പ്രതികൂല കാലാവസ്ഥ, ഫ്‌ളൈ ദുബായ് വിമാനം വഴിതിരിച്ചുവിട്ടു

ദുബായ്- റഷ്യയിലേക്കുള്ള ഫ്‌ളൈ ദുബായ് വിമാനം പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് അസര്‍ബൈജാനിലേക്ക് തിരിച്ചുവിട്ടു. ദുബായ് ഇന്റര്‍നാഷണലില്‍നിന്ന് (ഡിഎക്‌സ്ബി) മഖച്കല എയര്‍പോര്‍ട്ടിലേക്ക് (എംസിഎക്‌സ്) പോയ എഫ്ഇസഡ് 905 എന്ന വിമാനം ബാക്കു എയര്‍പോര്‍ട്ടിലേക്ക് (ജിവൈഡി) വഴിതിരിച്ചുവിട്ടതായി എയര്‍ലൈന്‍ വക്താവ് പറഞ്ഞു.
'യാത്രക്കാര്‍ക്ക് ആവശ്യാനുസരണം ലഘുഭക്ഷണം നല്‍കി, ഫെബ്രുവരി 12 ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.32 ന് മഖച്കലയിലേക്ക് യാത്ര തുടര്‍ന്നു. ഞങ്ങളുടെ യാത്രക്കാരുടെ യാത്രാ ഷെഡ്യൂളുകള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു,' വക്താവ് കൂട്ടിച്ചേര്‍ത്തു.
മഖച്കലയില്‍ കനത്ത മൂടല്‍മഞ്ഞ് കാരണം വിമാനം വഴിതിരിച്ചുവിട്ടതായി അസര്‍ബൈജാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച, സിഡ്‌നിയില്‍ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം മെഡിക്കല്‍ എമര്‍ജന്‍സി കാരണം പെര്‍ത്തിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ബ്രസല്‍സിലേക്കുള്ള മറ്റൊരു യാത്ര ഇറാഖി നഗരമായ എര്‍ബിലിലേക്കും തിരിച്ചുവിട്ടു.

ജി.സി.സി രാജ്യങ്ങള്‍ നികുതി വരുമാനം വര്‍ധിപ്പിക്കണമെന്ന് ഐ.എം.എഫ് മേധാവി

ദുബായ്- ജി.സി.സി രാജ്യങ്ങള്‍ നികുതി വരുമാനം വര്‍ധിപ്പിക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) മേധാവി ക്രിസ്റ്റലീന ജോര്‍ജീവ. മധ്യപൗരസ്ത്യ രാജ്യങ്ങളിലെ ശരാശരി നികുതി-ജി.ഡി.പി അനുപാതം ശേഖരിക്കാന്‍ കഴിയുന്നതിന്റെ പകുതിയില്‍ താഴെയാണ്, കാര്യക്ഷമമല്ലാത്ത നികുതി ഇളവുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇന്ധന ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥകള്‍ക്ക് കൂടുതല്‍ സുസ്ഥിരമായ വരുമാന സ്രോതസ്സ് സൃഷ്ടിക്കുന്നതിനുമായി യു.എ.ഇ ഉള്‍പ്പെടെ നിരവധി ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉപഭോക്തൃ ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യവര്‍ധിത നികുതി (വാറ്റ്), പുകയില, ഊര്‍ജം, ശീതളപാനീയങ്ങള്‍ എന്നിവയുടെ എക്‌സൈസ് നികുതി എന്നിവക്ക് ശേഷം, യു.എ.ഇ ഈ വര്‍ഷം മുതല്‍ കോര്‍പ്പറേറ്റ് ആദായനികുതി ഒമ്പത് ശതമാനം ഈടാക്കാന്‍ ഒരുങ്ങുകയാണ്. അതേസമയം, ബഹ്‌റൈനും സൗദി അറേബ്യയും മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തി  വരുമാനം ഗണ്യമായി ഉയര്‍ത്തി.
സാമ്പത്തിക സുസ്ഥിരതയുള്ള ഭാവിക്കായി നികുതി നയവും ഭരണവും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ജോര്‍ജീവ പറഞ്ഞു. മേഖലയിലെ പല രാജ്യങ്ങളും തങ്ങളുടെ നികുതി ശേഷി വികസിപ്പിക്കുന്നതില്‍ മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നിട്ടും, ഹൈഡ്രോകാര്‍ബണുമായി ബന്ധപ്പെട്ട വരുമാനം ഒഴികെയുള്ള ശരാശരി നികുതി-ജി.ഡി.പി അനുപാതം ഏകദേശം 11 ശതമാനമായി തുടരുന്നു.  ശേഖരിക്കാന്‍ സാധ്യതയുള്ളതിന്റെ പകുതിയില്‍ താഴെയാണിതെന്ന് ,' നടക്കുന്ന ദുബായില്‍ നടക്കുന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയിലെ അറബ് ഫിസ്‌ക്കല്‍ ഫോറത്തില്‍ സംസാരിക്കവെ ജോര്‍ജീവ പറഞ്ഞു.
മൂന്ന് ദിവസത്തെ ഉച്ചകോടിയില്‍ രാഷ്ട്രത്തലവന്മാര്‍, നേതാക്കള്‍, സാമ്പത്തിക വിദഗ്ധര്‍, ആഗോള സി.ഇ.ഒമാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ട്വിറ്റര്‍, ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌ക്, ജോര്‍ജിയയുടെ പ്രധാനമന്ത്രി ഇറാക്ലി ഗരിബാഷ്‌വിലി, റുവാണ്ടയുടെ പ്രധാനമന്ത്രി എഡ്വാര്‍ഡ് എന്‍ഗിറെന്റെ, കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി എന്നിവര്‍ ഉള്‍പ്പെടുന്നു.

 

Latest News