ദുബായ്-രണ്ട് കുട്ടികള്‍ ദുബായ് കനാലിലേക്ക് ചാടിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ യു.എ.ഇ പൗരന്മാരായ മൂന്ന് കുട്ടികളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ദുബായ് കനാല്‍ പാലത്തില്‍നിന്ന് വെള്ളത്തിലേക്ക് ചാടുന്ന വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയാണ് ഇവരെ പിടികൂടിയത്. കൗമാരക്കാര്‍ പാലത്തില്‍നിന്ന് ചാടുമ്പോള്‍ അത് ക്യാമറയില്‍ പകര്‍ത്തിയവര്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു.
വിഡിയോ സ്ഥിരീകരിച്ച ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാരി കൗമാരക്കാരെ കസ്റ്റിഡിയിലെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.
വേഷത്തില്‍നിന്നും ഭാഷയില്‍നിന്നും ഇമാറത്തികളാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇവരെ കണ്ടെത്താന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്ന് ബര്‍ദുബായ് പോലീസ് സ്‌റ്റേഷന്‍ ഡയരക്ടര്‍ അബ്ദുല്ല ഖാദിം ബിന്‍ സുറൂര്‍ പറഞ്ഞു. ഇവര്‍ ചെയ്തത് വലിയ കുറ്റമല്ലെങ്കിലും സ്വന്തം ജീവന്‍ തന്നെ അപകടത്തിലാക്കുന്ന നടപടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മേലില്‍ ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പു നല്‍കിയ ശേഷമാണ് കൗമാരക്കാരെ വിട്ടയച്ചത്.
ഈ സംഭവത്തില്‍ കൂട്ടുകാര്‍ പ്രോത്സാഹിപ്പിച്ചാണ് കൗമാരക്കാരെ വെള്ളത്തിലേക്ക് ചാടിച്ചതെന്നും കുട്ടികളില്‍ മാത്രമല്ല, അവരുടെ കൂട്ടുകാരിലും കണ്ണുവേണമെന്നും അബ്ദുല്ല ഖാദിം ബിന്‍ സുറൂര്‍ പറഞ്ഞു.






