ഏത് പ്രായം വരെ പഠിക്കാം? ഭൂരിപക്ഷം ആളുകളും ഇരുപത്തി അഞ്ചോ മുപ്പതോ വയസ്സാവുമ്പോൾ ഓപചാരിക പഠനം പാടെ നിർത്തുന്നവരാണ്.
തീർച്ചയായും ഒരു വ്യക്തി പ്രായമാകുമ്പോൾ ശാരീരികമായി ദുർബലമാവുകയും പ്രായമായതിന്റെ ആഘാതം അവരിൽ സകല തലത്തിലും അനുഭവപ്പെടുകയും ചെയ്യും.
പ്രായമേറുമ്പോൾ പല കാര്യങ്ങളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നത് അവരെ കൂടുതൽ സമ്മർദത്തിലാക്കുകയും വ്യക്തിഗത വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരികയും ചെയ്യുക സ്വാഭാവികമാണ്. ജീവിതത്തിന്റെ സങ്കീർണതകളാൽ ചുറ്റപ്പെട്ട്, ഭാവിയെക്കുറിച്ചും വളർച്ച സാധ്യതകളെക്കുറിച്ചും ചിന്തിക്കാൻ പലപ്പോഴും അവർക്ക് സമയം കുറവാണ്.
എന്നാൽ ഇതൊക്കെയാണെങ്കിലും ആരെയും വിസ്മയിപ്പിക്കുന്ന വിധം ഔപചാരിക വിദ്യാഭ്യാസം പോലും
ഒരു തപസ്യയായി കണ്ട് സ്വയം നവീകരിച്ച് സദാ ഉന്മേഷവാന്മാരായി തുടരുന്നവരും ഇല്ലാതല്ല.
പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ മൈസൂരിലെ റീജണൽ ഇൻസ്റ്റിറ്റിയൂട്ടിൽ ഒരു ഡിപ്‌ളോമ കോഴ്‌സിന് ചേർന്ന് പഠിക്കാൻ അവസരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോഴ്‌സ് ഇൻഡക്ഷൻ പ്രോഗ്രാമിൽ വെച്ചാണ് അത്തരത്തിൽ ചിലരെ ഞാൻ അടുത്തിടെ കണ്ടുമുട്ടിയത്. അതിൽ എന്നെ ഏറെ ആകർഷിച്ച പഠിതാവാണ് ഡോ. സുബ്രഹ്മണ്യം ചല്ല. ഹൈദരാബാദുകാരനായ ഇദ്ദേഹം എട്ട് വിഷയങ്ങളിൽ മാസ്റ്റേഴ്‌സ് ബിരുദങ്ങളും കൂടാതെ എൽ.എൽബിയും കരസ്ഥമാക്കിയിട്ടുണ്ട്.
ഈ അറുപത്തി ആറ് വയസ്സുകാരനായ ബഹുമുഖ പ്രതിഭ ഇതിനകം തെലുങ്ക് ഭാഷയിൽ അമ്പത്തിരണ്ടോളം നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുറ്റാന്വേഷണ പത്രപ്രവർത്തനത്തിൽ ആരംഭിച്ച അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന കരിയറിൽ ഇപ്പോൾ അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കൗൺസലിംഗ് സൈക്കോ തെറാപ്പിയിലാണ്.
സരസനും സംസാര പ്രിയനുമായ ചല്ല സാറുടെ അനുഭവങ്ങൾ ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ സംഭവ ബഹുലമാണ്.
കാബറെ നർത്തികമാരുടെ ജീവിതത്തെ കുറിച്ച് ആഴത്തിൽ പഠിച്ച് രചിച്ച നോവൽ രചനാനുഭവം അതീവ ത്രില്ലിംഗ് ആയിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.
