ന്യൂദൽഹി-ഇന്ത്യയിലെ ബാങ്കിംഗ് മേഖലയെ നിശ്ചമാക്കി പത്ത് ലക്ഷത്തിലധികം വരുന്ന ജീവനക്കാർ പണി മുടക്കിൽ. വേതന വർദ്ധനവ് ആവശ്യപ്പെട്ട് 21 പൊതുമേഖല ബാങ്കുകളിലെയും 12 സ്വകാര്യ മേഖല ബാങ്കുകളിലെയും ജീവനക്കാരാണ് പണിമുടക്കുന്നത്. പത്ത് ലക്ഷം ജീവനക്കാരും ഓഫീസർമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എച്ച് വെങ്കിടാചലം അറിയിച്ചു.
ബാങ്ക് പണിമുടക്ക് ആരംഭിച്ചതോടു കൂടി വിവിധ മേഖലകളിലെ ശമ്പള വിതരണം മുടങ്ങുമെന്ന് ഉറപ്പായി. എടിഎം സേവനവും തടസപ്പെടും. സേവനവേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാർ കാലാവധി 2017 ഒക്ടോബറിൽ കഴിഞ്ഞുവെന്നാണ് സംഘടനകൾ പറയുന്നത്. സമരം ഒഴിവാക്കാൻ ചർച്ചകൾ നടന്നെങ്കിലും വിജയിച്ചില്ല.
ഇന്ത്യൻ ബാങ്ക് അസോസിയേഷൻ രണ്ടുശതമാനം വേതന വർധന മാത്രമാണ് നിർദേശിച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് ജീവനക്കാരുടെ അസോസിയേഷനുകളുടെ നിലപാട്. ബുധനാഴ്ച രാവിലെ ആറിന് ആരംഭിച്ച പണിമുടക്ക് വെള്ളിയാഴ്ച രാവിലെ ആറുമണിക്കാണ് അവസാനിക്കുക. സഹകരണ ബാങ്കുകളും ഗ്രാമീൺ ബാങ്കുകളും പണിമുടക്കിൽ പങ്കെടുക്കുന്നില്ല. ട്രേഡ് യൂണിയൻ നിരോധിക്കപ്പെട്ടിട്ടുള്ള ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്‌സിസ് ബാങ്ക് എന്നിവയും പണിമുടക്കിൽ നിന്ന് വിട്ടു നിൽക്കുകയാണ്.
ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക് ഇന്നലെയാണ് ആരംഭിച്ചത്.