Sorry, you need to enable JavaScript to visit this website.

മെച്ചപ്പെട്ട ഓൺലൈൻ സേവനങ്ങൾ ലഭ്യമായാൽ കൂടുതൽ യാത്രകൾക്ക് തയാറെന്ന് വിമാന യാത്രികർ

തിരുവനന്തപുരം- മെച്ചപ്പെട്ട ഓൺലൈൻ സേവനങ്ങൾ നൽകുകയാണെങ്കിൽ കൂടുതൽ യാത്രകൾക്ക് തയാറാണെന്ന് അമേരിക്കയിലെയും ബ്രിട്ടനിലെയും 93 ശതമാനം വിമാന യാത്രികർ. 
ട്രാവൽ ടെക് സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയർ നടത്തിയ സർവേയിലാണ് എയർലൈനുകൾക്ക് മികച്ച സാധ്യതകൾ നൽകുന്ന പ്രതികരണമുണ്ടായത്. യാത്ര മേഖലയിൽ ഉണ്ടായിരുന്ന പ്രതിസന്ധികൾക്കു ശേഷം ഇപ്പോൾ വിമാന യാത്രക്കാരിൽ ആത്മവിശ്വാസം വളർന്നിട്ടുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്. 83 ശതമാനം പേരും പറഞ്ഞത് അടുത്ത ആറു മാസത്തിനിടെ ഒരു യാത്രയെങ്കിലും നടത്താനുള്ള ടിക്കറ്റ് നോക്കുകയാണെന്നാണ്. അതേസമയം ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് സങ്കീർണമാണെന്ന് 36 ശതമാനം പേർ വ്യക്തമാക്കുന്നു. ഫാഷൻ, ഭക്ഷണം എന്നീ മേഖലകളിലേതിനു സമാനമായി മികച്ച ഓൺലൈൻ സൗകര്യങ്ങൾ ലഭിച്ചാൽ എയർലൈനുകളിൽ നിന്ന് കൂടുതൽ സേവനങ്ങൾ തേടാൻ തയാറാണെന്ന് അടുത്ത കാലത്ത് വിമാനയാത്ര നടത്തിയ 56 ശതമാനം പേരും വ്യക്തമാക്കി. എയർലൈനുകളിലൂടെ ഒഴിവുകാല യാത്രകളിലെ എല്ലാ സൗകര്യങ്ങളും ബുക്ക് ചെയ്യാൻ തയാറാണെന്ന് സർവേയിൽ പങ്കെടുത്ത പത്തിലൊരാൾ വീതം പറഞ്ഞു.
ബുക്കിംഗ് സംബന്ധിച്ച എല്ലാ കൺഫർമേഷനുകളും ഒന്നിച്ച് ലഭിക്കുന്നതിനോട് 24 ശതമാനം പേർ അനുകൂലമായിരുന്നു. 22 ശതമാനം പേർക്ക് ചെലവ് ചുരുക്കുന്നതിലായിരുന്നു താൽപര്യം. എന്തെങ്കിലും തടസ്സമുണ്ടായാൽ ഒരിടത്തുനിന്ന് എല്ലാ സൗകര്യങ്ങളും ലഭിക്കണമെന്നതായിരുന്നു 19 ശതമാനം പേരുടെ അഭിപ്രായം.


ഒരിക്കൽ സേവനം തേടിയവരെ തുടർന്നും നിലനിർത്തുന്നത് ബിസിനസിലെ വെല്ലുവിളിയാണ്. ഈ ഉപഭോക്താക്കളെ തുടർന്നും നിലനിർത്തുന്നതിന് ബാഗേജ് സേവനങ്ങൾ സൗജന്യമാക്കണമെന്ന് 60 ശതമാനം പേരും സീറ്റ് നിർണയം സൗജന്യമാക്കണമെന്ന് 51 ശതമാനം പേരും പ്രയോറിറ്റി ബോർഡിംഗിന് മുൻഗണന നൽകണമെന്ന് 25 ശതമാനം പേരും അഭിപ്രായപ്പെട്ടു.
ഐബിഎസിനു വേണ്ടി സെൻസസ് വൈഡ് എന്ന സ്ഥാപനം കഴിഞ്ഞ ജനുവരി 9 മുതൽ 13 വരെ നടത്തിയ സർവേയിൽ 2000 പേരാണ് പങ്കെടുത്തത്. ഇവരിൽ പകുതിയും കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ വിനോദാവശ്യങ്ങൾക്കു വേണ്ടി യാത്ര നടത്തിയവരാണ്.
ആമസോൺ നൽകുന്നതു പോലെയുള്ള സേവനങ്ങളിൽ നിക്ഷേപം നടത്തി കൂടുതൽ വ്യവസായങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുമ്പോൾ എയർലൈനുകൾ അത് ചെയ്യുന്നില്ലെന്ന് ഐബിഎസ് ഐ ഫ്‌ളൈ റീട്ടെയ്ൽ വൈസ് പ്രസിഡന്റ് പോൾ ബൈൺ ചൂണ്ടിക്കാട്ടി. ഇന്നത്തെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ ഉപഭോക്താക്കളുമായി വ്യക്ത്യാധിഷ്ഠിത ബന്ധങ്ങളുണ്ടാകേണ്ടതുണ്ട്.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News