Sorry, you need to enable JavaScript to visit this website.

യോഗി ആദിത്യനാഥിന് പേടി; രാഹുലിന്റെ വിമാനം യു. പിയില്‍ ഇറക്കാന്‍ അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസ്

ലഖ്നൗ- രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് വാരാണസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ചൊവ്വാഴ്ച പ്രയാഗ് രാജിലും വാരാണസിയിലും രാഹുല്‍ ഗാന്ധിക്ക് പരിപാടികളുണ്ടായിരുന്നു. അവയില്‍ പങ്കെടുക്കാനാണ് അദ്ദേഹം കണ്ണൂരില്‍ നിന്ന് വാരാണസിയിലേക്ക് പറന്നതെങ്കിലും ഇറങ്ങാന്‍ അനുവാദിക്കാതിരുന്നതിനെ തുടര്‍ന്ന് ദല്‍ഹിയിലേക്ക് പോവുകയായിരുന്നുവെന്നും യു. പിയിലെ കോണ്‍ഗ്രസ് നേതാവ് അജയ് റായ് കുറ്റപ്പെടുത്തി. അതോടെ രാഹുലിന്റെ പരിപാടികള്‍ റദ്ദാക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വിമാനത്താവള അധികൃതര്‍ അനുമതി നിഷേധിച്ചതെന്നും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി. ജെ. പി സര്‍ക്കാരിന് രാഹുല്‍ ഗാന്ധിയെ ഭയമാണെന്നും അതുകൊണ്ടാണ് വിമാനത്തിന് അനുമതി നിഷേധിച്ചതെന്നും അജയ് റായ് ആരോപിച്ചു. 

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് അനുമതി നിഷേധിച്ചതെന്നാണ് അജയ് റായ് പറയുന്നത്. ഭാരത് ജോഡോ യാത്ര തുടങ്ങിയത് മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ആശങ്കകളുണ്ടെന്നും രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായി ബുദ്ധിമുട്ടിക്കാനാണ് ബി. ജെ. പി ശ്രമങ്ങല്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ കോണ്‍ഗ്രസ് ആരോപണങ്ങളെ വിമാനത്താവള അധികൃതര്‍ നിഷേധിച്ചു. രാഹുല്‍ ഗാന്ധിയുടെ പരിപാടി അവസാന സമയം റദ്ദാക്കിയെന്നും അദ്ദേഹം കണ്ണൂരില്‍ നിന്ന് ദല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചെന്നുമാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം. രാഹുലിന്റെ പരിപാടിയെ കുറിച്ച് കോണ്‍ഗ്രസിനാണോ യു. പിയിലെ വിമാനത്താവള അധികൃതര്‍ക്കാണോ വ്യക്തമായി അറിയുക എന്ന ചോദ്യത്തിന് മാത്രം ഇവിടെ പ്രസക്തിയില്ല.

Tags

Latest News