ദമാം- ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്ന തിന് ആർ.എസ്.സി തർത്തീൽ രജിസ്ട്രേഷൻ ആരംഭിച്ചു. പ്രവാസി വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യം വെച്ച് രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ തലത്തിൽ സംഘടിപ്പിക്കുന്ന ഹോളി ഖുർആൻ മത്സര പരിപാടികളുടെ ഭാഗമായാണ് സൗദി തല രജിസ്ട്രേഷൻ ആരംഭിച്ചത്.
ഖുർആൻ വാർഷിക മാസമായ വിശുദ്ധ റമളാനിൽ നടത്തിവരുന്ന തർത്തീലിന്റെ ആറാമത് പതിപ്പാണ് ഈ വർഷം നടക്കുന്നത്. പാരായണം മുതൽ ഗവേഷണം വരെ പ്രത്യേക പാരമ്പര്യവും നിയമങ്ങളുമുള്ള ഖുർആൻ വിജ്ഞാനീയങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുകയും ഈ മേഖലയിലേക്ക് പുതു തലമുറയെ വളർത്തിക്കൊണ്ടു വരികയുമാണ് തർത്തീൽ ലക്ഷ്യമാക്കുന്നത്. ഒപ്പം അത് മുന്നോട്ട് വെക്കുന്ന മാനവിക മൂല്യങ്ങൾ സമൂഹത്തിന് പകർന്ന് നൽകി ഇസ് ലാമിന്റെ ജൈവികതയെ പ്രകാശിപ്പിക്കുക എന്നതും കാണുന്നു.
2023 ഫെബ്രുവരി 10 മുതൽ പ്രാദേശിക യൂനിറ്റിൽ നടക്കുന്ന സ്ക്രീനിംഗ് പരിപാടിയോടെ തുടക്കം കുറിച്ച 'തർത്തീൽ' സെക്ടർ, സോൺ മൽസരങ്ങൾക്ക് ശേഷം ഏപ്രിൽ 7ന് നാഷണൽ മൽസരത്തോടെ സമാപിക്കും. ഓരോ തലത്തിലും വിജയിക്കുന്ന പ്രതിഭകളാണ് തൊട്ടു മേൽ ഘടകത്തിൽ മാറ്റുരക്കുക. കിഡ്സ്, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി തിലാവത് (പാരായണം), ഹിഫഌ (മനഃപാഠം), കഥപറയൽ, ഖുർആൻ സെമിനാർ, ഖുർആൻ ക്വിസ്, രിഹാബുൽ ഖുർആൻ, മുബാഹസ എന്നിവയാണ് പ്രധാന മൽസര ഇനങ്ങൾ.
കൂടാതെ നാഷണൽ മൽസരങ്ങളുടെ ഭാഗമായി ഖുർആൻ എക്സ്പോയും ഒരുക്കുന്നുണ്ട്. കേവല മൽസര വേദി എന്നതിനപ്പുറം ഖുർആൻ അറിവുകൾ, ചരിത്രം, രചനകൾ, ചിത്രങ്ങൾ, സ്പോട് കാലിഗ്രഫി തുടങ്ങി പഠനാർഹവും ആസ്വാദ്യകരവുമായ വേദിയാകും തർത്തീൽ.
വാർഷിക മൽസരങ്ങളോടനുബന്ധിച്ച് ഓരോ വർഷവും ആഭ്യന്തരമായി നടക്കുന്ന തൽമീഅ്, തഹ്സീൻ തുടങ്ങിയ പരിശീലന പദ്ധതിയിലൂടെയാണ് ഈ രംഗത്തെ പ്രതിഭകളെ ഒരുക്കിയെടുക്കുന്നതെന്നും തർത്തീൽ മത്സരങ്ങളുടെ ഭാഗമാകാൻ താൽപര്യപ്പെടുന്നവർ ംംം.വേമൃവേലലഹ.ൃരെമൌറശലമേെ.രീാ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രിസാല സ്റ്റഡി സർക്കിൾ സൗദി ഈസ്റ്റ് ചെയർമാൻ ഇബ്രാഹിം അംജദി, ജനറൽ സെക്രട്ടറി റഊഫ് പാലേരി, മീഡീയ സെക്രട്ടറി അനസ് വിളയൂർ, സംഘടനാ സെക്രട്ടറി ഫൈസൽ വെങ്ങാട്, കലാലയം സെക്രട്ടറി മുഹമ്മദ് സ്വാദിഖ് സഖാഫി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
----






