കേരളം വിട്ടുപോകുന്ന മക്കൾ

പുതിയ തലമുറ കേരളം വിട്ടുപോകുന്നതിനെ കുറിച്ചുള്ള വിലാപങ്ങളാണെങ്ങും. ശരിയാണ്, ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നരായ സംസ്ഥാനത്ത് നിന്ന് കുട്ടികൾ പറന്നകലുകയാണ്. വൃദ്ധന്മാർ മാത്രം അവശേഷിക്കുന്ന നാടായി ക്രമേണ കേരളം മാറിയാലും അത്ഭുതപ്പെടാനില്ലെന്നാണ് വിദഗ്ധർ പറയുന്നത്. 
തൊഴിൽ തേടി മലയാളി കടൽ കടക്കുന്നതിൽ ഒരു പുതുമയുമില്ല. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് സിലോൺ, ബർമ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു പ്രയാണം. ഗൾഫ് നാടുകളിലേക്ക് പലായനം തുടങ്ങിയിട്ടും അര നൂറ്റാണ്ടിലേറെയായി. നാട്ടിൽ ജീവിക്കാൻ നിർവാഹമില്ലാതെ വന്നപ്പോഴാണ് മെച്ചപ്പെട്ട അവസരങ്ങൾ തേടി മലയാളികൾ പുറംനാടുകളിലെത്തിയത്. 
ആദ്യകാല പ്രവാസികൾ ചേക്കേറിയ നാടുകളുടെ ഓർമയുണർത്തുന്ന സ്ഥാപനങ്ങൾ കേരളത്തിന്റെ പല ഭാഗങ്ങളിലും കാണാം. താഷ്‌കന്റ് ഹോട്ടൽ, സിലോൺ ബേക്കറി, സിംഗപ്പൂർ ടെക്്‌സ്റ്റൈൽസ് എന്നിങ്ങനെ പലതും. 
പിൽക്കാലത്ത് അതിന്റെ സ്ഥാനം ദുബായ് കഫേയും മസ്‌കത്ത് ടെക്‌സും ജിദ്ദ ട്രാവൽസും ഏറ്റെടുത്തുവെന്നത് മാറ്റം. വിദഗ്ധ പ്രവാസികളിലെ ചില വിഭാഗങ്ങൾക്ക് പാശ്ചാത്യ നാടുകളിലെത്താനുള്ള ചവിട്ടുപടിയാണ് ഗൾഫ് രാജ്യങ്ങൾ. ഗൾഫിലെ എക്പീരിയൻസ് സായിപ്പും കണക്കിലെടുക്കുന്നതുകൊണ്ടാണല്ലോ സൗദി സർക്കാർ ആശുപത്രിയിലെ നഴ്‌സിന് മാഞ്ചസ്റ്ററിലും ടൊറന്റോയിലും എളുപ്പം കുടിയേറാൻ സാധിക്കുന്നത്.
 യു.എ.ഇയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കും ന്യൂസിലാൻഡിലേക്കും യു.കെയിലേക്കും പറക്കുന്നവർ നിരവധി. അമേരിക്കയിലേക്ക് ഫ്രീ ലോട്ടോ വഴി നറുക്കെടുത്ത് പ്രവാസികളെ കൊണ്ടുപോകുന്ന ഏർപ്പാട് വരെയുണ്ട്. യു.എസിലെ പ്രവാസി സമൂഹത്തിലെ വിവിധ രാജ്യക്കാരുടെ പ്രാതിനിധ്യം കണക്കിലെടുത്താണ് ഇതിലേക്ക് ക്വാട്ട നിശ്ചയിക്കുന്നത്. എംബസിയിലോ കോൺസുലേറ്റിലോ അപേക്ഷ സമർപ്പിക്കുകയേ വേണ്ടൂ. ബിരുദധാരികൾ, വിവാഹിതർ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പോയന്റുകൾ നൽകി കാനഡയും ആളുകളെ അങ്ങോട്ടേക്ക് ആകർഷിക്കുന്നു. 
