസ്ത വർഷങ്ങളിൽ പഠിച്ചിറങ്ങിയ  മൂന്ന് ശിഷ്യരിലൂടെ എന്നിലെ അധ്യാപകൻ പതിവിലേറെ സന്തോഷിച്ച സായാഹ്നമായിരുന്നു അത്.

തമിഴ് സാഹിത്യത്തിലെ ഉൽക്കൃഷ്ട കൃതികളിലൊന്നായ തിരുക്കുറൽ രചിച്ച തിരുവള്ളുവരോട് മനുഷ്യർ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന സന്ദർഭങ്ങളേതാണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഓർത്തു പോയി. വിദ്യ നേടി മിടുക്കരായ മക്കൾ നാട്ടിൽ ഏറെ ശ്രദ്ധേയരാവുമ്പോൾ അത് ഇന്ന അമ്മയുടെ മകനാണ്, മകളാണ് എന്ന്  മറ്റുള്ളവർ പറയുമ്പോൾ അമ്മക്കുണ്ടാവുന്ന ആനന്ദമാണ്. രണ്ടാമത്തേത് അത്തരം മിടുക്കരുടെ പ്രിയപ്പെട്ട ഗുരുവാരാണെന്ന് ചോദിക്കപ്പെടുമ്പോൾ തന്റെ പേര് അഭിമാനത്തോടെ സ്മരിക്കപ്പെടുന്നതറിയുന്ന ഗുരുവിന്റെ ആനന്ദമാണത്രേ!

പരീക്ഷകൾ വിളിപ്പാടകലെയെത്തി നിൽക്കുന്നു. അതിനായുള്ള തയാറെടുപ്പുകൾ തകൃതിയായി നടക്കുന്ന ഈ വേളയിൽ പ്രിയപ്പെട്ട വിദ്യാർത്ഥികളോട് ഒരു വാക്ക്. നിങ്ങളുടെ ജീവിത വിജയത്തിൽ ഏറെ ആനന്ദിക്കുന്ന മാതാപിതാക്കളെയും  ഗുരുനാഥരെയും കൂടുതൽ ആനന്ദഭരിതമാക്കുന്ന നേട്ടങ്ങൾ കൊണ്ട് സമ്പന്നമാക്കിത്തീർക്കുക നിങ്ങളുടെ ശിഷ്ട ദിനരാത്രങ്ങൾ.

Latest News