പശുവിനെ ഹൈന്ദവ രാഷ്ട്രീയത്തിന്റെ ബിംബങ്ങളിലൊന്നാക്കി മാറ്റാനുള്ള നീക്കങ്ങൾ വളരെ മുമ്പു തന്നെ സംഘപരിവാർ ആരംഭിച്ചിരുന്നു. ബാബ്‌രി മസ്ജിദ് തകർത്തതിലൂടെ ഇന്ത്യയുടെ ആത്മാവിന് ഏറ്റ മുറിവ് സംഘപരിവാറിനെതിരെ ഒരു മതേതര ശക്തിപ്പെടലിന് കാരണമായേക്കാമെന്ന ഭയം അലട്ടിത്തുടങ്ങിയപ്പോൾ മുതൽ ഹൈന്ദവതയുടെ പേരിൽ മനഃപൂർവം ആഘോഷിക്കപ്പെടുന്ന ബിംബങ്ങളെ രാഷ്ട്രീയ വേദിയിലേക്ക് ആനയിക്കുന്നതിനുള്ള നീക്കങ്ങൾ സംഘപരിവാർ നടത്തിയിരുന്നു. അതിൽ ഏറ്റവും വിജയിച്ചുകൊണ്ടിരിക്കുന്ന ആയുധങ്ങളിലൊന്നാണ് പശു.
ഫെബ്രുവരി 14 ലോക പ്രണയദിനമാണ്. അത്തരമൊരു ദിനം ആഘോഷിക്കുന്നതിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്. ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് പുരുഷൻമാർ യുദ്ധത്തിൽ പങ്കെടുക്കാതെ വിവാഹ ജീവിതം നയിച്ചിരുന്നുവത്രെ. ഇതിൽ ക്ഷുഭിതനായ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. എന്നാൽ ബിഷപ്പ് വാലന്റൈൻ പരസ്പരം പ്രണയിക്കുന്നവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുത്തു. ഇതറിഞ്ഞ ചക്രവർത്തി വാലന്റൈനെ ജയിലിലടക്കുകയായിരുന്നു. ജയിലിൽ വാലന്റൈൻ ജയിലറുടെ അന്ധയായ മകളെ പ്രേമിച്ചു. ഇതറിഞ്ഞ ചക്രവർത്തി വാലന്റൈനിന്റെ തല വെട്ടാനായി കൊണ്ടുപോകുമ്പോൾ ആ പെൺകുട്ടിക്ക് 'ഫ്രം യുവർ വാലന്റൈൻ' എന്ന പേരിൽ ഒരു കത്തെഴുതി. അതിന് ശേഷമാണ് ബിഷപ്പ് വാലന്റൈന്റെ ഓർമക്കായി ഫെബ്രുവരി 14 ലോകമെങ്ങും 'വാലന്റൈൻസ് ഡേ' അഥവാ പ്രണയദിനം ആഘോഷിക്കുന്നത്.
ഇതുവരെ പറഞ്ഞത് പ്രണയ ദിനത്തിന്റെ ചരിത്രം. എന്നാൽ ആ ചരിത്രമൊന്ന് മാറ്റിയെഴുതാൻ ശ്രമിക്കുകയാണ് ഇന്ത്യയിലെ സംഘിപുത്രൻമാർ. ലോക പ്രണയ ദിനത്തിൽ പ്രണയിനികൾക്ക് പകരം പശുക്കളെ കെട്ടിപ്പിടിക്കാനാണ് ഭരണകൂടം ആഹ്വാനം ചെയ്തിരിക്കുന്നത്. അന്ന് വാലന്റൈൻസ് ദിനത്തിന് പകരം പശുവിനെ കെട്ടിപ്പിടിക്കൽ ദിനമായി ആചരിക്കാനാണ് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്. സർക്കുലർ ഇറങ്ങിയപ്പോൾ തൊട്ട് സോഷ്യൽ മീഡിയകളിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി ഉൾപ്പെടെയുള്ള സംഘപരിവാർ നേതാക്കൾക്കുമെതിരെ പരിഹാസങ്ങളും ട്രോളുകളും നിറയുകയാണ്. വിമർശനം കടുത്തതോടെ ഈ ഉത്തരവ് ഇന്നലെ പിൻവലിച്ചു. എന്നാൽ കേവലമൊരു വിഡ്ഢിത്തമായും തമാശയായുമൊക്കെ കണ്ട് വിട്ടുകളയേണ്ട കാര്യമല്ലിത്. ഏതെങ്കിലും ഒരാളുടെ ബുദ്ധിയിൽ ഉദിച്ച കാര്യവുമല്ലിത്. വളരെ ആസൂത്രിതമായ നീക്കങ്ങളാണ് ഇതിന് പിന്നിലുള്ളത്.
