Sorry, you need to enable JavaScript to visit this website.

ഹാജിമാരുടെ സേവനം- ആഭ്യന്തര ഹജ് സേവന വ്യവസ്ഥകൾ പരിഷ്‌കരിക്കുന്നു

റിയാദ്- ഹാജിമാർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ഉറപ്പു വരുത്തുന്നതിന് ആഭ്യന്തര ഹജ് സേവന വ്യവസ്ഥകൾ ഹജ് ഉംറ മന്ത്രാലയം പരിഷ്‌കരിക്കുന്നു. ഹജ്, ആഭ്യന്തരം, വാണിജ്യം എന്നീ മന്ത്രാലയങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക സമിതിയാണ് പരിഷ്‌കരണ നിർദേശങ്ങൾ നൽകുക.
ആഭ്യന്തര ഹജ് കമ്പനികൾക്ക് ലൈസൻസ് നൽകുമ്പോൾ ഓരോ കമ്പനിയുടെ പരമാവധി ശേഷി, ഹാജിമാരുടെ എണ്ണം, പുണ്യനഗരങ്ങളിൽ അവരുടെ സേവനം, സാമ്പത്തിക, ഭരണ കഴിവുകൾ, മുൻ വർഷങ്ങളിൽ അവരുടെ സേവനം എന്നിവ പരിശോധിച്ചുറപ്പുവരുത്തണമെന്നതാണ് പുതിയ വ്യവസ്ഥകളിലുള്ളത്.
ഓരോ കമ്പനിയുടെയും ലൈസൻസ് കോപ്പി, കമ്പനിയുടെ കരാർ ചെയ്ത ഹാജിമാരുടെ വിവരങ്ങൾ, ലൊക്കേഷൻ, പുണ്യനഗരിയിൽ അനുവദിച്ച ഏരിയ തുടങ്ങിയ വിവരങ്ങൾ അഴിമതി വിരുദ്ധ സമിതിക്ക് കൈമാറും. ഓരോ കമ്പനിയുടെയും സാമ്പത്തിക, ഭരണ കഴിവുകൾക്കനുസരിച്ച് മാത്രമേ സീസൺ അനുമതികൾ ലഭിക്കുകയുള്ളൂ. സീസൺ അനുമതി ലഭിച്ചാൽ ഓരോ ഹാജിക്കും മുന്നൂറു മുതൽ അറുന്നൂറു റിയാൽ വരെ കണക്കാക്കി ബാങ്ക് ഗാരന്റി മന്ത്രാലയത്തിന് സമർപ്പിക്കണം.
ഹജ്, ആഭ്യന്തരം, വാണിജ്യം മന്ത്രാലയങ്ങളിലെ സ്ഥിരം പ്രതിനിധികൾ ഹാജിമാരുടെ പരാതികൾ പരിശോധിക്കുകയും കമ്പനികളുടെ നിയമ ലംഘനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ദുൽഹിജ്ജ ഒന്നു മുതലാണ് ഈ സമിതി പ്രവർത്തിക്കുക. ലൈസൻസില്ലാത്ത സ്ഥാപനങ്ങളെയും ഈ സമിതിയാണ് പരിശോധിക്കുക. മക്ക ആസ്ഥാനമായാണ് സമിതി പ്രവർത്തിക്കുക.

Tags

Latest News