മലയാളം ന്യൂസ് പ്രസാധകരായ എസ്.ആർ.എം.ജിയുടെ സി.ഇ.ഒയാണ് ജുമാന
റിയാദ് - ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച, മധ്യപൗരസ്ത്യദേശത്തെ ഏറ്റവും ശക്തരായ 100 ബിസിനസ് വനിതകളുടെ പട്ടികയിൽ സൗദി റിസേർച്ച് ആന്റ് മീഡിയ ഗ്രൂപ്പ് സി.ഇ.ഒ ജുമാനാ അൽറാശിദും. 2020 ഒക്‌ടോബറിൽ ആണ് ജുമാനാ അൽറാശിദ് സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത എസ്.ആർ.എം.ജി സി.ഇ.ഒ പദവിയിൽ നിയമിതയായത്. തൊട്ടടുത്ത വർഷം ഗ്രൂപ്പിന്റെ പേര് സൗദി റിസേർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പിൽ നിന്ന് സൗദി റിസേർച്ച് ആന്റ് മീഡിയ ഗ്രൂപ്പ് എന്നാക്കി മാറ്റി.
അർഖാം ഇൻവെസ്റ്റ്‌മെന്റ് കമ്പനി ഡയറക്ടർ ബോർഡ് അംഗം, റെഡ്‌സീ ഫിലിം ഫെസ്റ്റിവൽ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ, തമാനിയ പബ്ലിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷൻ കമ്പനി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും ജുമാനാ അൽറാശിദ് പ്രവർത്തിക്കുന്നു. നേരത്തെ ലണ്ടനിൽ സൗദി അംബാസഡറുടെ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലണ്ടൻ സൗദി എംബസിയിൽ മീഡിയ വിഭാഗം മേധാവിയായിരുന്നു. ഇതിനു ശേഷമാണ് സൗദി റിസേർച്ച് ആന്റ് മീഡിയ ഗ്രൂപ്പിൽ ചേർന്നത്.
കഴിഞ്ഞ വർഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് എസ്.ആർ.എം.ജിയുടെ വരുമാനം 27.6 ശതമാനം തോതിൽ വർധിച്ച് 71.9 കോടി ഡോളറായി. 2021 ആദ്യത്തെ ഒമ്പതു മാസക്കാലത്ത് കമ്പനി വരുമാനം 56.3 കോടി ഡോളറായിരുന്നു. പതിനൊന്നു രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പിനു കീഴിൽ 25 വെബ്‌സൈറ്റുകളും 30 ട്രേഡ്മാർക്കുകളുമുണ്ട്. ബിസിനസ് വലിപ്പം, തൊട്ടു മുൻ വർഷം കൈവരിച്ച നേട്ടങ്ങളും ചെലുത്തിയ സ്വാധീനങ്ങളും, സുസ്ഥിര പദ്ധതികൾ, സാമൂഹിക പ്രതിബദ്ധത എന്നിവ അടക്കമുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഫോബ്‌സ് മാസിക മധ്യപൗരസ്ത്യദേശത്തെ ഏറ്റവും ശക്തരായ 100 ബിസിനസ് വനിതകളെ തെരഞ്ഞെടുക്കുന്നത്.
പട്ടികയിൽ 25-ാം സ്ഥാനത്താണ് ജുമാനാ അൽറാശിദ്. പട്ടികയിൽ മൂന്നാം സ്ഥാനത്ത് സൗദി ബ്രിട്ടീഷ് ബാങ്ക് (സാബ്) ഡയറക്ടർ ബോർഡ് ചെയർമാനും അൽഉലയ്യാൻ ഫിനാൻഷ്യൽ കമ്പനി സി.ഇ.ഒയും ഡെപ്യൂട്ടി ചെയർമാനുമായ ലുബ്‌ന അൽഉലയ്യാനാണ്. 2004 ൽ ലുബ്‌ന അൽഉലയ്യാൻ സാബ് ഡയറക്ടർ ബോർഡ് അംഗമായി മാറിയിരുന്നു. സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഒരു കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമാകുന്ന ആദ്യ സൗദി വനിതയാണ് ലുബ്‌ന അൽഉലയ്യാൻ. സൗദി ഷെയർമാർക്കറ്റ് (തദാവുൽ) ഗ്രൂപ്പ് ചെയർമാനും 20 വർഷത്തിലേറെ കാലം ധന സേവന മേഖലയിൽ പരിചയസമ്പത്തുമുള്ള സാറ അൽസുഹൈമി പട്ടികയിൽ ഏഴാം സ്ഥാനത്താണ്.






