ദമാം മലയാളി ഡോക്ടേഴ്സ് കൂട്ടായ്മയുടെ കർമ-2023 ശ്രദ്ധേയമായി

പ്രമുഖ സിനിമാ പിന്നണി ഗായകൻ വിധു പ്രതാപ് ദമാം മലയാളി ഡോക്ടേഴ്സ് അസോസിയേഷന്റെ കർമ-2023 ഉദ്ഘാടനം ചെയ്യുന്നു.


ദമാം- ദമാമിലെ മലയാളി ഡോക്ടർമാരുടെ സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തായി ദമാം മലയാളി ഡോക്ടേഴ്സ് അസോസിയേഷൻ കർമ-2023 പരിപാടി സംഘടിപ്പിച്ചു. പ്രമുഖ സിനിമാ പിന്നണി ഗായകൻ വിധു പ്രതാപ് ഉദ്ഘാടനം ചെയ്തു.
മാനവികതയുടെ വെളിച്ചം പ്രവാസ സമൂഹത്തിൽ പ്രകാശിപ്പിച്ച് ആർദ്രതയും സ്നേഹവും വാരി വിതറിയ ദമാമിലെ മലയാളി ഡോക്ടർമാരുടെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനം ഏറെ അഭിമാനകരമാണെന്ന് വിധു പ്രതാപ്  അഭിപ്രായപ്പെട്ടു. 
രോഗികളുടെയും അവരുടെ ചികിത്സയുടെയും ലോകത്ത് നിന്നും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ദുഃഖത്തിൽ അവരോടൊപ്പം ചേർന്ന് കൈത്താങ്ങാവാനുള്ള പ്രവാസ ലോകത്തെ ഈ ചുവടുവെപ്പ് ലോകത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ പ്രവിശ്യയിലെ ദമാം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി ഡോക്ടർമാരുടെ സംഘടനയായ മലയാളി ഡോക്ടേഴ്സ് അസോസിയേഷന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചു  സംഘടിപ്പിച്ച കർമ-2023 പരിപാടിയിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ദമാം ക്രിസ്റ്റൽ ഹാളിൽ സംഘടിപ്പിച്ച  പ്രൗഢഗംഭീരമായ വേദിയിൽ മലയാളി ഡോക്ടേഴ്സ് അസോസിയേഷന്റെ അഞ്ചാം വാർഷികം ഔപചാരികമായ ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായകൻ വിധു പ്രതാപ്, ഗായികയും അവതാരകയുമായ ജീനു നസീർ, ഡോ.നിഷ, ഡോ.രഞ്ജിത്ത്, ഡോ.സാംജിത് എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തിക്കൊണ്ടാണ് നിർവഹിച്ചത്. 
കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്‌ക്കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്ത സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡന്റ് ഡോ.പ്രിൻസ് മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ.ഹാഷിഖ് കളത്തിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അതിഥികളായ വിധു പ്രതാപിനെയും ജീനു നസീറിനെയും ഡോ.മജീദ് കവരോടിയും ഡോ.ബിജു വർഗീസും ഡോ.ബിന്ദു വിൻസെന്റും മെമന്റോ നൽകി ആദരിച്ചു. 
ഇക്കഴിഞ്ഞ നീറ്റ്, ജെ.ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഫിസ ഫാത്തിമ മലയിൽ, ലാസിം ശഹദ്, ലിഷ്‌ന കല്ലിങ്ങൽ അക്ബർ, റാസിൻ മുസമ്മിൽ എന്നിവരെ വിധു പ്രാതാപ്, ജീനു നസീർ എന്നിവർ മെമന്റോ നൽകി ആദരിച്ചു. ഡോ.ഇസ്മായിൽ രയരോത്ത് സ്വാഗതവും ഡോ.ഉസ്മാൻ മലയിൽ നന്ദിയും പറഞ്ഞു.  
ഗായകൻ വിധു പ്രാതാപും കിഴക്കൻ പ്രവിശ്യയിലെ കലാകാരന്മാരും കലാകാരികളും ചേർന്ന് അവതരിപ്പിച്ച കലാവിരുന്ന് വേറിട്ട അനുഭവമായി. ജീനു നസീർ, മീനു അനൂപ്, ദിവ്യ നവീൻ, സജീർ, നിരഞ്ജൻ എന്നീ ഗായകർ മനോഹര ഗാനങ്ങൾ ആലപിച്ചു. 
വരലക്ഷ്മി നൃത്താലയ, ദേവിക, കലാക്ഷേത്ര, ദി കമ്പനി എന്നീ നൃത്ത വിദ്യാലയങ്ങളിലെ ഗുരുക്കന്മാരും വിദ്യാർഥികളും ചേർന്ന് അവതരിപ്പിച്ച നൃത്തങ്ങൾ കർമ-2023  ന്റെ വേദിയുടെ മാറ്റുകൂട്ടി. ഡോ.പ്രീതി, ഡോ.പ്രിൻസ് മാത്യു, മോജിത് മോഹൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഡോ.റാമിയ, ഡോ.അജി വർഗീസ് എന്നിവർ അവതാരകരായിരുന്നു.
 

Tags

Latest News