പ്രണയ ദിനത്തില്‍ ഗോവയിലെത്തിയ കമിതാക്കള്‍ കടലില്‍ മുങ്ങിമരിച്ചു

പനാജി- വീട്ടുകാരോട് പറയാതെ വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ ഗോവയിലെത്തിയ കമിതാക്കള്‍ കടലില്‍ മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് പാലോലം ബീച്ചിലാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശ് സ്വദേശികളായ സുപ്രിയ ദുബൈ (26), വിഭു ശര്‍മ്മ (27) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി ലൈഫ് ഗാര്‍ഡിന്റെ സഹായത്തോടെ ഇരുവരെയും കരക്കെത്തിച്ചു. ഉടന്‍ തന്നെ കൊങ്കണ്‍ സോഷ്യല്‍ ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സുപ്രിയ ബംഗളൂരുവിലും വിഭു ഡല്‍ഹിയിലുമാണ് താമസിച്ചിരുന്നത്. ഇരുവരും ബന്ധുക്കളാണെന്നും ഇവര്‍ ഗോവയില്‍ എത്തിയ കാര്യം വീട്ടുകാര്‍ക്ക് അറിയില്ലെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി സുപ്രിയയും വിഭുവും ഗോവയില്‍ ഉണ്ടെന്നും തിങ്കളാഴ്ച പാലോലം ബീച്ചിന് സമീപം നാട്ടുകാര്‍ ഇവരെ കണ്ടതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

            


 

Latest News