Sorry, you need to enable JavaScript to visit this website.

എം. ശിവശങ്കര്‍ അറസ്റ്റില്‍

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ലൈഫ് നിര്‍മാണ അഴിമതിക്കേസില്‍ ഇ.ഡി. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.  സര്‍വീസില്‍നിന്ന് വിരമിച്ച് ഏതാനും ദിവസത്തിന് ശേഷമാണ് അറസ്റ്റ്.

കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ശിവശങ്കറെ അറസ്റ്റ് ചെയ്തത്. കായിക വകുപ്പ് സെക്രട്ടറിയായിരുന്ന അദ്ദേഹം ജനുവരി 31 നാണ് വിരമിച്ചത്.
വിരമിക്കുന്നതിന് തൊട്ടുമുന്‍പായി ഇ.ഡി. അദ്ദേഹത്തിന് ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിരമിക്കുന്നതുവരെ അദ്ദേഹം സാവകാശം ചോദിച്ചു.
ചോദ്യം ചെയ്യലില്‍ കൃത്യമായ ഉത്തരങ്ങള്‍ നല്‍കാന്‍ ശിവശങ്കര്‍ വിസമ്മതിച്ചതായും എന്നാല്‍ വ്യക്തമായ തെളിവുള്ളതിനാല്‍ അറസ്റ്റ് ചെയ്തു എന്നാണ് ഇ.ഡി പറയുന്നത്. ലൈഫ് മിഷന്‍ ഇടപാടില്‍ ലഭിച്ചതായി പറയുന്ന ഒരു കോടിയുടെ കോഴ സ്വപ്‌നയുടെ ലോക്കറില്‍നിന്ന് ഇ.ഡി കണ്ടെടുത്തിരുന്നു. ഇത് ശിവശങ്കറിന്റെ പണമാണെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. ഇത് ശിവശങ്കര്‍ നിഷേധിച്ചിരുന്നു. ലൈഫ് മിഷന്‍ കരാര്‍ ലഭിച്ച യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ അടക്കമുള്ളവരെ  ഇഡി ചോദ്യം ചെയ്തിരുന്നു.
നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ ശിവശങ്കര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഈ കേസില്‍ മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കറിന് 1995 ലാണ് ഐ.എ.എസ് കണ്‍ഫര്‍ ചെയ്തത്.

എന്താണ് ലൈഫ് പദ്ധതി വിവാദം?

പാവപ്പെട്ടവര്‍ക്ക് വീടു വെച്ചുനല്‍കുന്ന ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഭൂരഹിതര്‍ക്ക് ഫ്‌ളാറ്റ് നിര്‍മിച്ചു കൊടുക്കുന്നത് വടക്കാഞ്ചേരിയില്‍ പുരോഗമിക്കുകയായിരുന്നു. മൂന്നാം ഘട്ടത്തില്‍ സര്‍ക്കാരേതര ഏജന്‍സികളുടെ പങ്കാളിത്തവും പദ്ധതിക്കായി പ്രയോജനപ്പെടുത്തിയിരുന്നു. അങ്ങനെയാണ് യു.എ.ഇയുടെ സന്നദ്ധസംഘടനയായ റെഡ് ക്രസന്റ് സഹായവുമായി മുന്നോട്ടുവരുന്നത്. യു.എ.ഇയില്‍നിന്നു നേരിട്ടു ധനസസഹായം സ്വീകരിക്കുന്നതിനു നിയമതടസ്സങ്ങള്‍ ഉള്ളതു കൊണ്ടാണു റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

