Sorry, you need to enable JavaScript to visit this website.

പത്താമത് സൗദി കോഫി ഫെസ്റ്റിവലിന് ജിസാനിൽ തുടക്കം

ജിസാൻ ദായിർ ബനീമാലിക്കിൽ പത്താമത് കോഫി ഫെസ്റ്റിവൽ ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ഉദ്ഘാടനം ചെയ്യുന്നു.

ജിസാൻ- ദായിർ ബനീമാലിക്കിൽ പത്താമത് കോഫി ഫെസ്റ്റിവൽ ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, കൃഷി മന്ത്രാലയം ഡയറക്ടർ മുഹമ്മദ് ആൽ അതീഫ്, സഹമന്ത്രി എൻജിനീയർ മൻസൂർ ബിൻ ഹിലാൽ അൽമുശൈത്തി, ജിസാൻ ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല മുഹമ്മദ് അൽസഖർ, അൽദായിർ ഗവർണർ നായിഫ് ബിൻ ലബ്ദ എന്നിവർ സംബന്ധിച്ചു. പരിസ്ഥിതി, കൃഷി, ജല മന്ത്രാലയമാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ജിസാൻ മലമ്പ്രദേശങ്ങളിൽ നൂറിലധികം കർഷകർ ഉൽപാദിപ്പിക്കുന്ന 500 ടൺ ഏറ്റവും മുന്തിയ കാപ്പിയാണ് ഫെസ്റ്റിവലിൽ എത്തിച്ചിരിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും പവിലിയനുകളും സാംസ്‌കാരിക, പൈതൃക, പാചക കലകളുമായി ബന്ധപ്പെട്ട 15 ഓളം പവിലിയനുകളും ഫെസ്റ്റിവലിലുണ്ട്.
കഴിഞ്ഞ വർഷം സർക്കാർ പിന്തുണയോടെ സൗദി കോഫി വർഷമായി ആചരിച്ചിരുന്നു. സൗദി ഖൗലാനി കോഫിയെ യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എട്ട് നൂറ്റാണ്ടിന്റെ പാരമ്പര്യമാണ് ജിസാൻ മലമ്പ്രദേശങ്ങളിലെ കാപ്പിക്ക് അവകാശപ്പെടാനുള്ളത്. സമീപത്തെ പത്ത് മലമ്പ്രദേശങ്ങളിലേക്ക് ഇത് വ്യാപിച്ചിട്ടുമുണ്ട്. പരമ്പരാഗതമായി കാപ്പി കൃഷിയും അതിന്റെ ഗുണമേന്മയും കാത്തുസൂക്ഷിക്കുന്നവരാണ് ഇവിടുത്തെ കർഷകർ.
നിലവിൽ ഇവിടെയുള്ള 3,84,214 കാപ്പിമരങ്ങളിൽ 2,30,501 മരങ്ങളിൽ നിന്ന് വിളവെടുക്കുന്നുണ്ട്. 922 ടൺ ആണ് നിലവിലെ വാർഷിക ഉൽപാദനം.

Tags

Latest News