റിയാദ് - റിലീഫ്, ഹ്യുമാനിറ്റേറിയൻ എയിഡ് മേഖലയിൽ കഴിഞ്ഞ വർഷം ലോകത്ത് ഒന്നാം സ്ഥാനം കൈവരിക്കാൻ സൗദി അറേബ്യക്ക് സാധിച്ചതായി വാണിജ്യ മന്ത്രിയും ആക്ടിംഗ് മീഡിയ മന്ത്രിയുമായ ഡോ. മാജിദ് അൽഖസബി പറഞ്ഞു. ഗവൺമെന്റ് കമ്യൂണിക്കേഷൻ സെന്റർ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡോ. മാജിദ് അൽഖസബി. ബിസിനസ് ആരംഭിക്കാനുള്ള എളുപ്പം അളക്കുന്ന ആഗോള സൂചികയിലും കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം കൈവരിക്കാൻ സൗദി അറേബ്യക്ക് സാധിച്ചു. സൈബർ സെക്യൂരിറ്റി സൂചികയിൽ ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. സൗദി വിദ്യാർഥികൾ കഴിഞ്ഞ വർഷം 94 അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടി. അന്താരാഷ്ട്ര ബഹിരാകാശ നിലയിലേക്ക് ആദ്യ സൗദി വനിത ബഹിരാകാശ യാത്രികയെയും യാത്രികനെയും അയക്കുമെന്നും സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്.
രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക, സാങ്കേതിക, സ്‌പോർട്‌സ് മേഖലകളിൽ ആഗോള കേന്ദ്രമായി സൗദി അറേബ്യ മാറിയിട്ടുണ്ട്. 2022 ൽ 65 രാഷ്ട്ര നേതാക്കളെ സൗദി അറേബ്യ സ്വീകരിച്ചു. സൗദി-അമേരിക്കൻ ഉച്ചകോടി, സൗദി-ചൈന ഉച്ചകോടി, ഗൾഫ്-അറബ് ഉച്ചകോടി എന്നിവയടക്കം ഏതാനും ഉച്ചകോടികൾക്കും രാജ്യം കഴിഞ്ഞ വർഷം ആതിഥ്യമരുളി. പത്തിലേറെ രാജ്യങ്ങളിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഔദ്യോഗിക സന്ദർശനങ്ങൾ നടത്തി. ഇതിനിടെ മൂന്നു അന്താരാഷ്ട്ര ഉച്ചകോടികളിൽ കിരീടാവകാശി പങ്കെടുത്തു. കഴിഞ്ഞ വർഷം വ്യത്യസ്ത മേഖലകളിൽ 21 വൻകിട പദ്ധതികളും സ്ട്രാറ്റജികളും കിരീടാവകാശി പ്രഖ്യാപിച്ചു. ഇവയുടെ ഫലം വൈകാതെ ലഭിക്കും.
ഉക്രൈൻ സംഘർഷവും കൊറോണ മഹാമാരി പ്രത്യാഘാതങ്ങളും പ്രകൃതി ദുരന്തങ്ങളും കാരണം നിരവധി രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷം ഏറെ ദുഷ്‌കരമായിരുന്നു. എന്നാൽ എല്ലാ മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സൗദി അറേബ്യക്ക് സാധിച്ചു. കഴിഞ്ഞ വർഷം ജി20 രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത് സൗദിയിലാണ്. പതിനൊന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്.
കാർ ഇറക്കുമതി വാഹന ഏജൻസികളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി വാണിജ്യ മന്ത്രി കൂടിയായ ആക്ടിംഗ് മീഡിയ മന്ത്രി പറഞ്ഞു. വ്യക്തികൾക്കും വിദേശങ്ങളിൽ നിന്ന് കാറുകൾ ഇറക്കുമതി ചെയ്യാൻ സാധിക്കും. കൊറോണ മഹാമാരിയും ഇതോടനുബന്ധിച്ച വെല്ലുവിളികളും കാരണം കാറുകളുടെ വില ആഗോള തലത്തിൽ തന്നെ വർധിച്ചിട്ടുണ്ട്. വാഹന വിപണിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ സൗദി സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. രാജ്യത്തെ 99 ശതമാനം വ്യാപാര സ്ഥാപനങ്ങളും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ചെറുകിട, ഇടത്തരം സ്ഥാപന ബാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കുള്ള വായ്പകൾ വർധിപ്പിക്കാൻ മറ്റു വാണിജ്യ ബാങ്കുകളുമായി ചെറുകിട, ഇടത്തരം സ്ഥാപന ബാങ്ക് സഹകരിച്ച് നടപടികളെടുത്തിട്ടുണ്ട്. ഇതിന്റെ ഫലമായി കഴിഞ്ഞ വർഷം ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ബാങ്കുകൾ നൽകിയ ആകെ വായ്പകൾ 9500 കോടിയിലേറെ റിയാലായി ഉയർന്നു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണം 11 ലക്ഷമായും ഉയർന്നിട്ടുണ്ടെന്ന് ഡോ. മാജിദ് അൽഖസബി പറഞ്ഞു.






