പെരുംമഴയാണ്. കടലിലേക്ക് നോക്കാനാകില്ല. ആർത്തലച്ചു വരുന്ന തിര. വീട്ടിൽനിന്ന് അഞ്ചോ ആറോ മീറ്റർ ദൂരമേയുള്ളൂ കടലിലേക്ക്. കടലിൽ ചെറുതോണിയുമായി പോകുന്നത് ഉപ്പയാണ്. പെരുമഴക്കാലത്ത് കടൽ ആരെയും അടുപ്പിക്കില്ല. കലിതുള്ളിയങ്ങനെ നിൽക്കും. കടലിന്റെ പിണക്കം കുടിലുകളിൽ പട്ടിണി തീർക്കും. തിരയും നോക്കി അങ്ങനെ നിൽക്കും. കടലിനറിയില്ലല്ലോ വയറിന്റെ വിശപ്പ്. രാവിലെ എല്ലാ കുട്ടികളുടെയും കൂടെ സ്കൂളിലേക്ക് പോകും. വിശപ്പു കാരണം ക്ലാസിൽ ഇരിക്കാനാകില്ല. പട്ടിണി തിരയടിച്ച് വയറു കാളും. സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങും. കുറച്ചുദൂരം മുന്നോട്ടു പോയാൽ മുജീബിന്റെ വഴി സ്കൂളിലേക്കുള്ളതിൽനിന്ന് മറ്റൊരിടത്തേക്ക് മാറും. അത് കടൽക്കരയിലെ തോണിയിലേക്കാകും. പുസ്തകം തോണിയിൽ പൂഴ്ത്തിവെക്കും. നേരെ കടലിലേക്കിറങ്ങും. വൈകുന്നേരം വരെ കടലിൽ കുളിക്കും. കടലിൽ മുങ്ങിയാൽ പള്ളയിലെ വിശപ്പറിയില്ലെന്ന് മുജീബ്.
മഞ്ഞ ഉപ്പുമാവുള്ള ദിവസം സ്കൂളിലേക്ക് പോകും. സ്കൂളിൽ ഭക്ഷണമുണ്ടാക്കുന്നയാളെ കിണറിൽനിന്ന് വെള്ളം കോരി സഹായിക്കും. സഹായത്തിന് പകരമായി കൂടുതൽ ഉപ്പുമാവു കിട്ടും. ആ ഉപ്പുമാവ് വീട്ടിൽ എല്ലാവരുമായും പങ്കിടും. അതിനിടയിൽ ഒരു ദിവസം കുട്ടികൾക്കൊപ്പം ബസിന് കല്ലെറിഞ്ഞു. പൊട്ടിത്തെറിപ്പിന്റെ കാലമല്ലേ. ഉപ്പയെയും ഉമ്മയെയും കൊണ്ടുവരാൻ പറഞ്ഞു. അതോടെ എന്നെന്നേക്കുമായി സ്കൂൾ പഠനം അവസാനിപ്പിച്ചു.

കടപ്പുറത്തിരുന്ന് റേഡിയോയുടെ പാട്ടു കേട്ടിട്ടുണ്ടോ. തിരയൊച്ചയിൽ പതിയെ പതിയെ വരുന്ന പാട്ട്. കടലും തിരയും കാറ്റുമെല്ലാം ചേർന്നുവെച്ച പാട്ട്. ആ പാട്ടുകേട്ടാണ് മുജീബ് റഹ്മാനും പാട്ടുപാടാൻ തുടങ്ങിയത്. രണ്ടത്താണി ഹംസയുടെയും എ.വി. മുഹമ്മദിന്റെയുമെല്ലാം ആരാധകനായിരുന്നു മുജീബിന്റെ ഉപ്പ കെ.വി. ഹംസ. ഉപ്പയും അത്യാവശ്യം നന്നായി പാടുമായിരുന്നു. ആ പാട്ട് കേട്ടാണ് മുജീബും പാടിത്തുടങ്ങിയത്. ഉപ്പയുടെ വഴി തന്നെയായിരുന്നു മുജീബും ജീവിക്കാനായി തെരഞ്ഞെടുത്തത്-മീൻപിടിത്തം. കടലിനോട് മല്ലിടുക എന്നത് വെറുംവാക്കായിരുന്നില്ല മുജീബിന്. ജീവിതത്തെ എത്തിപ്പിടിക്കാനുള്ള പോരാട്ടമായിരുന്നു.
സൗദിയിലെ പ്രമുഖ ചാരിറ്റി ഗ്രൂപ്പായ ബഖാല കൂട്ടായ്മയാണ് മുജീബ് റഹ്മാനെ സൗദിയിലേക്ക് കൊണ്ടുവന്നത്. ഏറെ നാളത്തെ തന്റെ ആഗ്രഹമായിരുന്നു സൗദിയിലേക്കുള്ള വരവ് എന്ന് മുജീബ് പറയുന്നു. ഹറം കണ്ടതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നായി മുജീബ് കരുതുന്നത്.

