Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ ഹിസ്റ്റോറിക് വാട്ടര്‍ ഫ്രണ്ട് വികസന പദ്ധതിക്ക് തുടക്കം

ജിദ്ദ-  ഹിസ്റ്റോറിക് ജിദ്ദ വികസനത്തിന്റെ അനുബന്ധമായി പ്രഖ്യാപിച്ച വാട്ടര്‍ ഫ്രണ്ട് പദ്ധതിക്ക് സാംസ്‌കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ തുടക്കം. രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന ഈ ബൃഹത് പദ്ധതി 2021 സെപ്റ്റംബറില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച ഹിസ്റ്റോറിക് ജിദ്ദ പുനരുദ്ധാരണത്തിന്റെ ഭാഗമാണ്.
ചരിത്രപ്രധാനമായ അല്‍ബന്‍ത് തുറമുഖം മുതല്‍ ബലദ് വരെ ഏറ്റവും ആകര്‍ഷക രീതിയില്‍ വാട്ടര്‍ ഫ്രണ്ട് നിര്‍മിക്കുന്ന പദ്ധതിയാണിത്. സാംസ്‌കാരിക, പൈതൃക, പാരിസ്ഥിതിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ബലദിനെ ആഗോള വിനോദ സഞ്ചാര കേന്ദ്രമായി അവതരിപ്പിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണിതെന്ന് സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല വ്യക്തമാക്കി.
മൂന്നു ഘട്ടമായാണ് ഈ വികസന പദ്ധതി നടപ്പാക്കുന്നത്. നഗരവികസനത്തിന്റെ ഫലമായി നികത്തിയ കടല്‍ പ്രദേശം വീണ്ടും കുഴിച്ചെടുക്കുന്നതാണ് ആദ്യഘട്ടം. അല്‍അര്‍ബഈന്‍ തടാകത്തിലെ ജലമലിനീകരണം ഇല്ലാതാക്കുന്നതാണ് രണ്ടാം ഘട്ടം. ആഡംബര നൗകകള്‍, നടപ്പാലം, പാര്‍ക്കുകള്‍, പൊതു സൗകര്യങ്ങള്‍ എന്നിവക്കായി മറീന സ്ഥാപിക്കല്‍ മൂന്നാംഘത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബലദ് പ്രദേശത്തെ ചരിത്ര പ്രധാന കെട്ടിടങ്ങള്‍ അവയുടെ പൈതൃകം നിലനിര്‍ത്തി ആഡംബര ഹോട്ടലുകളാക്കി മാറ്റും. കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തിച്ച് നഗരത്തിന്റെ പൈതൃക ഘടന പുനഃസ്ഥാപിക്കും. 600ലധികം പൈതൃക കെട്ടിടങ്ങളും 36 ചരിത്രപരമായ പള്ളികളും 5 പ്രധാന മാര്‍ക്കറ്റുകളും ഉള്‍ക്കൊള്ളുന്ന ഈപ്രദേശം രാജ്യത്തെ സമാനതകളില്ലാത്ത ചരിത്ര സ്ഥലമായാണ് പരിഗണിക്കപ്പെടുന്നത്. ഒരു കാലത്ത് ഹാജിമാര്‍ സഞ്ചരിച്ചിരുന്ന പ്രധാനപാതയായ വാട്ടര്‍ ഫ്രണ്ട് ഉള്‍പ്പെടെ പുരാതന ഇടനാഴികളും സ്‌ക്വയറുകളും ഇവിടെയുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ ഹജ്ജിന്റെ ചരിത്രം പറഞ്ഞു തരുന്ന അവസ്ഥയില്‍ ഈ നഗരത്തെ സമ്പൂര്‍ണമായി മാറ്റും. ഈ പ്രദേശത്തിന്റെ പൈതൃക സവിശേഷതകള്‍ ഉയര്‍ത്തിക്കാട്ടുന്നതാണ് പദ്ധതി. അഞ്ചു കിലോമീറ്റര്‍ നീളമുള്ള വികസിത വാട്ടര്‍ ഫ്രണ്ടുകള്‍, ബലദിന്റെ മൊത്തം വിസ്തൃതിയുടെ 15 ശതമാനം ഭാഗത്ത് പാര്‍ക്കുകള്‍ എന്നിവയും പദ്ധതിയിലുണ്ട്.

 

Latest News