മക്ക - അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലുമുള്ള ഹജ് തീർഥാടകർക്ക് 'നുസുക് ഹജ്' പ്ലാറ്റ്ഫോം വഴി എളുപ്പത്തിൽ ഹജ് വിസ അനുവദിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി ഹജ് തീർഥാടകരുടെ സൗദിയിലേക്കുള്ള വരവ് എളുപ്പമാക്കാനും അവർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും സൗദി ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്.
ഓസ്ട്രേലിയയും അമേരിക്കയിലെയും യൂറോപ്പിലെയും രാജ്യങ്ങളും അടക്കം 58 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. ഇവർക്ക് 'നുസുക് ഹജ്' പ്ലാറ്റ്ഫോം വഴി എളുപ്പത്തിൽ ഹജിന് രജിസ്റ്റർ ചെയ്യാനും ബുക്ക് ചെയ്യാനും താമസം, ഭക്ഷണം, ഗതാഗതം അടക്കമുള്ള സേവനങ്ങൾ അടങ്ങിയ പാക്കേജുകൾ തെരഞ്ഞെടുക്കാനും ഇതനുസരിച്ച് ഓൺലൈൻ വഴി പണമടയ്ക്കാനും സാധിക്കും.
ആദ്യ ഘട്ടത്തിൽ 'നുസുക് ഹജ്' പ്ലാറ്റ്ഫോം വഴി ഹജ് രജിസ്ട്രേഷൻ സേവനം ലഭിക്കുന്ന രാജ്യങ്ങൾ അറിയാനും പ്ലാറ്റ്ഫോമിൽ സൗകര്യമുണ്ട്. ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന സേവനങ്ങൾ, ആവശ്യമായ വിവരങ്ങൾ എന്നിവയും പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
ഏഴു ഭാഷകളെ സപ്പോർട്ട് ചെയ്യുന്ന പ്ലാറ്റ്ഫോം വഴി ആദ്യ ഘട്ടത്തിൽ തീർഥാടകർ സ്വന്തം പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്ത് പ്രൊഫൈൽ തയാറാക്കുകയാണ് വേണ്ടത്. രണ്ടാം ഘട്ടത്തിൽ സേവന പാക്കേജിൽ ബുക്ക് ചെയ്യുകയും വെരിഫിക്കേഷൻ നടത്താൻ ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്യുകയുമാണ് വേണ്ടത്. സേവന പാക്കേജ് അനുസരിച്ച പണം ക്രെഡിറ്റ് കാർഡുകളോ ബാങ്ക് ട്രാൻസ്ഫറോ, ഹജ് തീർഥാടകരുടെ രാജ്യങ്ങളിലുള്ള സർവീസ് സെന്ററുകൾ മുഖേന സദ്ദാദ് സേവനം വഴിയോ അടയ്ക്കണം.
തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്താനും ആത്മീയ യാത്രാനുഭവം മെച്ചപ്പെടുത്താനും സമ്പന്നമാക്കാനും സമാധാനത്തോടെയും അനായാസത്തോടെയും ഹജ് കർമങ്ങൾ നിർവഹിക്കുന്നതിന് അവസരമൊരുക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് ഹജ് തീർഥാടകരുടെ രജിസ്ട്രേഷന് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഫ്രാൻസ്, ജർമനി, അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, ബ്രസീൽ, സ്പെയിൻ, കാനഡ, നെതർലാന്റ്സ്, ബെൽജിയം, സ്വീഡൻ, ഓസ്ട്രിയ, ഓസ്ട്രേലിയ, ബൾഗേറിയ, അർജന്റീന, ഗ്രീസ്, ജോർജിയ, സ്വിറ്റ്സർലാന്റ്, സൈപ്രസ്, ഡെന്മാർക്ക്, വെനിസ്വേല, ഉക്രൈൻ, നോർവേ, ട്രിനിഡാഡ് ആന്റ് ടൊബാഗൊ, ഫിൻലാന്റ്, കൊളംബിയ, ഗയാന, സുരിനാം, അയർലാന്റ്, റുമാനിയ, ക്രൊയേഷ്യ, ന്യൂസിലാന്റ്, സെർബിയ, പോർച്ചുഗൽ, പോളണ്ട്, റിയൂനിയൻ, ഹംഗറി, പനാമ, ചെക്ക് റിപ്പബ്ലിക്, ലക്സംബർഗ്, പരാഗ്വെ, മെക്സിക്കോ, ചിലി, ഉറുഗ്വെ, മാൾട്ട, ഹെയ്ത്തി, പെറു, ഡൊമിനിക്കൻ, ക്യൂബ, ഗ്വാട്ടിമാല, എൽസാൽവഡോർ, ജമൈക്ക, കോസ്റ്റാറിക്ക, നിക്കരാഗ്വെ, ഐസ്ലാന്റ്, ഇക്വഡോർ, ബൊളീവിയ, ഗ്രീൻലാന്റ് എന്നീ രാജ്യങ്ങളിലുള്ളവർക്ക് പുതിയ സേവനം പ്രയോജനപ്പെടുമെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. ഇക്കൂട്ടത്തിൽ 30 രാജ്യങ്ങളിൽ യൂറോപ്പിലും 14 രാജ്യങ്ങൾ ഉത്തര അമേരിക്കയിലും 12 രാജ്യങ്ങൾ ദക്ഷിണ അമേരിക്കയിലുമാണ്. ന്യൂസിലാന്റും ഓസ്ട്രേലിയയുമാണ് ഇവക്ക് പുറത്തുള്ളത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






