ഷാര്‍ജ- ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷന് നല്കി വരുന്ന 'മലയാണ്മ 2023' മാതൃഭാഷാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാഷാപ്രവര്ത്തനങ്ങള്ക്ക് പിന്തുണ നല്കുന്ന മികച്ച പ്രവാസി സംഘടനക്ക് നല്കുന്ന 'സുഗതാഞ്ജലി' പ്രവാസി പുരസ്കാരം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകവുമാണ് പുരസ്കാരം.
പ്രവാസി മലയാളികള്‍ക്കിടയില്‍ മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും വ്യാപനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മികച്ച മലയാളം മിഷന് ചാപ്റ്ററിനുള്ള 'കണിക്കൊന്ന' പുരസ്കാരം മലയാളം മിഷന് മുംബൈ ചാപ്റ്ററാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകവുമാണ് പുരസ്കാരം. മലയാള ഭാഷയെ സാങ്കേതിക സൗഹൃദമാക്കുന്നതിനുള്ള നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന വ്യക്തികള്‍ക്ക് അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന ഭാഷാപ്രതിഭാ പുരസ്ക്കാരത്തിന് ബെംഗളൂരു ആസ്ഥാനമായ ഇന്ഡിക്ക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന് അര്‍ഹരായി.
മലയാളം മിഷന് നടത്തുന്ന ഭാഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഭാഷാപ്രവര്ത്തകര്ക്കും അധ്യാപകര്‍ക്കും ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന പുരസ്കാരങ്ങളാണ് ഭാഷാമയൂരം പുരസ്കാരവും ബോധി അധ്യാപക പുരസ്കാരവും. രാജ്യത്തിനകത്തും വിദേശത്തുമായി രണ്ടു വിഭാഗങ്ങളിലാണ് പുരസ്കാരം നല്‍കുന്നത്. പ്രവാസ ലോകത്തെ മികച്ച ഭാഷാപ്രവര്ത്തകര്ക്ക് നല്കുന്ന ഭാഷാമയൂരം പുരസ്കാരം ഇന്ത്യ വിഭാഗത്തില്‍ കെ. ദാമോദരന്‍ (പ്രസിഡന്റ്, മലയാളം മിഷന് കര്‍ണാടക ചാപ്റ്റര്‍), വിദേശം വിഭാഗത്തില്‍ ഫിറോസിയ ദിലീഫ് റഹ്മാന്, റംഷി മുഹമ്മദ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.
പ്രവാസലോകത്തെ മികച്ച മലയാളം മിഷന് അധ്യാപകര്‍ക്ക് നല്കുന്ന ബോധി അധ്യാപക പുരസ്കാരത്തിന് ഇന്ത്യ വിഭാഗത്തില്‍ പി.രാധാദേവി (തമിഴ്നാട് ചാപ്റ്റര്‍), വിദേശ വിഭാഗത്തില്‍ പ്രീത നാരായണന് (അബുദാബി ചാപ്റ്റര്‍) എന്നിവരാണ് അര്‍ഹരായത്. ഈ വിഭാഗത്തില്‍ കര്‍ണ്ണാടക ചാപ്റ്ററില്‍ നിന്നുള്ള അധ്യാപികയായ മീര നാരായണന് പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി.
കെ. ജയകുമാര്‍ (ഡയറക്ടര്‍, ഐഎംജി), ഡോ. പി.കെ. രാജശേഖരന് (ഗ്രന്ഥകാരന്, നിരൂപകന്), ഡോ. സി. രാമകൃഷ്ണന് (അക്കാദമിക് വിദഗ്ധന്‍, വിദ്യാകിരണം), മുരുകന് കാട്ടാക്കട (ഡയറക്ടര്‍, മലയാളം മിഷന്) എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്കാരനിര്‍ണ്ണയം നടത്തിയത്. ഫെബ്രുവരി 21 ന് കോവളം ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന ലോക മാതൃഭാഷാ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനവും പുരസ്കാര വിതരണവും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും.
തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മലയാളം മിഷന് ഡയറക്ടര്‍ മുരുകന് കാട്ടാക്കട, റജിസ്ട്രാര്‍ വിനോദ് വൈശാഖി എന്നിവര്‍ പങ്കെടുത്തു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)