ദുബായ് - ഇന്ത്യന്‍ കോടീശ്വരന്‍ ദുബായിലെ തിലാല്‍ അല്‍ ഗാഫ് ഐലന്‍ഡില്‍ വീട് സ്വന്തമാക്കി. 8 മുറി വീടിന് ചെലവിട്ടത് 9.5 കോടി ദിര്‍ഹമാണ്, 213.75 കോടി രൂപ. നിര്‍മാതാക്കളായ മെട്രോപൊലിറ്റന്‍ പ്രീമിയം പ്രോപ്പര്‍ട്ടീസ് വീട്ടുടമസ്ഥന്റെ പേരു വിവരം പുറത്തു വിട്ടിട്ടില്ല.
30,200 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. മൂന്ന് നിലകളിലായി 8 കിടപ്പുമുറികളുണ്ട്. 3 നീന്തല്‍ക്കുളങ്ങള്‍, ഒരു ജിംനേഷ്യം, ഒരു സ്വീകരണ ലോബി, 24 മണിക്കൂറും സെക്യൂരിറ്റി സേവനം, പ്രത്യേക ഗസ്റ്റ് വില്ലകള്‍ എന്നിവ ചേരുന്നതാണ് പാര്‍പ്പിട സമുച്ചയം.
ദുബായില്‍ വസ്തുവകകളില്‍ സ്ഥിരമായി നിക്ഷേപിക്കുന്ന വ്യവസായിക്കു സ്വന്തം ആവശ്യത്തിനായാണ് പുതിയ പാര്‍പ്പിടം വാങ്ങിയിരിക്കുന്നത്. സമാനമായ വീട് പാം ജുമൈറയില്‍ വിറ്റുപോയത് 562 കോടി രൂപക്കാണ്.
ദുബായില്‍ വീട്ടുവാടക കൂടാന്‍ സാധ്യത, പ്രവാസികള്‍ ആശങ്കയില്‍
ദുബായ്- കോവിഡിന് ശേഷം രാജ്യത്തുണ്ടായ സാമ്പത്തിക ഉണര്‍വ് റിയല്‍ എസ്‌റ്റേറ്റ് വിപണിയിലും പ്രതിഫലിക്കുന്നു. എന്നാല്‍ വീട്ടുവാടക വര്‍ധിക്കുമെന്നതാണ് പ്രവാസികളുടെ ആശങ്ക. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഉണര്‍വ് ഈ വര്‍ഷം വാടകയില്‍ പ്രതിഫലിക്കുമെന്ന ദുബായ് ലാന്‍ഡ് വകുപ്പിന്റെ പ്രവചനം ഈ ആശങ്കക്ക് അടിവരയിടുന്നതാണ്.
വാടകയില്‍ 15 മുതല്‍ 20 ശതമാനംവരെ വര്‍ധനയാണ് പ്രവചിക്കപ്പെടുന്നത്. വാടക വര്‍ധിച്ചാല്‍ ആദ്യം ബാധിക്കുന്നതു മലയാളികളെയാണ്. ഇപ്പോഴുള്ളതിനേക്കാള്‍ 10 ശതമാനമെങ്കിലും വര്‍ധിച്ചാല്‍ ദുബായിയുടെ ഹൃദയ ഭൂമിയില്‍നിന്നു മലയാളികള്‍ നഗരത്തിനു പുറത്തുള്ള സ്ഥലങ്ങള്‍ തേടേണ്ടി വരും.
കുടുംബത്തില്‍ രണ്ടു പേര്‍ക്കും ജോലിയുള്ളവര്‍പോലും കുട്ടികളുടെ പഠന ചെലവും വാടകയും നല്‍കി തട്ടിമുട്ടിയാണ് ഓരോ മാസവും തികക്കുന്നത്. മെട്രോ സൗകര്യം, ബസ് സൗകര്യം എന്നിവ കണക്കിലെടുത്താണ് നഗരത്തിനുള്ളില്‍ വാടക നിശ്ചയിച്ചിരിക്കുന്നത്. മെട്രോ, ബസ് സൗകര്യങ്ങളില്ലാത്ത ടൗണ്‍ഷിപ്പുകളില്‍ വാടക കുറയും. അപ്പോള്‍, യാത്രക്കു ടാക്‌സികളോ സ്വന്തം വാഹനങ്ങളെയോ ആശ്രയിക്കേണ്ടി വരുമെന്നതാണ് പ്രശ്‌നം.