നജ്‌റാൻ- സൗദിയിലെ നജ്‌റാൻ പ്രവിശ്യയിൽ പെട്ട ഉഖ്ദൂദിൽ ഇസ് ലാമിക കാലഘട്ടത്തിനു മുമ്പുള്ള പുരാവസ്തുക്കൾ കണ്ടെത്തി. സൗദി ഹെറിറ്റേജ് കമ്മീഷനു കീഴിലെ പര്യവേഷണ വിഭാഗമാണ് വെങ്കല ലോഹം കൊണ്ടു നിർമിച്ച പശുവിന്റെ തല, ചാരുപടി, പുരാതന മോതിരങ്ങൾ, ശിലാ ലിഖിതങ്ങൾ തുടങ്ങി ഏതാനും പുരാവസ്തുക്കൾ കണ്ടെത്തിയത്.

ഗ്രാനൈറ്റ് കല്ലിലുള്ള പുരാതന ശിലാലിഖിതമാണ് അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത്, ഒറ്റവരിയിൽ 230 സെ.മീ നിളവും 45 സെ.മീ വീതിയുമാണ് ശിലാലിഖിതത്തിനുള്ളത്, അക്ഷരങ്ങളിൽ പലതിനും 25 സെ.മീ വരെ നീളമുണ്ട് നജ്‌റാൻ മേഖലയിൽ കണ്ടെത്തുന്ന ഏറ്റവും വലിയ പുരാതന ലിഖിതമായിരിക്കുമിതെന്ന് പുരാവസ്തു വകുപ്പു കമ്മിഷൻ വക്താവ് അഭിപ്രായപ്പെട്ടു.

പൂമ്പാറ്റയുടെ ചിത്രപ്പണിയുള്ളതാണ് തുല്യ വലിപ്പമുള്ള മൂന്നു സ്വർണ്ണ മോതിരങ്ങളും. നേരത്തെ നടന്ന ഉത്ഖനനങ്ങളിലൊന്നും ഇത്തരത്തിലുള്ള ആഭരണങ്ങൾ കണ്ടെടുത്തിരുന്നില്ല. പുരാതന യെമൻ രാജവംശങ്ങൾ സമൃദ്ധിയുടെയും പ്രതാപത്തിന്റെയും ചിഹ്നമായി പശുവിന്റെ തല ഉപയോഗിച്ചിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. വിവിധ വലിപ്പത്തിൽ ചുട്ടെടുത്ത കളിമണ്ണു ഭരണികൾ, വിവിധയിനം പിഞ്ഞാണപാത്രങ്ങൾ തുടങ്ങിയവയെല്ലാം ബി.സി മൂന്നാം നൂറ്റാണ്ടിനു മുമ്പ് ഉപയോഗിച്ചുരുന്നവയാണ്.

നജ്‌റാൻ മേഖലിയിൽ കഴിഞ്ഞു പോയ വിവിധ നാഗരികതകളുടെ ഇടമുറിയാത്ത കണ്ണികൾ കോർത്തിണക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് പര്യവേഷണ പ്രവർത്തനങ്ങളെന്ന് ഹെറിറ്റേജ് വകുപ്പ് ട്വീറ്റ് ചെയ്ത കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.






