ജിദ്ദ- വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന ജനതക്ക് ഇരുട്ടടി നൽകുന്നതാണ് സംസ്ഥാന സർക്കാർ ബജറ്റെന്ന് കെ.എം.സി.സി അൽ റവാബി ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു. പെട്രോളിയം ഉൽപന്നങ്ങൾക്ക് സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറും മത്സരിച്ച് വില വർധിപ്പിക്കുന്നതിലൂടെ ജനജീവിതം ഏറെ ദുസ്സഹമായിരിക്കുകയാണ്. ഇതിനിടയിലാണ് പിണറായി സർക്കാർ വിവിധ മേഖലകളിൽ നികുതി വർധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്നത്.
മന്ത്രിമാർക്കും ബന്ധപ്പെട്ടവർക്കുമായി കോടികൾ ധൂർത്തടിക്കാൻ സർക്കാറിന് യാതൊരു സാമ്പത്തിക പ്രതിസന്ധിയും ബാധകമല്ല. തൊഴുത്ത് മോടി കൂട്ടാനും ഉപകാരമില്ലാത്ത കമ്മീഷനുകൾക്ക് വൻ തുക ചെലവഴിക്കാനും മടിയില്ലാത്ത സർക്കാർ സാധാരണക്കാരുടെ മേൽ കൂടുതൽ പ്രതിസന്ധി വരുത്തുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
ചെയർമാൻ സി.എ റഹ്മാൻ കിടങ്ങയം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യൂനുസ് കേയത്ത് പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.കെ അബ്ദുൽ കരീം എടവണ്ണപ്പാറ, നാസർ പൊനക്കൽ മമ്പുറം, അബൂബക്കർ പി.വി.പി ചെമ്മാട്, ഹുസൈൻ ഒതുക്കുങ്ങൽ, അൻവർ കരുവാംകല്ല്, മജീദ് പരപ്പനങ്ങാടി, മുഹമ്മദലി കാളികാവ്, ഉമ്മർ കക്കാടംപുറം, സുഹൈൽ കാവനൂർ, ബിന്യാമിൻ ഓമാനൂർ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സഫ് വാൻ കാളികാവ് സ്വാഗതവും ട്രഷറർ നാസർ ആമയൂർ നന്ദിയും പറഞ്ഞു.