കാലാകാലങ്ങളായി നടക്കുന്നതാണ് പ്രവാസികളുടെ ദേശാന്തര യാത്രകൾ. അടുത്തിടെ കേരളത്തിൽ അരങ്ങേറിയ ചൂടേറിയ സംവാദമാണ് എന്തുകൊണ്ട് വിദ്യാസമ്പന്നരായ മലയാളി കുട്ടികൾ സംസ്ഥാനത്ത് കഴിയാൻ താൽപര്യപ്പെടുന്നില്ലെന്നത്. വിദേശത്താവുമ്പോൾ പഠനത്തിനൊപ്പം പാർട്ട് ടൈം ജോലിയും ചെയ്യാൻ സൗകര്യമുണ്ടെന്നതാണ് ഇതിന് കാരണമായി കണ്ടെത്തിയത്. ഉടനെ മന്ത്രിയുടെ പ്രതികരണവുമെത്തി. കുട്ടികൾ ബേജാ റാവേണ്ടതില്ല. ഇവിടെയും പാർട്ട്‌ടൈം ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കും. ഇതിനായി പഠനം നടത്താൻ കാബിനറ്റ് റാങ്കോടെ ആരെയെങ്കിലും നിയോഗിച്ചുവോ എന്നറിയില്ല. പോലീസ് അകമ്പടിയോടെ കാറുകളിൽ പറക്കുന്ന മന്ത്രിമാർ പലപ്പോഴും പുറത്തു നടക്കുന്ന മാറ്റങ്ങൾ അറിഞ്ഞു കൊള്ളണമെന്നില്ല. കേരളത്തിലെ പട്ടണങ്ങളിലെല്ലാം വിവിധ ജോലികൾക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള ഏജൻസികളുടെ പരസ്യ പോസ്റ്ററുകൾ വഴിയിലുടനീളം കാണാനുണ്ട്. കോഴിക്കോട് നഗരത്തിൽ പോലും പല വാണിജ്യ സ്ഥാപനങ്ങളും കോളേജ് വിദ്യാർഥികളെ പാർട്ട്‌ടൈം ജീവനക്കാരായി നിയോഗിക്കുന്നുണ്ട്. 
അമേരിക്കയിലെ പോലെ മണിക്കൂർ കണക്കിനാണ് ഇവർക്ക് പ്രതിഫലം ലഭിക്കുന്നത്. റ്റു വീലറിന് പെട്രോളടിക്കാനും നഗരത്തിൽ കറങ്ങാനുമുള്ള വക അച്ഛനമ്മമാരെ ആശ്രയിക്കാതെ കുട്ടികൾക്ക് നേടാനാവും.
സ്ഥാപന ഉടമക്കും ഗുണം. ഈ കുട്ടികൾ അവന്റെ പേ റോളിൽ വരുന്നതേയില്ല. ശമ്പളം, പി.എഫ്, ഗ്രാറ്റിവിറ്റി, ബോണസ്, ഹെൽത്ത് ഇൻഷുറൻസ് ഒന്നും കൊടുക്കേണ്ടതില്ല. ട്രേഡ് യൂനിയനിൽ അംഗത്വം നേടി അലമ്പുണ്ടാക്കാനും വരില്ല. ഏതർഥത്തിൽ നോക്കിയാലും രണ്ടു കൂട്ടരും ഒരുപോലെ ഹാപ്പി.  
വിദേശ റെമിറ്റൻസിനെ ആശ്രയിച്ചു കഴിയുന്ന മണി ഓർഡർ ഇക്കോണമിയാണല്ലോ കേരളത്തിന്റേത്. ഉയർന്ന യോഗ്യതയുള്ള യുവതീയുവാക്കൾക്ക് മെച്ചപ്പെട്ട ജോലി നൽകാനുള്ള വകയൊന്നും കേരളത്തിലില്ല. വിവാദ വ്യവസായമല്ലാതെ മറ്റൊന്നും ഇവിടെ പുഷ്ടിപ്പെടുന്നില്ല. വടക്കൻ കേരളത്തിൽ വൻകിട വ്യവസായ സംരംഭങ്ങളൊന്നുമില്ല. 
മാവൂർ ഗ്വാളിയർ റയോൺസിന്റെ ഭൂമി ഉപയോഗപ്പെടുത്തി ഐ.ടി പാർക്ക് വരുമെന്ന് പലരും വീരവാദം മുഴക്കുന്നത് കേട്ടിരുന്നു. ഒന്നും സംഭവിച്ചില്ല. അല്ലെങ്കിലും ആദ്യ കമ്യൂണിസ്റ്റ് സർക്കാരുകൾ ഈ വക കാര്യങ്ങളിൽ കാട്ടിയിരുന്ന ഉത്സാഹം പിന്നീട് ഭരണം കൈയാളിയവർക്കുണ്ടായില്ല. മലബാറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ കോഴിക്കോട് മെഡിക്കൽ കോേളജും ചാത്തമംഗലം ആർ.ഇ.സിയും നിലവിൽ വന്നതും അക്കാലത്താണല്ലോ. 
