Sorry, you need to enable JavaScript to visit this website.

എല്ലാം ശരിയാണെങ്കില്‍ ബി.ജെ.പിയും കേന്ദ്രവും മറുപടി പറയണം, എന്തുകൊണ്ട് ലക്ഷങ്ങള്‍ ഇന്ത്യ വിടുന്നു

മുംബൈ-രാജ്യത്ത് എല്ലാം ശരിയാണെന്ന് അവകാശപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്രയധികം പൗരന്മാര്‍ പൗരത്വം ഉപേക്ഷിക്കുന്നതെന്ന കാര്യം വിശദീകരിക്കണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു.
ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് ലോകമെമ്പാടുമുള്ള 135 രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരുടെ എണ്ണം വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് എന്‍സിപി വക്താവ് ക്ലൈഡ് ക്രാസ്‌റ്റോയുടെ  പ്രതികരണം.
ഇന്ത്യയില്‍ എല്ലാം നന്നായി നടക്കുന്നുണ്ടെങ്കില്‍  പിന്നെ എന്തുകൊണ്ടാണ് ആളുകള്‍ അവരുടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നതെന്ന്  ക്രാസ്‌റ്റോ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.  
വ്യാഴാഴ്ച രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി ജയശങ്കര്‍ എന്നെന്നേക്കുമായി രാജ്യം വിട്ടുപോയ ഇന്ത്യക്കാരുടെ കണക്ക് വര്‍ഷാടിസ്ഥാനത്തില്‍ വെളിപ്പെടുത്തിയിരുന്നു.
2011 മുതല്‍ 16 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ തങ്ങളുടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായാണ് മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. അതില്‍ 2022 ല്‍ മാത്രം 225,620 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. പ്രതിദിനം ശരാശരി 618 പേരാണ് പൗരത്വം ഉപേക്ഷിക്കുന്നത്.  അല്‍ബേനിയ മുതല്‍ യുഎസ്, യുകെ, വത്തിക്കാന്‍, സിംബാബ്‌വെ തുടങ്ങി 135 രാജ്യങ്ങളുടെ പൗരത്വമാണ് ഇവര്‍ കരസ്ഥമാക്കിയത്.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പും ശേഷവുമുള്ള ഡാറ്റയും മന്ത്രി ജയശങ്കര്‍ നല്‍കിയിട്ടുണ്ട്.
2021ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നുവെന്ന് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ച് ക്രാസ്‌റ്റോ ചൂണ്ടിക്കാട്ടി.
2014ന് മുമ്പും ശേഷവും, അസംസ്‌കൃത എണ്ണ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൊഴിലില്ലായ്മ, പണപ്പെരുപ്പം, ജിഡിപി, ഇന്ധന വില എന്നിവയെക്കുറിച്ചുള്ള ഡാറ്റയും സര്‍ക്കാര്‍  വെളിപ്പെടുത്തണമെന്ന് ബി.ജെ.പിയെ കടന്നാക്രമിച്ചുകൊണ്ട്  ക്രാസ്‌റ്റോ ആവശ്യപ്പെട്ടു.
2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം മാത്രമാണ് രാജ്യം പുരോഗമിച്ചതെന്നും അഭിവൃദ്ധി പ്രാപിച്ചതെന്നും അവകാശപ്പെടാനാണ്  ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിരന്തരം ശ്രമിക്കുന്നത്.
ബി.ജെ.പിയുടെ പ്രഖ്യാപനങ്ങള്‍ യഥാര്‍ത്ഥമാണെങ്കില്‍ പൗരന്മാര്‍ രാജ്യം വിടുന്ന പ്രവണത മാറേണ്ടിയിരുന്നുവെന്ന് എന്‍സിപി നേതാവ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News