പ്രതിവര്‍ഷം 10.20 ലക്ഷം വാടകയില്‍ മന്ത്രി  സജി ചെറിയാന് ആഡംബര വസതി അനുവദിച്ചു 

തിരുവനന്തപുരം- മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡന്‍സ് അസോസിയേഷനിലെ 392 ആം നമ്പര്‍ ആഡംബര വസതിയാണ് സജി ചെറിയാന്റെ താമസത്തിനായി സര്‍ക്കാര്‍ വാടകക്ക് എടുത്തത്. 85000 രൂപയാണ് ആഡംബര വസതിയുടെ പ്രതിമാസ വാടക. ഇതിന് പുറമേയാണ് കറന്റ് ചാര്‍ജ്, വാട്ടര്‍ ചാര്‍ജ് തുടങ്ങിയവ. വാടക വീടിന്റെ മോടി പിടിപ്പിക്കല്‍ ടൂറിസം വകുപ്പ് ഉടന്‍ നടത്തും. ലക്ഷങ്ങള്‍ ആകും ഇതിന്റെ ചെലവ്. ഔട്ട് ഹൗസ് ഉള്‍പ്പെടെ വിശാല സൗകര്യമുള്ള വസതിയാണിത്. ഒരു വര്‍ഷം വാടക മാത്രം 10.20 ലക്ഷം ആകും.
ഔദ്യോഗിക വസതിയായി സര്‍ക്കാര്‍ മന്ദിരങ്ങള്‍ ഒഴിവ് ഇല്ലാത്തതു കൊണ്ടാണ് വാടകക്ക് വീട് എടുത്തതെന്നാണ് സര്‍ക്കാര്‍ വിശദികരണം. ചീഫ് വിപ്പിന് ഔദ്യോഗിക വസതിയായി നല്‍കിയതും വാടക വീടാണ്. 45000 രൂപയായിരുന്നു അതിന്റെ പ്രതിമാസ വാടക. കവടിയാറിലാണ് ചീഫ് വിപ്പ് താമസിക്കുന്നത്. ഇന്ധന സെസ് ഉള്‍പ്പെടെ നികുതി കൊള്ളയില്‍ ജനങ്ങള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുമ്പോഴാണ് 85000 രൂപ പ്രതിമാസ വാടക ഉള്ള ആഡംബര വസതി സജി ചെറിയാനു വേണ്ടി സര്‍ക്കാര്‍ നല്‍കുന്നതെന്നതാണ് വിരോധാഭാസം. വഞ്ചിയൂരില്‍ താമസിക്കുന്ന വര്‍ഷ ചിത്ര എന്നയാളുടേതാണ് ഈ ആഡംബര വസതി.

Latest News