പദ്ധതി പ്രകാരം ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയം നിര്‍മാണം ഉള്‍പ്പെടെ 21 കോടി ചെലവില്‍ നിര്‍വഹിക്കാമെന്നായിരുന്നു റെഡ് ക്രസന്റ് വാഗ്ദാനം. സര്‍ക്കാര്‍ അംഗീകരിക്കുന്ന രൂപരേഖ അനുസരിച്ച് ഇതിനായുള്ള കരാര്‍ നല്‍കാനുള്ള ഉത്തരവാദിത്തം പക്ഷേ റെഡ് ക്രസന്റിനായിരുന്നു. യൂണിടാക് എന്ന കമ്പനിക്കായിരുന്നു കരാര്‍. വടക്കാഞ്ചേരിയിലെ 2.17 ഏക്കറില്‍ ആറു നിലകളിലായി 140 ഫ്‌ളാറ്റ് നിര്‍മിക്കുന്നതിന് റെഡ് ക്രസന്റുമായി സര്‍ക്കാര്‍ ധാരണയിലെത്തിയത് ജൂലൈ 11ന്.
അതിനിടെ, സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പിടിയിലായ മുന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷിന്റെ അക്കൗണ്ടില്‍ കണ്ട ഒരു തുകയുടെ ഉറവിടം എന്‍.ഐ.എ അന്വേഷിക്കുന്നു. യൂണിടാക്ക് കമ്പനി റെഡ് ക്രസന്റിന് കോഴ നല്‍കിയതിനാലാണ് അവര്‍ക്ക് കരാര്‍ ലഭിച്ചതെന്നും ആ കോഴയുടെ ഒരു പങ്കാണ് തന്റെ അക്കൗണ്ടിലെ ഒരു കോടി രൂപയെന്നും സ്വപ്ന എന്‍.ഐ.എക്കു മൊഴി നല്‍കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. പദ്ധതി കമ്മീഷന്‍ തുകയില്‍നിന്ന് യു.എ.ഇ കോണ്‍സല്‍ ജനറലാണ് ഒരു കോടി രൂപ സമ്മാനമായി നല്‍കിയതെന്നും സ്വപ്ന മൊഴി നല്‍കി. പദ്ധതിയുടെ നിര്‍മാണ കരാര്‍ ലഭിക്കാന്‍ 4.25 കോടി രൂപ കമ്മിഷന്‍ നല്‍കേണ്ടി വന്നതായി യൂണിടാക് പ്രതിനിധികളും എന്‍.ഐ.എക്കും ഇ.ഡിക്കും മൊഴി നല്‍കി.

സ്വര്‍ണക്കടത്തു കേസിലെ മറ്റൊരു പ്രതി സന്ദീപ് നായര്‍ക്ക് 75 ലക്ഷം രൂപയും കമ്മിഷനായി ലഭിച്ചെന്നും അന്വേഷണ ഏജന്‍സികള്‍ കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനു മേല്‍നോട്ട ചുമതലയില്ലാത്ത ഈ നിര്‍മാണ കരാറില്‍ ഇടനിലക്കാരെന്ന നിലയിലായിരുന്നു ഇവര്‍ക്ക് കമ്മിഷന്‍. എന്നാല്‍ കമ്മിഷന്‍ ഒരു കോടിയല്ല നാലരക്കോടിയാണെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ഉള്‍പ്പെടെ പങ്കെടുത്ത കൈരളി ചാനല്‍ ചര്‍ച്ചയില്‍ അവതാരകന്‍ ജോണ്‍ബ്രിട്ടാസ് വെളിപ്പെടുത്തിയതോടെ വിവാദം ചൂടുപിടിച്ചു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ ബ്രിട്ടാസിനും കമ്മിഷനെപ്പറ്റി അറിയാമായിരുന്നെന്നായിരുന്നു വിവാദം.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തിന് സെപ്റ്റംബര്‍ 24ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള കരാര്‍, യുണിടാക് കമ്പനി കരാറില്‍ എങ്ങനെ എത്തി, കമ്മിഷനായി എത്ര തുക നല്‍കി, കരാറില്‍ വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ചിട്ടുണ്ടോ, ഫ്‌ലാറ്റ് നിര്‍മിക്കുന്ന സ്ഥലം അതിനു യോജ്യമാണോ, കമ്പനിയില്‍ നിന്നു നികുതി ഈടാക്കുന്നതില്‍ ധനവകുപ്പ് വീഴ്ച വരുത്തിയോ, കെട്ടിട നിര്‍മാണ അനുമതി ലഭിച്ചിട്ടുണ്ടോ, കരാറില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിന്റെ പങ്ക്, സ്വര്‍ണക്കടത്തു കേസ് പ്രതികളുടെ ബന്ധം എന്നീ കാര്യങ്ങളായിരുന്നു വിജിലന്‍സ് പരിഗണനയിലുണ്ടായിരുന്നത്. ഫ്‌ലാറ്റ് നിര്‍മാണത്തിലെ സുരക്ഷിതത്വമില്ലായ്മയെക്കുറിച്ച് അനില്‍ അക്കര നല്‍കിയ പരാതി ശരിവയ്ക്കും വിധമായിരുന്നു വിജിലന്‍സ് പരിഗണനയില്‍ വന്ന വിഷയങ്ങള്‍.

 

 

Latest News