ചില നേരങ്ങളിൽ തോണിക്ക് പിന്നിൽ കൂറ്റൻ മലയോളം ഉയരത്തിൽ തിരവരും. തോണി വൻ കയറ്റത്തിൽനിന്ന് താഴേക്ക് ഊർന്നിറങ്ങും. പിറകിൽനിന്ന് തിരയടിക്കും. മുന്നിൽ നിന്ന് തിര തിരിച്ചിറങ്ങും. ഏത് നിമിഷവും എന്തും സംഭവിക്കാം. മരണത്തിനും ജീവിതത്തിനും ഇടയിൽ ബാക്കിയാകുന്ന ആ ചെറുനിമിഷങ്ങളിലും ചുണ്ടിൽനിന്നൊരു പാട്ടുണ്ടാകുമെന്ന് മുജീബ് പറയുന്നു. ദൈവം കാത്തുവെച്ചതെല്ലാം സംഭവിക്കും. അതുകൊണ്ട് ആ നേരത്തും ഇഷ്ടമുള്ള പാട്ടു ഓർത്തുകൊണ്ടിരിക്കും. എത്രയോ വട്ടം ഇത്തരത്തിലുള്ള അനുഭവങ്ങളിലൂടെ മുജീബ് സഞ്ചരിച്ചിട്ടുണ്ട്.
കല്ലായ്പാലത്തിന്റെ പാട്ടുകാരൻ എന്നാണ് മുജീബ് അറിയപ്പെടുന്നത്. കല്ലായിപാലം പൊന്നാക്കി തന്നാലും പെണ്ണേ നിന്നെ മറക്കില്ല ഞാൻ...എന്ന പാട്ട് ലക്ഷക്കണക്കിന് ആരാധകരെയാണ് സൃഷ്ടിച്ചത്. എന്നാൽ ആ പാട്ടിനോളം ഹൃദയം തൊടുന്ന മറ്റൊരു പാട്ടുണ്ട്. അത് ഉമ്മയെ പറ്റിയുള്ളതാണ്.
ആഴം ബഹറോളം ത്യാഗം സഹിച്ചോരുമ്മ
അടങ്ങാത്ത ഇഷ്കതാണ് എന്നും നിങ്ങളോടുമ്മ
ആ പാദത്തിന് ചുവട്ടിലാണ് സ്വർഗം പൊന്നുമ്മ...
ഉമ്മ ആയിഷാബിയുടെ വേർപാടിന്റെ ആറാം മാസത്തിലാണ് ഈ പാട്ട് മുജീബിനെ തേടിയെത്തുന്നത്. ഈ പാട്ട് ഏത് കാലത്തു പാടുമ്പോഴും മുജീബിന്റെ തൊണ്ടയിടറും. ശബ്ദത്തിന്റെ അരികിലൂടെ നേർത്ത സങ്കടം അരിച്ചിറങ്ങും.

നിരവധി പേർക്ക് ഗുരുവായ രാഗം റസാഖ് ഭായ് ആണ് മുജീബിനെയും പാട്ടിന്റെ കാര്യത്തിൽ പ്രചോദിപ്പിക്കുന്നത്. ആ പ്രചോദനമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരുടെ സ്നേഹപരിചരണം മുജീബിനെ തേടിയെത്താൻ കാരണവും. ആ തേടിയെത്തലിൽ മുജീബിന്റെ ഓർമയിൽ എന്നും തെളിഞ്ഞുനിൽക്കുന്നത് സ്വന്തം സ്കൂളായ എം.എം.എച്ചിലേക്കുള്ള ക്ഷണമാണ്. നാലാം ക്ലാസിൽ പഠനം നിർത്തിയ അതേ മുജീബ് വീണ്ടും അതേ സ്കൂളിൽ. ഇപ്പോഴും കാര്യമായി വായിക്കാനും എഴുതാനും മുജീബിന് അറിയില്ല. വായിക്കാൻ അറിയാത്തതിന്റെ പേരിൽ ചില സ്ഥലങ്ങളിൽനിന്ന് തിരിച്ചു പോകേണ്ടി വന്ന അതേ മുജീബിനെ സ്കൂളിലേക്ക് ആനയിച്ചുകൊണ്ടുവന്നു. കണ്ണുകൾ നിറഞ്ഞൊഴുകി. താൻ സഞ്ചരിച്ച മുഴുവൻ കാലങ്ങളും അനുഭവങ്ങളും ആ കണ്ണീരിലുണ്ടായിരുന്നു. ഭാര്യ മൈമൂനയെയും മക്കളായ സഫ റഹ്മാനും മിർസ റഹ്മാനും അടങ്ങുന്നതാണ് മുജീബിന്റെ കുടുംബം.






