മക്ക- വിശുദ്ധ ഹറമിൽ വനിതാ തീർഥാടകർക്കു വേണ്ടി വനിതാ ഡ്രൈവർമാർ ഓടിക്കുന്ന ഇലക്ട്രിക് കാർട്ടുകൾ പുറത്തിറക്കി. ഇലക്ട്രിക് കാർട്ടുകൾ ഓടിക്കുന്നതിന് അറിയാത്ത വൃദ്ധരായ വനിതാ തീർഥാടകർക്കു വേണ്ടിയാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. വനിതകൾ ഓടിക്കുന്ന ഇലക്ട്രിക് കാർട്ടുകൾ ദിവസേന 120 സർവീസുകളാണ് നടത്തുന്നത്.
എട്ടു മണിക്കൂർ ദൈർഘ്യമുള്ള മൂന്നു ഷിഫ്റ്റുകളിലായി ഇരുപത്തിനാലു മണിക്കൂറും വനിതാ ഡ്രൈവർമാരുള്ള ഇലക്ട്രിക് കാർട്ടുകളുടെ സേവനം ലഭ്യമാണ്. ഗ്രൗണ്ട് ഫ്‌ളോറിനും ഒന്നാം നിലക്കും ഇടയിലുള്ള ഇടനിലയിൽ എത്തിയാണ് തീർഥാടകർ ഈ സേവനം ആവശ്യപ്പെടേണ്ടത്.
വിശുദ്ധ ഹറമിൽ ആകെ 700 ഇലക്ട്രിക് വീൽചെയറുകളാണുള്ളത്. സൗജന്യ വീൽചെയറുകൾക്ക് ഇടനില നീക്കിവെച്ചിട്ടുണ്ട്. ഹറമിലേക്കുള്ള എല്ലാ പ്രധാന വഴികളിലും സൗജന്യ വീൽചെയർ വിതരണ കേന്ദ്രങ്ങളുണ്ട്.