ബെൽജിയത്തിന്റെ സുവർണ കാലമായിരുന്നു എൺപതുകൾ മുതൽ രണ്ടായിരം വരെയുള്ള കാലം. 1982 മുതൽ 2002 വരെ തുടർച്ചയായ ആറ് ലോകകപ്പുകളിൽ ബെൽജിയം യോഗ്യത നേടി. ഈ കാലയളവിൽ 1986 ലെ മെക്‌സിക്കൻ ലോകകപ്പിൽ സെമിഫൈനലിൽ പ്രവേശിച്ചു എന്നതൊഴിച്ചാൽ കാര്യമായൊന്നും അവകാശപ്പെടാനില്ല. രണ്ടായിരാമാണ്ടിന് ശേഷം മിഷേൽ സബ്ലോൺ എന്ന ദീർഘവീക്ഷണമുള്ള ഒരു സ്‌പോർട്ടിംഗ് ഡയറക്ടർ നിയമിതനായതോടെ ബെൽജിയം അടിമുടി മാറി. ആസൂത്രണവും ദീർഘവീക്ഷണവും കൈമുതലായുള്ള സാബ്ലോൺ മികച്ച യുവതാരങ്ങളെ കണ്ടെത്തുന്നതിനായി വലിയ ശ്രദ്ധ കൊടുത്തു. പതിയെ അതിന്റെ ഗുണങ്ങൾ ബെൽജിയം ഫുട്‌ബോളിൽ കണ്ടുതുടങ്ങി. കെവിൻ മിറയാസും വിൻസന്റ് കോംപനിയും തോമസ് വെർമയ്‌ലണും മർവാൻ ഫെലയ്‌നിയും യാൻ വെർടോംഗനുമൊക്കെ അണിനിരന്ന ചെമ്പൻ ചെകുത്താന്മാർ ഏതു ടീമിനും പേടിസ്വപ്നമായി മാറി. ബെൽജിയത്തിന്റെ താരങ്ങൾക്ക് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിലേക്കുള്ള അവസരങ്ങളൊരുങ്ങി. മാഞ്ചസ്റ്റർ സിറ്റിയിലും എവർടണിലും ആഴ്‌സണലിലുമൊക്കെ ബെൽജിയത്തിന്റെ താരങ്ങൾക്ക് വലിയ പ്രാധാന്യം ലഭിച്ചു. 2014 ബ്രസീൽ ലോകകപ്പിന് ബെൽജിയം വന്നത് ഒരുപറ്റം യുവ കളിക്കാരുമായാണ് -തിബൊ കോർട്‌വ, ഈഡൻ ഹസാഡ്, റൊമേലു ലുക്കാക്കു, ആക്‌സൽ വിറ്റ്‌സെൽ, കെവിൻ ഡിബ്രൂയ്‌നെ എന്നിവരടങ്ങിയ പൊട്ടിത്തെറിക്കുന്ന യുവനിര ഗ്രൂപ്പ് സ്‌റ്റേജിൽ ദക്ഷിണ കൊറിയ, റഷ്യ, അൾജീരിയ ടീമുകളെ ആധികാരികമായി തോൽപിച്ചു. പ്രീ ക്വാർട്ടറിൽ അമേരിക്കയെ മറികടന്നു. സെമിയിൽ ലിയണൽ മെസ്സിയുടെ അർജന്റീന ഗോൺസാലോ ഹിഗ്വയ്‌ന്റെ ഗോളിൽ ബെൽജിയത്തെ വീഴ്ത്തി. അടുത്ത വർഷം ഫിഫ റാങ്കിംഗിൽ ബെൽജിയം ഒന്നാം സ്ഥാനത്തെത്തി. റോബർട്ടോ മാർടിനേസ് എന്ന സ്പാനിഷ് കോച്ചിന്റെ വരവോടെ ടീം കൂടുതൽ കരുത്താർജിച്ചു. 2016 ലെ യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ദുർബലരായ വെയ്ൽസിനോട് തോറ്റത് ബെൽജിയത്തിന് താങ്ങാവുന്നതിലുപ്പുറമായിരുന്നു. റഷ്യൻ ലോകകപ്പിൽ ഹസാഡും ഡിബ്രൂയ്‌നെയും ലുക്കാക്കുവും ഫെലയ്‌നിയും കോർട്‌വയും വെർടോംഗനുമടങ്ങുന്ന ആ കരുത്തുറ്റ നിര ഗ്രൂപ്പ് ഘട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെയും തുനീഷ്യയെയും പാനമയെയും ആധികാരികമായി കീഴടക്കി. പ്രീക്വാർട്ടറിൽ ഏഷ്യൻ ചാമ്പ്യന്മാരായ ജപ്പാനെതിരെ എഴുപതാം മിനിറ്റ് വരെ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം വെർടോംഗന്റെയും ഫെലയ്‌നിയുടെയും നാസർ ഷാദ്‌ലിയുടെയും ഗോളുകളിൽ ക്വാർട്ടർ ഫൈനലിലേക്ക് കുതിച്ചു. ക്വാർട്ടറിൽ ബ്രസീൽ നേരിയ ആധിപത്യം പുലർത്തിയെങ്കിലും ബെൽജിയത്തിന്റെ മധ്യനിരയും പ്രതിരോധവും കുലുങ്ങിയില്ല. ഫെർണാഡീഞ്ഞോയുടേ സെൽഫ് ഗോളും ഡിബ്രൂയ്‌നെയുടെ ഗോളും ബെൽജിയത്തിന്റെ ലീഡ് വർധിപ്പിച്ചു. 76 ാം മിനിറ്റിൽ റെനറ്റോയിലൂടെ ബ്രസീൽ ഒരു ഗോൾ മടക്കിയെങ്കിലും ചെങ്കുപ്പായക്കാർ പിടിച്ചുനിന്നു. സെമി ഫൈനലിൽ സാമുവൽ ഉംറ്റിറ്റിയുടെ ഒറ്റ ഗോൾ ജയത്തോടെ ഫ്രാൻസ് ഫൈനലിലെത്തി. ലൂസേഴ്‌സ് ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് മൂന്നാം സ്ഥാനത്തോടെയാണ് ബെൽജിയം മടങ്ങിയത്.
ആ ടീമിന് വയസ്സാവുമെന്ന് തിരിച്ചറിയാതെ അവരെ മാത്രം ആശ്രയിച്ച റോബർട്ടോ മാർട്ടിനസിന് പിന്നീട് പിഴച്ചു. കഴിഞ്ഞ യൂറോകപ്പ് മുതൽ അത് പ്രകടമായി. ഖത്തർ ലോകകപ്പിൽ ആദ്യ റൗണ്ട് ദുരന്തം ഏറ്റുവാങ്ങി. ഭാവി വാഗ്ദാനങ്ങളായി കണക്കാക്കുന്ന ചാൾസ് ഡികെറ്റലെയറെയും യാരി വെർഷയ്‌റനെയും പോലുള്ള പ്രതിഭകളിൽ വിശ്വാസമർപ്പിക്കാൻ കോച്ച് തയാറായില്ല. ലോകകപ്പിനിടയിൽ ഡിബ്രൂയ്‌നെ തന്നെ ഇത് വയസ്സൻ പടയാണെന്ന് തുറന്നു പറഞ്ഞു. ആ സുവർണ തലമുറ പടിയിറങ്ങുമ്പോൾ, പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന നേട്ടങ്ങൾ തിരിച്ചുകൊണ്ടുവരാൻ യുവ പോരാളികൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.