റിയാദ് - വിദേശ തൊഴിലാളികളുടെ തൊഴിൽ പരിജ്ഞാനവും നൈപുണ്യങ്ങളും ഉറപ്പു വരുത്താൻ ലക്ഷ്യമിട്ടുള്ള പ്രൊഫഷനൽ വെരിഫിക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായ യോഗ്യത ടെസ്റ്റ് ബംഗ്ലാദേശിൽ ആരംഭിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പുതിയ വിസകളിൽ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നവർക്ക് സ്വദേശങ്ങളിൽ വെച്ച് യോഗ്യത ടെസ്റ്റ് നടത്തുന്ന പദ്ധതി അടുത്തിടെ പാക്കിസ്ഥാനിലും ഇന്ത്യയിലും നിലവിൽ വന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് പദ്ധതി ബംഗ്ലാദേശിലേക്കും വ്യാപിപ്പിച്ചത്.
പ്ലംബർ, ഇലക്ട്രിഷ്യൻ, കാർ ഇലക്ട്രിഷ്യൻ, വെൽഡർ, കൂളിംഗ് ആന്റ് എയർ കണ്ടീഷനിംഗ് ടെക്നിഷ്യൻ എന്നീ അഞ്ചു സ്പെഷ്യലൈസേഷനുകളിൽ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നവർക്കാണ് തുടക്കത്തിൽ സ്വദേശങ്ങളിൽ വെച്ച് യോഗ്യത ടെസ്റ്റ് നടത്തുന്നത്. ആകെ 23 സ്പെഷ്യലൈസേഷനുകളിൽ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നവർക്ക് സ്വദേശങ്ങളിൽ വെച്ച് യോഗ്യത ടെസ്റ്റ് ബാധകമാക്കാനാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്. അഞ്ചു പ്രൊഫഷനുകളിൽ ബംഗ്ലാദേശിൽ നിന്ന് സൗദിയിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യുന്നവർക്ക് വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥകളിൽ യോഗ്യത ടെസ്റ്റ് സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.
സൗദിയിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ പരിജ്ഞാനവും നൈപുണ്യങ്ങളും ഉറപ്പു വരുത്തുന്ന യോഗ്യത ടെസ്റ്റ് പ്രോഗ്രാമിന്റെ നാലാം ഘട്ടം നിലവിൽവന്നിട്ടുണ്ട്. ആറു മുതൽ 49 വരെ ജീവനക്കാരുള്ള എ വിഭാഗം ചെറുകിട സ്ഥാപനങ്ങൾക്കാണ് നാലാം ഘട്ടത്തിൽ പ്രൊഫഷനൽ ടെസ്റ്റ് പ്രോഗ്രാം നിർബന്ധമാക്കിയത്. മൂവായിരവും അതിൽ കൂടുതലും ജീവനക്കാരുള്ള വൻകിട കമ്പനികളിലെ തൊഴിലാളികൾക്കാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നിർബന്ധമാക്കിയത്. 500 മുതൽ 2999 വരെ ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾക്ക് രണ്ടാം ഘട്ടത്തിലും 50 മുതൽ 499 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങൾക്ക് മൂന്നാം ഘട്ടത്തിലും പ്രൊഫഷനൽ വെരിഫിക്കേഷൻ പ്രോഗ്രാം നിർബന്ധമാക്കി.
എട്ടു സ്പെഷ്യാലിറ്റികൾക്കു കീഴിൽ വരുന്ന 205 തൊഴിലുകൾ ഇതിനകം പ്രൊഫഷനൽ വെരിഫിക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി മാറിയിട്ടുണ്ട്. സൗദിയിൽ 23 തൊഴിൽ കുടുംബങ്ങളിൽ പെടുന്ന 1099 തൊഴിലുകൾ നിർവഹിക്കുന്നവർക്ക് തൊഴിൽ യോഗ്യത ടെസ്റ്റ് നിർബന്ധമാക്കാനാണ് തീരുമാനം. ഇക്കൂട്ടത്തിൽപെട്ട മുഴുവൻ തൊഴിലുകൾക്കും യോഗ്യത ടെസ്റ്റ് നിർബന്ധമാക്കുന്ന അവസാന ഘട്ടം വൈകാതെ നടപ്പാക്കിത്തുടങ്ങാനാണ് നീക്കം.
പ്രൊഫഷനൽ തൊഴിലാളികൾക്ക് അവർ നിർവഹിക്കുന്ന തൊഴിലുകളിൽ ആവശ്യമായ പരിജ്ഞാനവും നൈപുണ്യങ്ങളും ഉണ്ടെന്നും മതിയായ യോഗ്യതകളുള്ള പ്രൊഫഷനൽ തൊഴിലാളികളെ മാത്രമാണ് സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്നും ഉറപ്പു വരുത്താനും തൊഴിൽ പരിജ്ഞാനവും ആവശ്യമായ നൈപുണ്യങ്ങളുമില്ലാത്തവരെ പ്രാദേശിക തൊഴിൽ വിപണിയിൽ നിന്ന് പുറത്താക്കാനും സൗദി തൊഴിൽ വിപണിയിൽ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനും തൊഴിലാളികളുടെ ശേഷികൾ പരിപോഷിപ്പിക്കാനും പ്രൊഫഷനൽ വെരിഫിക്കേഷൻ പ്രോഗ്രാമിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നു.
പ്രോഗ്രാമിന്റെ ഭാഗമായി തങ്ങളുടെ സ്പെഷ്യലൈസേഷൻ മേഖലയിൽ വിദേശ തൊഴിലാളികൾക്ക് ആവശ്യമായ നൈപുണ്യങ്ങൾ സ്വായത്തമാണെന്ന് ഉറപ്പു വരുത്താൻ തിയറി, പ്രാക്ടിക്കൽ പരീക്ഷകളാണ് നടത്തുന്നത്. സൗദിയിലുള്ള തൊഴിലാളികൾക്ക് പുതിയ വർക്ക് പെർമിറ്റ് ലഭിക്കാനും വർക്ക് പെർമിറ്റ് പുതുക്കാനും യോഗ്യത പരീക്ഷ പാസാകൽ നിർബന്ധമാണ്. യോഗ്യത ടെസ്റ്റിൽ പരാജയപ്പെട്ടതിനാൽ ആയിരക്കണക്കിന് വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകളും ഇഖാമകളും പുതുക്കുന്നത് കഴിഞ്ഞ മാസങ്ങളിൽ വിലക്കിയിരുന്നു. യോഗ്യത ടെസ്റ്റ് സർട്ടിഫിക്കറ്റ് കാലാവധി അഞ്ചു വർഷമാണ്.






