ജിദ്ദയില്‍ മലിനജല പദ്ധതികള്‍ക്ക് 1,600 കോടി റിയാല്‍; മലവെള്ളപ്പാച്ചില്‍ തടയാന്‍ 150 കോടി

ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ മാജിദ് അല്‍ഹുഖൈല്‍ സംസാരിക്കുന്നു.

റിയാദ് - ജിദ്ദയില്‍ മലിനജല പദ്ധതികള്‍ നടപ്പാക്കാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 1,600 കോടി റിയാല്‍ അനുവദിച്ചതായി മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ വെളിപ്പെടുത്തി. ജിദ്ദയില്‍ മലവെള്ളപ്പാച്ചില്‍ തടയാന്‍ ആവശ്യമായ പദ്ധതികള്‍ നടപ്പാക്കാന്‍ 150 കോടി റിയാല്‍ നീക്കിവെക്കാനും കിരീടാവകാശി നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ പങ്കെടുത്ത് മാജിദ് അല്‍ഹുഖൈല്‍ പറഞ്ഞു. മലവെള്ളപ്പാച്ചില്‍ കാരണം പ്രളയസാധ്യത കൂടിയ ഏതാനും നഗരങ്ങളില്‍ ഡ്രൈനേജ് പദ്ധതികളും അനുബന്ധ പദ്ധതികളും നടപ്പാക്കാന്‍ ഈ വര്‍ഷം 500 കോടി റിയാലും നീക്കിവെച്ചിട്ടുണ്ട്. ജിദ്ദയില്‍ നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതികള്‍ മുഴുവന്‍ ഒറ്റയടിക്ക് നടപ്പാക്കുന്നത് നഗരത്തില്‍ ജനജീവിതം തടസ്സപ്പെടുത്തും. ജനജീവിതത്തെ ബാധിക്കാത്ത നിലക്ക് സന്തുലിതമായി പദ്ധതികള്‍ നടപ്പാക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്.
റിയാദില്‍ ഗതാഗതത്തിരക്ക് ലഘൂകരിക്കുന്നതിനെ കുറിച്ച് റിയാദ് റോയല്‍ കമ്മീഷന്‍ സമഗ്ര പഠനം നടത്തുന്നുണ്ട്. ബദല്‍ റോഡുകളും ഓപ്ഷനുകളും ലഭ്യമാക്കി ഗതാഗതത്തിരക്കിന് പരിഹാരം കാണാനാണ് ശ്രമം. തലസ്ഥാന നഗരിയില്‍ ഒരു മാസത്തിനുള്ളില്‍ ആരംഭിക്കുന്ന ബസ് സര്‍വീസ് പദ്ധതി നഗരത്തില്‍ തിരക്ക് കുറക്കാന്‍ സഹായിക്കും.
ഭവന വിലകള്‍ ഉയര്‍ന്ന റിയാദിലും മറ്റു നഗരങ്ങളിലും പാര്‍പ്പിട പദ്ധതികള്‍ നടപ്പാക്കാന്‍ മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന് 10 കോടി ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലങ്ങള്‍ അനുവദിക്കാന്‍ കിരീടാവകാശി നിര്‍ദേശിച്ചിട്ടുണ്ട്. പലിശനിരക്ക് വര്‍ധന റിയല്‍ എസ്റ്റേറ്റ് വായ്പകളെ ബാധിക്കുന്നത് ലഘൂകരിക്കാന്‍ സെന്‍ട്രല്‍ ബാങ്കുമായി ചേര്‍ന്ന് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം പ്രവര്‍ത്തിച്ചുവരികയാണ്. റിയാദിലെ ഖുസാം, അല്‍ഫുര്‍സാന്‍ പ്രാന്തപ്രദേശങ്ങളില്‍ പാര്‍പ്പിട യൂനിറ്റുകളുടെ വിലകള്‍ മൂന്നര ലക്ഷം റിയാല്‍ മുതലാണ് ആരംഭിക്കുന്നത്.
മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന്റെ ഭവന സഹായങ്ങള്‍ പതിനാലു ലക്ഷത്തിലേറെ പേര്‍ക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. 2025 വരെയുള്ള കാലത്ത് 3,65,000 പാര്‍പ്പിട യൂനിറ്റുകള്‍ കൂടി ലഭ്യമാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. സൗദിയില്‍ ഭവന വായ്പാ തിരിച്ചടവ് മുടങ്ങല്‍ 0.5 ശതമാനത്തിലും കുറവാണ്. ലോകത്തു തന്നെ ഏറ്റവും കുറഞ്ഞ അനുപാതമാണിതെന്നും മാജിദ് അല്‍ഹുഖൈല്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News