50 ലിറ്റര്‍ ഇന്ധന ടാങ്കില്‍ 57 ലിറ്റര്‍ 'പെട്രോളടിച്ചു'; ഹൈക്കോടതി ജഡ്ജി പമ്പ് പൂട്ടിച്ചു

ന്യൂദല്‍ഹി- പെട്രോളടിക്കാന്‍ വന്ന ഹൈക്കോടതി ജഡ്ജിയുടെ കാറിലെ ഇന്ധന ടാങ്കിന്റെ കപ്പാസിറ്റി 50 ലിറ്റര്‍. പെട്രോള്‍ പമ്പ് ജീവനക്കാരന്‍ അടിച്ചുകൊടുത്തത് 57 ലിറ്റര്‍. തട്ടിപ്പിന് പിന്നാലെ പെട്രോള്‍ പമ്പ് അടപ്പിച്ച് അധികൃതര്‍. 

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയുടെ കാറിലാണ് ടാങ്കിലെ കപ്പാസിറ്റിയും കവിഞ്ഞ് ഏഴ് ലിറ്റര്‍ അധികം ഇന്ധനം നിറച്ചെന്ന് കാണിത്ത് ബില്ല് നല്‍കിയത്. ജബല്‍പൂരിലെ സിറ്റി ഫ്യുവല്‍സ് എന്ന പമ്പാണ് ലീഗല്‍ മെട്രോളജി വകുപ്പിന്റെ നടപടി നേരിട്ടത്. 

പമ്പിലെത്തുമ്പോള്‍ വാഹനത്തില്‍ കുറച്ച് പെട്രോള്‍ ഉണ്ടായിരുന്നെങ്കിലും ഫുള്‍ ടാങ്ക് അടിക്കാന്‍ ഡ്രൈവര്‍ പറയുകയായിരുന്നു. ടാങ്ക് ഫുള്ളായപ്പോള്‍ 57 ലിറ്ററിന്റെ ബില്ലാണ് കൈമാറിയത്. വാഹനത്തിന്റെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന ജഡ്ജി ബില്ല് കണ്ട് ഞെട്ടി. 50 ലിറ്റര്‍ പെട്രോള്‍ മാത്രം ഉള്‍കൊള്ളാന്‍ കഴിയുന്ന വാഹനത്തില്‍ എങ്ങനെയാണ് 57 ലിറ്റര്‍ പെട്രോള്‍ അടിച്ചതെന്നായിരുന്നു ജഡ്ജിയുടെ സംശയം. ഉടന്‍ തന്നെ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയതോടെ ലീഗല്‍ മെട്രോളജി വകുപ്പ് അന്വേഷണം നടത്തി പമ്പ് അടപ്പിക്കുകയായിരുന്നു. ജബല്‍പൂരിലെ സിറ്റി ആശുപത്രി ഉടമ സരബ്ജീത്ത് സിങ് മോക്കയുടെ ഉടമസ്ഥതയിലുള്ളതാണ് പെട്രോള്‍ പമ്പ്. കൊറോണ കാലത്ത് റാംഡെസിവിര്‍ മരുന്ന് വിവാദവുമായി ബന്ധപ്പെട്ട കേസിലും മോക്ക പ്രതിയാണ്.

Tags

Latest News