സർക്കുലർ പിൻവലിച്ചതുകൊണ്ട് മാത്രം തീരുന്ന പ്രശ്‌നമല്ലിത്. സംഘപരിവാർ രാജ്യത്ത് ഉയർത്തിക്കൊണ്ടുവരാൻ പോകുന്ന അതിവിനാശകരമായ ഒരു രാഷ്ട്രീയത്തിന്റെ അടിസ്ഥാന ശിലയാണത്. പശുവിനെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതീകമായി ഉയർത്തിക്കൊണ്ടുവരുന്നതിന്് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് വേഗം കൂടിയെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. അതായത് പശു പാൽ തരുന്നതിനപ്പുറം ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ മൃഗമായി ഉയർത്തപ്പെട്ടു കഴിഞ്ഞു. ഹൈന്ദവ രാഷ്ട്രീയത്തെ അതിന്റെ തീവ്രതയിലേക്ക് കൊണ്ടുപോകുന്നതിന് ഗോമാതാവിനെ വലയം വെച്ചുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് കഴിയുമെന്ന് സംഘപരിവാർ നേതൃത്വം നേരത്തെ തന്നെ മനസ്സിലാക്കിക്കഴിഞ്ഞു. ഹിന്ദു ബിംബങ്ങളെയല്ലാം ഒരുമിച്ച് കൊണ്ടുവന്ന് ഹിന്ദു രാഷ്ട്രത്തിലേക്കുള്ള വഴികൾ എളുപ്പമാക്കിത്തീർക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഹൈന്ദവാചാരങ്ങളെ ശക്തിപ്പെടുത്തുക മാത്രമല്ല, മറ്റു മതങ്ങളുടെ സംസ്‌കാരത്തെയും ജീവിത രീതികളെയും ആകെ മാറ്റിമറിച്ചുകൊണ്ട് പൂർണമായും ഹൈന്ദവത അടിച്ചേൽപിക്കാൻ ഇതിലൂടെ കഴിയും.
ഇന്ത്യയെ പൂർണമായും ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയെന്നത് ആർ.എസ്.എസിന്റെയും മറ്റു സംഘപരിവാർ സംഘടനകളുടെയും വളരെ വിദൂരമായ സ്വപ്‌നമൊന്നുമല്ല. ലക്ഷ്യത്തിലേക്കുള്ള പടികൾ അവർ ഓരോന്നായി വേഗത്തിൽ കയറിക്കൊണ്ടിരിക്കുകയാണ്. പശുവിനെ ഹൈന്ദവ രാഷ്ട്രീയത്തിന്റെ ബിംബങ്ങളിലൊന്നാക്കി മാറ്റാനുള്ള നീക്കങ്ങൾ വളരെ മുമ്പ് തന്നെ സംഘപരിവാർ ആരംഭിച്ചിരുന്നു. ബാബ്‌രി മസ്ജിദ് തകർത്തതിലൂടെ ഇന്ത്യയുടെ ആത്മാവിന് ഏറ്റ മുറിവ് സംഘപരിവാറിനെതിരെ ഒരു മതേതര ശക്തിപ്പെടലിന് കാരണമായേക്കാമെന്ന ഭയം അലട്ടിത്തുടങ്ങിയപ്പോൾ മുതൽ ഹൈന്ദവതയുടെ പേരിൽ മനഃപൂർവം ആഘോഷിക്കപ്പെടുന്ന ബിംബങ്ങളെ രാഷ്ട്രീയ വേദിയിലേക്ക് ആനയിക്കുന്നതിനുള്ള നീക്കങ്ങൾ സംഘപരിവാർ നടത്തിയിരുന്നു. അതിൽ ഏറ്റവും വിജയിച്ചുകൊണ്ടിരിക്കുന്ന ആയുധങ്ങളിലൊന്നാണ് പശു. പാൽ തരുന്ന കേവലമൊരു വളർത്തു മൃഗത്തിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് പശുവിനെ ഉയർത്തിക്കൊണ്ടു വരുമ്പോൾ ഹൈന്ദവ രാഷ്ട്രീയത്തിന് കിട്ടുന്ന വിപണി വളരെ വലുതാണ്.