സിനിമ രംഗത്തും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ഡോ. ചല്ല അഭിനയ ചക്രവർത്തിയായ ദിലീപ് കുമാറിന്റെ അഭിനയ ജീവിതത്തിൽ ഷൂട്ടിംഗിനിടയിൽ ഡയലോഗ് സംബന്ധമായ ഒരു പ്രതിസന്ധി ഉയർന്നു വന്ന നിർണായക ഘട്ടത്തിൽ സ്‌ക്രിപ്റ്റിൽ ക്രിയാത്മകമായി ഇടപെട്ട് മഹാ നടന്റെ പ്രശംസ പിടിച്ചുപറ്റിയത് അദ്ദേഹത്തെ ഇന്നും കോൾമയിർ കൊള്ളിക്കുന്ന അനുഭവമാണ്.
ദിലീപ് കുമാറിന്റെ മുഗൾ എ അസം എന്ന സിനിമ നൂറിലധികം തവണ കണ്ടിട്ടുണ്ടെന്ന് പറയുമ്പോൾ ഡോ.ചല്ലയുടെ മുഖം ആവേശഭരിതമായി തുടുക്കുന്നത് കാണാമായിരുന്നു.
ഇന്റർനാഷനൽ ലോയിൽ പ്രാഗൽഭ്യം തെളിയിച്ച ഡോ. ചല്ല അന്താരാഷ്ട്ര തലത്തിൽ നിരവധി സെമിനാറുകളിലും ശിൽപശാലകളിലും തന്റെ പ്രതിഭ അടയാളപ്പെടുത്തിയിട്ടുണ്ട്. പതിനെട്ടോളം രാജ്യങ്ങൾ സന്ദർശിച്ച ഇദ്ദേഹം ഓസ്‌ട്രേലിയയിൽ ദനസര എന്ന ഇന്ത്യൻ വംശജ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പരിചയപ്പെട്ട ഡോ.മിച്ചൽ അദ്ദേഹത്തെ ഓസ്‌ട്രേലിയൻ ഫാമിലി കോർട്ടിലേക്കു് ക്ഷണിച്ചു. ജർമൻ, ബ്രിട്ടീഷ്, ഓസ്‌ട്രേലിയ പശ്ചാത്തലത്തിലുള്ള മൂന്ന് കുടുംബങ്ങളിലെ പ്രതിസന്ധികൾക്ക് അവിടെ വെച്ച് പരിഹാരം കണ്ടെത്താൻ ഒരു ലോയറെന്ന നിലയിൽ സഹായിച്ചത് മുതൽ ലോകമെമ്പാടുമുള്ള പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ ഓൺലൈൻ, ഓഫ് ലൈൻ സേവനങ്ങൾ തേടിയെത്താറുണ്ട്.
മനുഷ്യ ബന്ധങ്ങളെ മുഖ്യ പ്രമേയമായി മാത്രം നോവൽ രചിക്കുന്ന ചല്ലയുടെ മുപ്പത്തി ഒൻപതോളം നോവലുകൾ കന്നടയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ചെറുപ്പക്കാരെ വെല്ലുന്ന പ്രസരിപ്പും ആർജവവും കൈമുതലായുള്ള ഡോ. ചല്ല നിത്യേന പതിനൊന്ന് കിലോമീറ്റർ സൈക്കിൾ സവാരി നടത്തുന്നയാളാണ്. പുതുതലമുറയോട് അദ്ദേഹം പറഞ്ഞു കൊണ്ടിരിക്കുന്ന സന്ദേശം അതിനാൽ തന്നെ ഏറെ ശ്രദ്ധേയവും പ്രചോദനാത്മകവുമാണ്.
നിങ്ങൾക്ക് നിരുപദ്രവകരമായ തരത്തിൽ അറിവും ആരോഗ്യവും ആനന്ദവും പ്രശസ്തിയും പ്രദാനം ചെയ്യുന്ന ഒരു കാര്യവും ഒരു കാരണവശാലും മറ്റൊരു സമയത്തേക്ക് നീട്ടിവെക്കരുത് എന്നതാണത്.






