ബറേലി- ഉന്നാവോയ്ക്ക് പിന്നാലെ യു.പിയിൽ നിന്നുള്ള മറ്റൊരു ബി.ജെ.പി എം.എൽ.എയ്ക്കെതിരെയും ബലാത്സംഗ ആരോപണം. ബദൗൻ ജില്ലയിലെ ബിസോലിയിൽ നിന്നുള്ള എം.എൽ.എയായ കുശാഗ്ര സാഗറിനെതിരെയാണ് യുവതി ബറേലി പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിരിക്കുന്നത്. വിവാഹവാഗ്ദാനം നൽകി രണ്ടു വർഷത്തോളം പീഡിപ്പിച്ചുവെന്നാണ് പരാതി. ഈ കാലയളവിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്നും, നീതി ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും പെൺകുട്ടി പറയുന്നു. ആദ്യതവണ ബലാത്സംഗം ചെയ്തപ്പോൾ പ്രായപൂർത്തിയായാൽ സാഗർ തന്നെ വിവാഹം കഴിക്കുമെന്ന് അദ്ദേഹത്തിന്റെ പിതാവ് യോഗേന്ദ്ര സാഗർ (മുൻ എം.എൽ.എ) ഉറപ്പു നൽകിയിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. എന്നാൽ പിന്നീട് മറ്റൊരു യുവതിയുമായി എം.എൽ.എയുടെ വിവാഹം ഉറപ്പിക്കുകയാണുണ്ടായതെന്നും പെൺകുട്ടി പറയുന്നു. ഫോൺവഴി ഭീഷണികോളുകൾ വരുന്നുണ്ട്. സമൂഹത്തിൽ താൻ അപഹാസ്യയായി മാറിക്കഴിഞ്ഞു. അയാൾ നൽകിയ വിവാഹവാഗ്ദാനത്തിൽ വിശ്വസിച്ചാണ് ഇത്രയും നാൾ പിടിച്ചുനിന്നത്. വാഗ്ദാനം പാലിക്കപ്പെട്ടില്ലെങ്കിൽ ആത്മഹത്യ ചെയ്യും -പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.ജൂൺ 17നാണ് എം.എൽ.എയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അത് നടക്കാൻ താൻ അനുവദിക്കില്ലെന്നു പറഞ്ഞ പെൺകുട്ടി അയാൾ തന്നെ വിവാഹം ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.
ഉന്നാവോ വിഷയത്തിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് അറസ്റ്റു ചെയ്യപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് മറ്റൊരു ബി.ജെ.പി എം.എൽ.എയ്ക്കെതിരെയും സമാനമായ ആരോപണം ഉയർന്നിരിക്കുന്നത്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായും, വേണ്ട നടപടികൾ ഉടനെതന്നെ കൈക്കൊള്ളുമെന്നും ബറേലി എസ്.എസ്.പി കലാനിധി നൈഥാനി പറഞ്ഞു. സർക്കിൾ ഓഫിസർ നിധി ദ്വിവേദിക്കാണ് അന്വേഷണച്ചുമതല.