ചെറിയ സംസ്ഥാനങ്ങൾക്ക് വരെ എയിംസുണ്ട്. ഡസൻ കണക്കിന് എം.പിമാരുണ്ടായിട്ടും നമുക്ക് മാത്രം അതുമില്ല. 
വിദേശത്തേക്ക് പോകാൻ താൽപര്യപ്പെടുന്നത് പോലെ നമ്മുടെ പുതിയ തലമുറ ചേക്കേറാൻ ഇഷ്ടപ്പെടുന്ന ദക്ഷിണേന്ത്യൻ നഗരങ്ങളാണ് ഹൈദരാബാദും ബംഗളൂരുവും. 
പുതിയ നൂറ്റാണ്ട് പിറക്കുമ്പോൾ തെന്നിന്ത്യയിലെ രണ്ട് തലസ്ഥാന നഗരങ്ങളും കടുത്ത മത്സരത്തിലായിരുന്നു. ഇന്ത്യയുടെ ഐ.ടി ഹബ് ഇതിലെവിടെ എന്ന വിഷയത്തിൽ വിദ്യാസമ്പന്നരും ദീർഘവീക്ഷണവുമുള്ള നേതാക്കളായ എസ്.എം. കൃഷ്ണയും ചന്ദ്രബാബു നായിഡുവും മത്സരിച്ചു. നമ്മൾ കമ്യൂണിസ്റ്റ് ആചാര്യന്റെ മിമിക്രി കണ്ട് സമയം കളയുകയായിരുന്നു അപ്പോൾ. 
പഴയ തലമുറയെ പോലെ ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമല്ല കേരളത്തിലെ കുട്ടികൾ യാത്ര തിരിക്കുന്നത്. പത്രവായന കുറഞ്ഞു, പൊതുവിജ്ഞാനം തീരെ കുറവെന്ന് പറഞ്ഞ് കേരളീയ യുവത്വത്തെ എഴുതിത്തള്ളാൻ വരട്ടെ. അവരുടേതായ സോഴ്‌സുകളിലൂടെ ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും കുട്ടികൾ അറിയുന്നുണ്ട്. കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്തെ ഗ്രാമത്തിലെ ബിരുദാനന്തര ബിരുദധാരിയായ പെൺകുട്ടി കാത്തിരിക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യക്കാർക്ക് അനുകൂലമായി കുടിയേറ്റ ചട്ടങ്ങളിൽ ഇളവ് പ്രഖ്യാപിക്കുന്നതാണ്. റഷ്യൻ പ്രധാനമന്ത്രി പുട്ടിന്റെ അധിനിവേശ വ്യാമോഹങ്ങൾ ക്ഷണിച്ചു വരുത്തിയ ഉക്രൈൻ യുദ്ധം യൂറോപ്പിലെ സാധ്യതകൾക്ക് അൽപം മങ്ങലേൽപിച്ചതും  വസ്തുതയാണ്.  
അമേരിക്കയിൽ സന്ദർശക വിസയിലെത്തിയ ബോളിവുഡിലെ കൊച്ചു താരങ്ങൾക്ക് പെട്രോൾ പമ്പിൽ പാർട്ട് ടൈം ജോലി ചെയ്ത് മണിക്കൂറിന് പത്ത് ഡോളർ നേടാമെങ്കിൽ നമ്മുടെ കുട്ടികൾക്കെന്താ ഇതൊന്നും പറ്റൂലേ. അവസരങ്ങളുടെ നാടായ കാനഡയും ഓസ്‌ട്രേലിയയും ന്യൂസിലാൻഡും കേരളത്തിലെ കുട്ടികളുടെ  ഇഷ്ട ലക്ഷ്യങ്ങളിൽ പെടുന്നു. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിലും പുതിയ തലമുറയുടെ പലായനം നല്ലതിനാണ്. 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബഹുസ്വര സമൂഹങ്ങൾ എത്ര സൗഹാർദത്തിലാണ് കഴിയുന്നതെന്ന് ചെറുപ്പത്തിലേ അവർക്ക് നേരിൽ കണ്ടു മനസ്സിലാക്കാമല്ലോ. ഭക്ഷണം, വസ്ത്രം, ആചാരങ്ങൾ എന്നിവയുടെ പേരിൽ മതവികാരങ്ങൾക്ക് തീപ്പിടിക്കാതെയും ആളുകൾ സ്‌നഹത്തോടെ കഴിയുന്ന ദേശങ്ങളിൽ വളരുന്നത് കേരളത്തിനും ഇന്ത്യക്കും നല്ലതല്ലേ?

Latest News