Sorry, you need to enable JavaScript to visit this website.

വനിതയടക്കം രണ്ടു സഞ്ചാരികളെ ഈ വർഷം സൗദി ബഹിരാകാശ നിലയത്തിലേക്ക് അയക്കും

യാത്ര ഈ വർഷം രണ്ടാം പാദത്തിൽ

റിയാദ്- ഈ വർഷം ഒരു വനിതയടക്കം രണ്ടു സഞ്ചാരികളെ ബഹിരാകാശ നിലയത്തിലേക്ക് അയക്കുമെന്ന് സൗദി സ്‌പേസ് കമ്മീഷൻ അറിയിച്ചു. റയാന ബർനാവി, അലി അൽഖർനി എന്നീ രണ്ടു സൗദി ബഹിരാകാശ സഞ്ചാരികളെയാണ് എഎക്‌സ്-2 ബഹിരാകാശ ദൗത്യസംഘത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. മർയം ഫിർദൗസ്, അലി അൽഗാംദി എന്നീ രണ്ടു സൗദി സഞ്ചാരികൾക്ക് പരിശീലനം നൽകി വരികയാണെന്നും ഭാവിയിൽ അവരും മറ്റൊരു സംഘത്തിൽ ഭാഗഭാക്കാകുമെന്നും കമ്മീഷൻ വ്യക്തമാക്കി. അമേരിക്കയിൽ നിന്നാണ് ഇവർ ഈ വർഷം രണ്ടാം പാദത്തിൽ ബഹിരാകാശ നിലയത്തിലേക്ക് കുതിക്കുക.
ആഗോള തലത്തിൽ ബഹിരാകാശ മേഖലയും അതിന്റെ വ്യവസായങ്ങളും വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മുൻഗണന മേഖലകളിൽ മാനവരാശിയെ സേവിക്കുന്നതിനുള്ള ഗവേഷണത്തിന് സംഭാവന നൽകുകയും ചെയ്യുകയെന്നതാണ് സൗദി അറേബ്യ ഇതുകൊണ്ടുദ്ദേശിക്കുന്നതെന്ന് കമ്മീഷൻ ചെയർമാൻ എൻജിനീയർ അബ്ദുല്ല അൽസവാഹ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ ഭരണ നേതൃത്വം ഇക്കാര്യത്തിൽ പൂർണ പിന്തുണയാണ് നൽകുന്നതെന്ന് കമ്മീഷൻ സി.ഇ.ഒ ഡോ. മുഹമ്മദ് ബിൻ സൗദ് അൽതമീമി പറഞ്ഞു. എൻജിനീയറിംഗ്, സാങ്കേതികവിദ്യ, ശാസ്ത്ര ഗവേഷണ മേഖലകളിൽ മറ്റു രാജ്യങ്ങളുമായി മത്സരിക്കാൻ സൗദി അറേബ്യയും അർഹത നേടിയിരിക്കുന്നു. ഒരേ സമയം ഒരേ രാജ്യക്കാരായ രണ്ട് ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി സൗദി അറേബ്യ മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സൗദി പ്രതിരോധ മന്ത്രാലയം, കായിക മന്ത്രാലയം, സിവിൽ ഏവിയേഷൻ അതോറിറ്റി, കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, ആക്‌സിയം സ്‌പേസ് കമ്പനി എന്നിവയുമായി കൈകോർത്താണ് ബഹിരാകാശ യാത്ര പദ്ധതി നടപ്പാക്കുന്നത്. ബഹിരാകാശ യാത്രികർക്കായി സൗദി ബഹിരാകാശ അതോറിറ്റി നേരത്തെ പദ്ധതി ആരംഭിച്ചിരുന്നു. പരിചയ സമ്പന്നരായ സൗദി കേഡർമാർക്ക് ബഹിരാകാശ വിമാനങ്ങളിൽ പോകാനും ശാസ്ത്രീയ പരീക്ഷണങ്ങൾ, അന്താരാഷ്ട്ര ഗവേഷണം, ഭാവി ബഹിരാകാശം എന്നിവയിൽ പങ്കെടുക്കാനും യോഗ്യത നേടുകയെന്ന ലക്ഷ്യത്തോടെയുള്ള സംയോജിത പാക്കേജിന്റെ ഭാഗമായാണ് ഈ യാത്ര.

Tags

Latest News