സംഘപരിവാർ ഇന്ത്യയിൽ പശു രാഷ്ട്രീയത്തെ വളർത്തിക്കൊണ്ടു വരുന്നതിൽ ആസൂത്രിതമായ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കാണാം. ഏറ്റവും നിഷ്പക്ഷമായിരിക്കേണ്ട നീതിപീഠങ്ങളെപ്പോലും അതിനായി ഉപയോഗിച്ചു. ന്യായവാദങ്ങളെ ഇഴകീറി പരിശോധിക്കേണ്ട ന്യായാധിപൻമാർ ഗോസ്തുതികളുടെ വക്താക്കളായി മാറി. കേസുകൾ പഠിച്ച് വിധി പറയുന്നതിന് പകരം പശുക്കളുടെ മഹത്വത്തെക്കുറിച്ചും ഹൈന്ദവ വിശ്വാസത്തിൽ പശുവിനുള്ള പ്രാധാന്യത്തെക്കുറിച്ചും പശുവിനെ മാതാവായി കാണേണ്ടതിനെക്കുറിച്ചുമെല്ലാം ആർ.എസ്.എസ് ഉയർത്തുന്ന അതേ വാദഗതികൾ തന്നെയാണ് രാജ്യത്തെ പല കോടതി മുറികളിലും ജഡ്ജിമാരിൽ നിന്ന് മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുന്നത്.
മുപ്പത്തി മുക്കോടി ഹിന്ദു ദൈവങ്ങൾ വസിക്കുന്നത് പശുവിനുള്ളിലാണെന്നാണ് രാജസ്ഥാനിലെ ഒരു ജഡ്ജി കോടതി മുറിയിൽ പറഞ്ഞത്. ഓക്‌സിജൻ ശ്വസിക്കുകയും പുറത്ത് വിടുകയും ചെയ്യുന്ന ഏക ജീവിയാണ് പശു. ഗോമാതാവിന്റെ കൊമ്പുകൾക്കിടയിൽ കോസ്മിക് എനർജിയുണ്ട്. പശു സ്വയം ഒരു ആശുപത്രിയാണ്. ഗോമൂത്രത്തിൽ ഗംഗാനദിയുണ്ട്. ചാണകം റേഡിയോ ആക്ടീവ് വികിരണങ്ങളിൽനിന്നും നമ്മെ രക്ഷിക്കും എന്നിങ്ങനെ നീളുന്നു ഈ ജഡ്ജിയുടെ വാക്കുകൾ. ഇതിനോട് സമാനമായ നിരവധി വാക്കുകൾ രാജ്യത്തിന്റെ പല ഭാഗത്തും കോടതി മുറികളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. നിഷ്പക്ഷമെന്ന് നമ്മൾ കരുതിപ്പോരുന്ന എല്ലാ വ്യവസ്ഥാപിത മാർഗങ്ങളെയും സംഘപരിവാർ ഈ രീതിയിൽ ഉപയോഗിക്കുന്നുവെന്നതിന്റെ ഒടുവിലത്തെ തെളിവാണ് വാലന്റൈൻസ് ദിനാചരണം പശുവിനെ കെട്ടിപ്പിടിക്കുന്നതിനുള്ള ദിനമായി ആചരിക്കാനുള്ള കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ പിൻവലിക്കപ്പെട്ട ആഹ്വാനം. കേവലമൊരു തമാശയായി മാത്രം ഈ സർക്കുലറിനെ കാണേണ്ടതില്ല. ഇത്തരം നിർദേശങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയുമാണ് സംഘപരിവാർ ഹൈന്ദവതയെ വെറുപ്പിന്റെ രാഷ്ട്രീയമായി വളർത്തിയെടുത്തത്.
പശുവിനെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞ ഒരു സർക്കുലറിലൂടെ എങ്ങനെയാണ് സർക്കാർ ജനങ്ങളുടെ ചിന്ത ശേഷിയെ ആകെ മാറ്റിമറിച്ചതെന്ന് നേക്കുക. അതുവരെ വലിയ രാഷ്ട്രീയ വിഷയങ്ങളായി ഉയർന്നു നിന്നിരുന്ന ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിയും ബി.ജെ.പി നേതൃത്വത്തിന്റെ ഉറ്റ തോഴനായ അദാനിയുടെ തകർച്ചയുമെല്ലാം പശുവിന് പിന്നിൽ പോയ്മറഞ്ഞു. അവിടെയാണ് പശു രാഷ്ട്രീയത്തിന്റെ പ്രസക്തി.
പശു രാഷ്ട്രീയം ഉയർത്തിക്കൊണ്ടു വരുന്നതിന്റെ പിന്നിലെ കൃത്യമായ ലക്ഷ്യം മുസ്‌ലിം - ദളിത് - ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെയുള്ള വിദ്വേഷം വർഗീയമായി ചിന്തിക്കുന്ന ഹൈന്ദവർക്കിടയിൽ കൂടുതൽ ശക്തിപ്പെടുത്തുകയെന്നതാണ്.
മറ്റു മതസ്ഥരുടെ ഭക്ഷണ സ്വാതന്ത്ര്യത്തെയടക്കം തടസ്സപ്പെടുത്തുകയും അതുവഴി സൃഷ്ടിക്കപ്പെടാവുന്ന അസ്വാരസ്യങ്ങളെ മുതലെടുക്കുകയും ചെയ്യുകയെന്ന തന്ത്രം തന്നെയാണ് ഇതിന് പിന്നിൽ. അല്ലാതെ സംഘപരിവാർ ഇപ്പോൾ പറയുന്ന രീതിയിലുള്ള അതിമഹത്വമൊന്നും പഴയ കാലത്തെ വേദങ്ങളിലും പുരാണങ്ങളിലുമൊന്നും പശുവിന് കൽപിച്ചിട്ടില്ല. പശു കുടുംബത്തിന്റെ വരുമാന മാർഗവും അതിനപ്പുറം പോഷക ഗുണമുള്ള പാൽ തരുന്ന മൃഗമെന്ന നിലയിലുമുള്ള പ്രാധാന്യവും മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.
വേദകാല ഘട്ടത്തിൽ മൃഗബലി വ്യാപകമായിരുന്നെന്നും പശുവിന്റെ മാംസമടക്കം ഭക്ഷിച്ചിരുന്നതായും ചരിത്രം പറയുന്നു. അഥർവ വേദത്തിലും കൗശിക സൂത്രത്തിലും പശു ഉൾപ്പെടെയുള്ള കന്നുകാലികളെ യാഗത്തിനായി ഉപയോഗിച്ചിരുന്നതായി പറയുന്നുണ്ട്. ചരക സംഹിതയടക്കമുള്ള ചികിത്സ വിധികളിലും ഗോമാംസം ഉൾപ്പെട്ടിട്ടുള്ളതായി വ്യക്തമാകുന്നുണ്ട്.
പ്രാചീന ഇന്ത്യയിലെ ഗോമാംസ ഉപയോഗത്തെപ്പറ്റി എച്.ഡി സംഘാലിയ എഴുതിയ 'കൗ ഇൻ ഇന്ത്യൻ ഹിസ്റ്ററി' എന്ന പുസ്തകത്തിൽ തെളിവുകൾ സഹിതം സൂചിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം തെളിയിക്കുന്നത് പശു നിത്യജീവിതത്തിന്റെയും ഭക്ഷണക്രമത്തിന്റെയുമെല്ലാം ഭാഗമായിരുന്നെന്നാണ്. അതിനെയെല്ലാം മറച്ചുവെച്ചുകൊണ്ടാണ് സംഘപരിവാർ പശുവിനെ മാതാവായും ദൈവമായും കണ്ട് ആരാധിക്കണമെന്ന് പറയുന്നത്.






